3.27.2018

പെണ്‍ചിന്തകള്‍

സ്ത്രീ പക്ഷത്തും സ്ത്രീ വിരുദ്ധപക്ഷത്തും 
ഒപ്പത്തിനൊപ്പം സ്ത്രീകളുണ്ട് എന്നത് തന്നെയാണ് 
സന്തോഷവും സങ്കടവും .
_
കാണുമ്പോള്‍ കെട്ടിപ്പിടിക്കാനും 
കാണാമറയത്ത് ആകുമ്പോള്‍
തലകീഴായി കെട്ടിത്തൂക്കാനും
ഒട്ടും മടിയില്ലാത്തവര്‍ തന്നെയാണ് പെണ്ണുങ്ങള്‍ .
__
അമ്മയില്‍ നിന്നും തുടങ്ങി
സ്വയം അമ്മായിയമ്മയുടെ റോളില്‍ എത്തുമ്പോഴും
വിഷംപുരട്ടി പരസ്പരം ഊട്ടുന്നതിനും
മടിക്കാത്തവര്‍ തന്നെ സ്ത്രീകള്‍ .
__
ജീവിതത്തില്‍ പലരെയും കണ്ണീരു കുടിപ്പിക്കാനും
മറ്റുള്ളവരുടെ ജീവിതം കണ്ടും പറഞ്ഞും
കണ്ണീരോഴുക്കുവാനും മിടുക്കുള്ളവര്‍ .
__
പെണ്‍ സ്വാതന്ത്ര്യത്തിനെതിരെ
വടിയൊടിക്കുന്നതും ഓങ്ങുന്നതും
അടിക്കുവാന്‍ പിടിച്ചു കൊടുക്കുന്നതും
അതെ പെണ്‍വര്‍ഗ്ഗജീവികള്‍ തന്നെ മുന്നില്‍ .
__
സര്‍വ്വം സഹയായ കുറെ സാധുക്കള്‍ക്കിടയില്‍ സര്‍വ്വസംഹാരിണിയായും അവളുണ്ട് .
__
പുരുഷന്‍ പലപ്പോഴും
മുന്നില്‍ നിന്നു കുത്താനായുമ്പോള്‍
സ്ത്രീ പിന്നില്‍ നിന്നും ആഞ്ഞോടിയെത്തി
പലവട്ടം മുറിവേല്‍പ്പിച്ചിരിക്കും .
__
ശാന്തമായ് ചേര്‍ത്ത് തലോടുന്നവരേക്കാള്‍
അശാന്തിക്ക് വളമിട്ടു വഷളാക്കുന്നവരാണ്
സ്ത്രീകളില്‍ അധികവും.
__
കൈ പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോഴും
അസൂയയും അസഹിഷ്ണുതകളും
കൊണ്ട് മിക്കസ്ത്രീകളും അസ്വസ്ഥരായിരിക്കും.
__
അവള്‍ ഉള്ളത് കൊണ്ട് ഓണം വരുത്തും
മറ്റുള്ളവര്‍ക്ക് വിളമ്പിക്കൊടുത്ത്
ഇല്ലാത്തതുകൊണ്ട് വയര്‍ നിറയ്ക്കും .
__
ഒരുകുഞ്ഞു തീപ്പൊരി ഊതിപ്പടര്‍ത്തി
സ്വയം വേവും മറ്റുള്ളവരെയും പൊള്ളിക്കും .
ഭൂമിയോളം താഴും
ആകാശത്തോളം പ്രതികാരം ചെയ്യും .
__
ചുരുക്കത്തില്‍
വെളിച്ചവും അവള്‍ തന്നെ
ഇരുട്ടും അവളുടെ സൃഷ്ടിതന്നെ
അമ്മയും ദേവിയും അവള്‍തന്നെ
അസ്ത്രവും വിഷവും അവള്‍ തന്നെ .
മൃദുലമായ പൂവും
മെരുക്കമില്ലാത്ത മുള്ളും അവള്‍തന്നെ .
അങ്ങിനെയങ്ങിനെ ഒരേ നാണയത്തിന്‍റെ
ഇരുപുറം പോലെ തന്നെ അവളും.
___
പെണ്ണിന് ശത്രു പലപ്പോഴും പെണ്ണുതന്നെ എന്ന്
കുറെ പെണ്ണുങ്ങള്‍ സമ്മതിക്കാതിരിക്കില്ല 
അടച്ചാക്ഷേപം ഒന്നിനോടും ഇല്ല എങ്കിലും
പറയാന്‍ ഏറെ ബാക്കിയുണ്ട് പെണ്‍വിരുദ്ധത .
കണ്ടതും അറിഞ്ഞതും എന്നില്‍ ഉള്ളതും എല്ലാമിതിലുണ്ട് 

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "