Labels

11.12.2017

ഹൈക്കു



ഓര്‍മ്മകള്‍ എഴുതി 
പാതിയാകുമ്പോള്‍ 
ഓടിന്‍ മുകളില്‍ 
വെയില്‍  കനക്കുന്നു 
********************************
രാത്രിയുടെ കറുപ്പിലെയ്ക്ക് 
മഴ ചിതറുന്നു 
നിശാഗന്ധികള്‍ നനഞ്ഞ ഗന്ധം 
*********************************
വിതയ്ക്കുന്നവന്‍ പാട്ടുപാടുന്നു 
അവനുമീതെ 
ഇണക്കൊറ്റികള്‍  പറക്കുന്നു 
************************
എത്ര ശാന്തം 
ശിശുവിന്‍ പുഞ്ചിരി
ഈ  രാത്രിയില്‍
ഹാ ! രണ്ടു  നിലാവ് 

************************
പൂക്കള്‍ക്ക് 
കുഞ്ഞുങ്ങളില്ല രാജാവുമില്ല 
മനുഷ്യനെപ്പോലെയല്ല 
പൂക്കള്‍ മാത്രമാണ് അവ .

**************************
വഴി മുറിച്ചു കടക്കുമ്പോള്‍ 
കറുത്ത പൂച്ചക്കുഞ്ഞുങ്ങൾക്കാണ്
മനുഷ്യരേക്കാള്‍ തിടുക്കം 

**************************
മഴത്തുള്ളികള്‍ക്കുമീതെ 
അറ്റ് വീഴുന്നു 
മാന്തളിരും പുളിയുറുമ്പുകളും   
**********************
വിഗ്രഹത്തിനു  മുന്നില്‍ 
പൂക്കള്‍  നിറഞ്ഞിരിക്കുന്നു 
ഒറ്റച്ചിറകുമായൊരു തേനീച്ചയുടെ 
പ്രാണവേദനയും 

****************************
വേനല്‍ ഉച്ചയില്‍ 
വിശക്കുന്നൊരു ഭിക്ഷക്കാരനും 
കിതയ്ക്കുന്നൊരു  നായും മാത്രം 

***********************
ജാലകം ഉറക്കെ  
അടച്ചും  തുറന്നും വൃശ്ചികക്കാറ്റ് 
ഉച്ചയുറക്കം മുറിയുന്നു 

************************
ചപ്പുകള്‍ക്ക് തീയിടുമ്പോള്‍ 
വേലിക്കപ്പുറം
വിരുന്നുകാരന്റെ ചിരിച്ച മുഖം 

************************
ചിരാതുകള്‍  അണഞ്ഞുപോയി 
ബാക്കിയായി 
ബുദ്ധനും നിലാവും 

********************************
തെളിഞ്ഞ ആകാശത്തിനു കീഴെ  
കൊയ്തൊഴിഞ്ഞ വയല്‍  
വിതച്ചിട്ടപോലെ പനന്തത്തകള്‍ 

****************************
കുഞ്ഞു കൈകള്‍ നീട്ടുമ്പോള്‍  
അതില്‍ , വെള്ളാരം  കല്ലുകള്‍ 
ഇന്നലെ  വിടര്‍ന്ന രണ്ടു പൂക്കളും 

*****************************
മഴ  തോര്‍ന്നിട്ടും 
ഇലകളില്‍ ബാക്കിയായി അതിന്റെ  
ആശ്ചര്യചിഹ്നങ്ങള്‍ 

**************************
ബുദ്ധനെപ്പാതിയും കാണാതാകുന്നു 
വസന്തത്തിലെ 
വെളുത്തപൂക്കള്‍ കൊണ്ട് 

*******************************
യുദ്ധം കഴിയുമ്പോള്‍ 
ജീവനുള്ളവര്‍ മരിച്ചവരാകുന്നു 
കുറച്ച് അനാഥരും 

***************************
പൂക്കള്‍ നിറഞ്ഞു  നില്‍ക്കുന്നു 
പിന്നെ  കൊഴിഞ്ഞു പോകുന്നു 
മരങ്ങളെ എന്നല്ല,  
ഗുരുക്കള്‍ എന്നുതന്നെ  വിളിക്കണം .
**************************
വിരുന്നിനു പോകുമ്പോള്‍ 
വിലയില്ലാത്ത  കുപ്പായമിട്ട്   
വിലയുള്ള വീഞ്ഞ് കുടിക്കുന്നു ഞാന്‍  

**************************
ആള്കൂട്ടത്തിനിടയില്‍ 
ഏകനായൊരുവന്‍ ,
മരിച്ചുപോയവന്‍ !

**********************
പാദുകമില്ലാതെ  നടക്കുമ്പോള്‍ 
അരുമയോന്നുമില്ലാതെ തൊട്ടുനോക്കുന്നു 
ഇടവഴി .

*******************************
അഗ്നി 
തെളിച്ചം തരികയും 
കരിച്ചു കളയുകയും  ചെയ്യുന്ന 
ദൈവം 

****************************
മധുരക്കിഴങ്ങുകള്‍ വില്ക്കുന്നൊരാള്‍
നോക്കൂ ,വീടില്ലാത്തവന്‍ ,
മധുരം വിളമ്പുന്നു പുഞ്ചിരിക്കുന്നു .

********************************
ശലഭങ്ങള്‍  നൃത്തം  ചെയ്യുന്നതിനു മേലെ   
ചെറുകുരുവി കൂട്തുന്നുന്ന ചെറുചില്ല 
വസന്തമതിന്റെ  കവാടം പാതി  തുറന്നിരിക്കുന്നു .
***********************
അച്ഛനും ഓര്‍മ്മയും 
ഒരേ  വെയിലില്‍ 
വിയര്‍ക്കുന്ന രണ്ടുപേര്‍ മാത്രമിന്ന് 
***************

മഞ്ഞുകാലം 
ബുദ്ധക്ഷേത്രം ചുമന്നു  നില്ക്കുന്നു  
ഒരു  കുന്നിന്‍  ഏകാന്തത 
**************************

മാറ്റിമാറ്റി ചുട്ടെടുക്കുകയാണ് 
വാക്കുകളെ  
അല്ല നമ്മളെത്തന്നെ !

*************************
ഇരുട്ടും  വെളിച്ചവും  
അവനവനിലാണ് 
നാം കണ്ണ്  തുറക്കുകയും  
അടക്കുകയും  ചെയ്യുന്നവര്‍  
****************************
ഒച്ചിനെക്കാള്‍ 
വലിയ  ബുദ്ധരുണ്ടോ 
വഴികള്‍ എത്ര  നിശബ്ദമായ്  
അടയാളപ്പെടുന്നു 

******************************
ഉച്ചസൂര്യന്‍റെ വിരിപ്പ് വീഴവേ

വയലുകളില്ല നിഴലുമില്ല 

സമൃദ്ധമ്മാമൊരേകാന്തത

***********************
കുറുകെപ്പാറുമ്പോള്‍
മഞ്ഞുകാലത്തെ പൂമണങ്ങള്‍ക്കുമേല്‍ 
ഇളം സൂര്യനുദിക്കുന്നു .

*********************
ഒന്നിനെ  കാത്തിരിക്കുമ്പോള്‍ 
ഓരോ നിമിഷവും 
ഒരായിരം ഒച്ചിനെപ്പോലിഴയുന്നു 

**************************
പകല്‍ വെയിലായും രാവില്‍ നിലാവായും 
ആരോ  നമ്മെ  തൊട്ടു നോക്കുന്നു 
അച്ഛനും അമ്മയും ഒരാള്‍തന്നെയായ ആരോ 

**************************
വെണ്ണറൊട്ടിയുടെ മണം സങ്കടം നിറക്കുന്നു 
എനിക്കും  നിനക്കും തമ്മിലെന്തെന്ന്  
ഏകാന്തത  
*****************************
വെയില്  കൊണ്ടൊരാ 
ഇലകളില്‍ മെല്ലെ മെല്ലെ  
കാറ്റുകൊണ്ടൂതുന്നു ഉച്ച 

********************************
വെയില്‍ മൂക്കുമ്പോള്‍ 
വയലുകള്‍ക്കെല്ലാം  ഒരേ ഗന്ധം 
വിശപ്പിലെയ്ക്ക് പാകമാകുന്ന ധ്യാനങ്ങള്‍ .
************************
പുരാതന ദേവാലയം 
ചിതലുകളുടെ തര്‍ജ്ജമകള്‍ ചുമന്ന് 
തനിയെ 

******************
ഒന്നുമുടുക്കാതെ പക്ഷികള്‍ 
ഒന്നുമുടുക്കാതെ പൂവുകള്‍
ഒന്നുമുടുക്കാതെ  പലതിന്‍മേലെയാകാശം 
**********************
തോണിക്ക് മീതെ ചന്ദ്രന്‍ 
കടത്തുകാരനെപ്പോല്‍
ഏകന്‍

********************
പകല്‍പ്പാതിയില്‍ 
നിഴല്‍ 
ഒരു  ചിറകുള്ള പൂച്ച 

*******************
മുടിയിഴകളിലദൃശ്യ വാത്സല്ല്യം 
രാവ് പാതിയും കണ്ണീര്‍ ചുമന്നു 
തലയിണ
*****************
നനഞ്ഞ ഇലകള്‍ 
പാമ്പിഴയും ശബ്ദം പോലും 
തണുത്തു പോകുന്നു

*************************
കല്‍പ്പടവുകളിറങ്ങുന്നു
കാലോച്ചകളില്ലാതെ മഞ്ഞ് 
ധ്യാനത്തിലൊരു കുളം

***************
ഒട്ടും ഒച്ചയില്ലാതെയീ  പ്രഭാതത്തില്‍ 

മഞ്ഞു തൂത്ത് തുടക്കുന്നു 

സൂര്യന്‍ 


******************

ഉച്ചിയുറയ്ക്കാത്ത സൂര്യനുമായൊരു  
മഞ്ഞുകാലം ഉലാത്തുമ്പോള്‍ 
മരുഭൂമിയില്‍ കൂടാരങ്ങള്‍ നിറയുന്നു
**************************
പാതയറ്റം കടന്നിട്ടും 
അടുത്ത് തന്നെ 
കുഞ്ഞിന്റെ   മുഖം .


*******************************


ആഴമുള്ള മുറിവായിരുന്നു  ജീവിതം 
റോസാപ്പൂക്കള്‍ നിറഞ്ഞൊരു മാലയണിയിച്ചോരാള്‍ 
അത്  മായിച്ചു കളഞ്ഞിരിക്കുന്നു 
******************************************
രണ്ടു  ശലഭങ്ങളിരിക്കും പൂവുനോക്കി 
പുലരിയില്‍
മുറ്റമടിക്കുന്നോരുവള്‍
പുതുമണവാട്ടി 
***********************************


നീല  വിരിപ്പുള്ള ജാലകവിരി പകുക്കുമ്പോള്‍ 
പൂര്‍ണ്ണമുഖമുള്ള ചന്ദ്രനെ കാണുന്നു 
മുറ്റം  നിറയെ  ചെമ്പകം  മണക്കുന്നു .
***********************************
ഒരു വെളുത്ത  തൂവല്‍കൊണ്ട്  
ശരത്കാലം  തൊട്ടു  നോക്കുന്നു 
ഞാനോ അതിന്‍റെ കനമില്ലായ്മ  കൊണ്ട്  
അപരിചിതനാകുന്നു 
**************************************
കല്ലറകള്‍ക്ക്  
പൂക്കളുടെ മണമാണ്
നട്ടുച്ചയിലെ കാറ്റത് ഒളിച്ചു വയ്ക്കുന്നുമില്ല
******************************************


ശംഖ് പുഷ്പങ്ങള്‍ നിറഞ്ഞ 
പൂമുഖച്ചാരെ കൂട്തുന്നുന്ന
സൂചിമുഖിവേഗത 
*******************************
നിലാവ്  
കടലിനും  മീതെ 
പതിയെ ഇളകിയിളകി

************************
വെളുത്ത തൂവലുകള്‍
നമുക്കുചുറ്റും പൊഴിയുന്ന 
തണുപ്പിന്‍ ദൂതുകള്‍ .
*********************************

(സോണി ഡിത്ത് )
****************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "