ചെരുപ്പുകള്‍ അഴിച്ചു വക്കുമ്പോള്‍ നാം
നമ്മുടെ പാദങ്ങളെക്കുറിച്ച്
കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നു.
വാക്കുകള്‍ അഴിച്ചു വിടുമ്പോഴും
അതിനേക്കാള്‍ കരുതലോടെ നാം
നമ്മെ സൂക്ഷിക്കേണ്ടിയിരിക്കുന്നു .
******************************
പൊള്ളയാണ് സന്തോഷങ്ങള്‍
സങ്കടങ്ങളും അങ്ങിനെത്തന്നെ
ജീവിതത്തില്‍ ആരോ ഒരാള്‍
വന്നുപോകുന്ന പോലെ
രഹസ്യമായോ പരസ്യമായോ
നാം ഇരുപുറം തുളവീണവരാകുന്നു.
*******************************
മരണത്തിലേയ്ക്ക് പറക്കമുറ്റും വരെ ചേക്കേറാന്‍
കാലം നമുക്കൊരു ചില്ല നീട്ടിയിരിക്കുന്നു ,
നമുക്ക് ചുറ്റും
ഒരോര്‍മ്മയിലേക്ക് ചേക്കേറുന്ന ചിലര്‍
ഓര്‍മ്മകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന ചിലര്‍
ഓരോ ഓര്‍മ്മകളുടെ നാരുകൊത്തിപ്പറക്കുന്നവര്‍ പലര്‍ .
**********************************
കവിയാകുക എന്നാല്‍
അവനവനെ പണയം വയ്ക്കുക എന്നും
അവനവനെ ധൂര്‍ത്തടിക്കുക എന്നും കൂടിയാണ്
അവനവന്‍ ലഹരിയുടെ
മറ്റൊരു പേരുകൂടിയാകുന്നു കവിത .
*********************************
കവിതയ്ക്ക് പല്ലും നഖവുമില്ല
അത് അമീബയെപ്പോലെ തന്നെ
ഏകകോശ ജീവിയും
പലയാകൃതികളില്‍ തന്നെത്തന്നെ
പെരുക്കികൊണ്ടിരിക്കുകയും
ചെയ്യുന്ന
ഒന്നുമാണ് .
ഒരേ ആകൃതിയില്‍ നിലനില്ക്കുന്ന ഒന്നല്ല
കവിത .
പോട്ടം വിത്ത് ഓര്‍മ്മയിലേക്ക് കൊഴിഞ്ഞു പോയ പൂക്കള്‍
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "