10.02.2017

എന്റെ published ലേഖനങ്ങള്‍ ,,, കുഞ്ഞു പ്രവാസികളുടെ ലോകം


http://eastcoastdaily.com/new/writers-corner/item/9583-nerkazhchakal-sony-dith
കുഞ്ഞു പ്രവാസികളുടെ ലോകം

എല്ലായ്‌പ്പോഴും പ്രവാസം എന്നത് മുതിര്‍ന്നവരുടെ പ്രയാസങ്ങളും ഗൃഹാതുരതയും ഒക്കെയായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതിനിടയില്‍ വളര്‍ന്നുവരുന്ന കുഞ്ഞു തലമുറയെക്കൂടി ഗൗരവമായിത്തന്നെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. പ്രവാസികളില്‍ ഒരു നല്ലൊരു വിഭാഗം പേരും കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ കൂടെ നടക്കുവാനാകാത്ത വിഷമം പങ്കു വയ്ക്കുമ്പോള്‍ കുടുംബത്തെ കൂടെതാമസിപ്പിക്കുന്നവരുടെ കുഞ്ഞുങ്ങളെ അവര്‍ പലപ്പോഴും വാത്സല്യവും അസൂയയും കലര്‍ന്ന രീതിയില്‍ നോക്കികാണുകയും തങ്ങളുടെ മക്കളെ ഓര്‍മ്മകളില്‍ വീണ്ടും വീണ്ടും താലോലിക്കുകയും ചെയ്യുന്നു .

മാതാപിതാക്കളോടൊപ്പമാണ് ഈ പ്രവാസി കുഞ്ഞുങ്ങളുടെ ജീവിതമെങ്കിലും വിശാലമായ ലോകമല്ല ഈ കുഞ്ഞുങ്ങളുടെത് എന്നും നാം തിരിച്ചറിയണം . അവര്‍ക്കു ചുറ്റും എവിടെയും ചുമരുകള്‍ ആണ്. ചതുരപ്പെട്ടികളില്‍ നിന്നും ചതുരപ്പെട്ടികളിലേയ്ക്ക് പൂച്ചക്കുഞ്ഞുങ്ങളെ എന്നപോലെ നാം അവരെ കൊണ്ടു നടക്കുന്നു . ഫ്ലാറ്റില്‍ നിന്നും കാറിലേക്ക്. അവിടെ നിന്നും സ്‌കൂളിലേയ്ക്ക്.. മാളുകളിലേയ്ക്ക് അങ്ങനെയങ്ങനെ ... ഇതിനിടയില്‍ കൗതുകങ്ങളും കുസൃതികളും അടക്കിവയ്ക്കാതെ പ്രകടിപ്പിക്കുവാന്‍ പലപ്പോഴും നമ്മുടെ ഈ കുഞ്ഞുങ്ങള്‍ക്ക് സാധിക്കുന്നുണ്ടോ . ചുറ്റുപാടുകളെ പകല്‍ വെളിച്ചത്തില്‍ വേര്‍തിരിച്ചെടുക്കുവാനോ അവയെ കൂടുതല്‍ മനസ്സിലാക്കുവാനോ അവര്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ടോ ? ഓരോ ദിനവും എ സി റൂമുകള്‍ക്കിടയില്‍ നിന്നും ഫഌറ്റിന്റെ ഇടുങ്ങിയ സ്‌റ്റെപ്പുകള്‍ കടന്ന് മറ്റൊരു ശീതീകരിച്ച ലോകത്തിലേയ്ക്ക് അധികം ബഹളങ്ങളില്ലാതെ യാന്ത്രികമായി അവര്‍ കടന്നുപോകുന്നു . പ്രതിഷേധിക്കുവാനോ പ്രതികരിക്കുവാനോ ഉള്ള മനസ്സ് തന്റെ ശീലങ്ങളില്‍ ഉണ്ടാക്കി എടുക്കുവാന്‍ പലപ്പോഴും അവര്‍ക്ക് താല്പര്യമില്ല. ചിലനേരം തണുത്ത മുറികളുടെ സ്വാധീനം അവരുടെ ബാല്യത്തെയും വല്ലാതെ മരവിപ്പിച്ചിരിക്കുന്നു എന്ന് തോന്നിപ്പോകും . ഈരേഴു പതിനാല് ലോകവും വായ്ക്കുള്ളിലാക്കിയ രാക്ഷസ മാളുകളില്‍ സ്‌കേറ്റിംഗ് വീല്‍സില്‍ പാറി നടന്നും ഫുഡ് കോര്‍ട്ടിലെ പെട്ടിക്കടകള്‍ പോലുള്ള കെ എഫ് സി യും പിസ്സാ ഹട്ടും ഹെര്‍ഫിയും മാക് ഡോണാള്‍ഡും വിഴുങ്ങി അവര്‍ ജീവിച്ചു വരുന്നു.

ഒരു വശത്ത് നാടിനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞു നടക്കുന്ന മാതാപിതാക്കള്‍ തന്നെ തങ്ങളുടെ മക്കള്‍ക്ക് നഷ്ടമാകുന്ന ബാല്യത്തെയും പ്രകൃതിയെയും സ്വാഭാവികമായ നിഷകളങ്കതയും കുറിച്ച് എത്രമാത്രം ബോധവാന്മാര്‍ ആണെന്ന് അറിയില്ല . കുടുംബം കൂടെ ഉണ്ടാകണം എന്ന സ്‌നേഹത്തിന്റെ സ്വാര്‍ഥതയില്‍ അറിഞ്ഞും അറിയാതെയും പലതും നിഷേധിക്കുന്നുണ്ട് അവര്‍ കുഞ്ഞുങ്ങള്‍ക്ക് . ബ്രോയിലര്‍ ചിക്കന്‍സ് എന്ന പ്രയോഗം ഗള്‍ഫ് നാടുകളിലെ കുഞ്ഞുങ്ങളെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിച്ച് പോരുന്നതായി കണ്ടിട്ടുണ്ട് . ഏറെക്കുറെ അതു ശരിയെന്ന രീതിയില്‍ ആണ് ഗള്‍ഫ് ജീവിതത്തിലെ വലിയൊരു ഭാഗവും വളര്‍ന്നുവരുന്നതെന്നു ചിലരെങ്കിലും സമ്മതിക്കുന്നുമുണ്ട്. ഇത്തരം കുട്ടികള്‍ പലരും കൊടുക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പഠിക്കുകയും കളിക്കുകയും ഉറങ്ങുകയും ചെയ്യുന്നവര്‍ എന്ന രീതിയിലേയ്ക്ക് മാത്രമായി മാറിപ്പോകുന്നു . പലരും പഠനത്തില്‍ കഴിവ് തെളിയിക്കുന്നവര്‍ ആയിരുന്നാലും സാമാന്യം ആവശ്യമായ പല തിരിച്ചറിവുകളും വെണ്ട ഇടപെടലുകളും അവരില്‍ നിന്നും പെട്ടെന്ന് പ്രതീക്ഷിക്കുവാന്‍ സാധിക്കില്ല.

ബന്ധങ്ങളുടെ ദൃഢതയോ ആവശ്യകതയോ അവയുടെ മൂല്യമോ ഒന്നും തന്നെ അവരുടെ ചിന്തകളെ സ്വാധീനിക്കുന്നില്ല . അയല്‍ വീടുകളുമായുള്ള സൗഹൃദമോ ആശയ വിനിമയത്തിന്റെ അളവു കോലുകളോ പലപ്പോഴും അവര്‍ക്ക് മനസ്സിലാകുന്നുമില്ല . അങ്കിള്‍ ആന്റി വിളികളില്‍ കണ്ടുമുട്ടുകയും അഭിവാദ്യം ചെയ്യുകയും കൈ കൊടുത്ത് പിരിയുകയും ചെയ്യുന്ന ചിലരെ അല്ലാതെ രക്തബന്ധങ്ങളുടെ ഉഷ്മളതയോ ആഴത്തിലുള്ള ബന്ധങ്ങളുടെ ഭാഷയോ പല കുഞ്ഞുങ്ങളും അറിയാതെ പോകുന്നുണ്ട് .
ആണ്ടിലൊരിക്കല്‍ വിസിറ്റ് ചെയ്യാന്‍ പോകുന്ന ആ ഡേര്‍ട്ടി വഴികള്‍ ഉള്ള സ്ഥലമാണ് നമ്മുടെ യഥാര്‍ത്ഥ നാട് എന്ന് വിശ്വസിക്കുവാന്‍ അവര്‍ പലപ്പോഴും വിസമ്മതിക്കുന്നതായും കാണാം. കൗ വീട്ടില്‍ വളര്‍ത്തുന്ന മൃഗം ആണെന്ന് അവരില്‍ ചിലര്‍ അത്ഭുതത്തോടെ ആണ് കണ്ടു പിടിക്കുന്നത്. പപ്പും പൂടയും ഉള്ള പൂവന്‍ കോഴികളുടെ ചിറകടിയില്‍ ഫ്രീസറിലേ സ്ഥിരവാസക്കാരായ ചിക്കന്‍ എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നവര്‍ നോക്കി നില്‍ക്കുന്നു .പൈപ്പിലും ടാങ്കിലും ഫൗണ്ടനുകളിലും സ്വിമ്മിംഗ് പൂളുകളിലും മാത്രമല്ല കിണറുകളും പുഴകളും കൂടി വെള്ളത്തിന്റെ വാസസ്ഥലങ്ങള്‍ ആണെന്നതും ഗള്‍ഫ് കോര്‍ണിഷുകളിലെ അലസനായ കടല്‍ മാത്രമല്ല തിരകളുടെ ആഘോഷവും നിറഞ്ഞ കടലുകളുണ്ടെന്നതും ഓരോ സന്ദര്‍ശന വേളകളിലും അവര്‍ക്ക് പുതുമ തന്നെ .

വൈറ്റ് കോളര്‍ ജോബിനു വേണ്ടി പാകപ്പെടുത്തി എടുക്കുന്ന ഒരു വിഭാഗം ആണ് നമ്മുടെ കുട്ടികള്‍ ഇന്ന് .നമ്മള്‍ മാതാപിതാക്കള്‍ അഭിമാനത്തോടെ മറ്റുള്ളവരുടെ മുന്നില്‍ പറയുന്ന ലാപ്പ് ടോപ്പും, ഇന്റര്‍നെറ്റും വീഡിയോ ഗൈയിമും മൊബൈലിന്റെ ആധുനിക വശങ്ങളും എല്ലാം തീരെ കുഞ്ഞിലേ അറിഞ്ഞു തുടങ്ങുന്നതുമാത്രമല്ല വളര്‍ച്ചയും വിദ്യാഭ്യാസവും. യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളുമാ യി പൊരുത്തപ്പെടുവാന്‍ ചെറു പ്രായത്തില്‍ എന്നപോലെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ക്ക് കഴിയുന്നില്ല . റെഡ് സിഗ്നല്‍ കണ്ടാല്‍ വണ്ടി നിറുത്തണം എന്നും പച്ച കണ്ടാല്‍ യാത്ര തുടരാം എന്നും മനപ്പാഠമാക്കി അവര്‍ ചൂടും വിയര്‍പ്പും വിശപ്പും അറിയാതെ ജീവനില്ലാത്ത ജീവികളുടെ വികാരങ്ങളെ നിയന്ത്രിച്ചും ഇന്റര്‍ നെറ്റിന്റെ ചതുരക്കളത്തില്‍ ചിന്തകളെ പണയം വച്ചും ഒറ്റയടിപ്പാതയിലൂടെ ലക്ഷ്യത്തിലേയ്ക്ക് യാത്ര തുടരുക മാത്രം ചെയ്യുന്നു.

എന്ത് സ്വീകരിക്കണം എന്തിനെ തള്ളിക്കളയണം എന്നുള്ള സാമാന്യ ബോധം പല പ്രവാസി കുട്ടികള്‍ക്കും അന്യമാണ് . ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരുത്തണം സാഹചര്യങ്ങളോട് സ്വാഭാവികമായി പ്രതികരിക്കുവാനും ഇടപഴകാനും ഉള്ള അറിവ് അവര്‍ക്ക് ഉണ്ടാക്കി എടുക്കണം . ചാനലുകളിലും ഉറക്കത്തിലും അലസമായി കളയാതെ മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ ശ്രമിക്കുന്നതും, ഓരോ ദിവസത്തെ അവരുടെ സ്‌കൂള്‍ വിശേഷങ്ങളെ താല്പര്യപൂര്‍വ്വം ചോദിച്ചു അറിയുന്നതും കുറച്ചു കൂടി വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കും. അവരുടെ ഇഷ്ട കൂട്ടുകാര്‍ ആരൊക്കെ എന്നും അവര്‍ താല്പര്യം കാണിക്കുന്ന മേഖല എന്തെന്നും മനസ്സിലാക്കി അവരുടെ വികാര വിചാരങ്ങളില്‍ നമ്മളും കൂടെയുണ്ട് എന്ന ഒരു ബോധ്യവും ഗുണം ചെയ്യും. കാര്‍ട്ടൂണുകളെ മാത്രമല്ല അമ്മയോ അച്ഛനോ പറഞ്ഞു കൊടുക്കുന്ന കഥകളെയും പാട്ടുകളേയും കൂടി ഇഷ്ടപ്പെടുവാനും അവര്‍ക്ക് കഴിയണം .നാട്ടിലുള്ള പ്രിയപ്പെട്ടവരേയും കുടുംബങ്ങളെ യും അവര്‍ക്ക് അപരിചിതരായ് മാറുവാന്‍ അനുവദിക്കരുത്. ഏറെ നേരം അവരുടെ ലോകത്ത് ഒറ്റയ്ക്കിരിക്കുവാന്‍ അനുവദിക്കാതെ അവരുമായി ഇടപഴകുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു .

നാമെല്ലാം അവരവര്‍ ഓമനിക്കുന്ന കാലഘട്ടങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്നുണ്ട് .എങ്കിലും അവയ്ക്കും മാറ്റം അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ,നല്ല വശങ്ങളെ സ്വീകരിക്കുവാനും അതിലൂടെ നമ്മുടെ കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി കാലത്തിനൊപ്പം ജയിച്ചു മുന്നേറുവാന്‍ പ്രാപതരാക്കേണ്ടതുണ്ട് . അത് കുടുംബത്തിന്റെ മാത്രം ആവശ്യമല്ല തലമുറകളുടെ തന്നെയും അനിവാര്യതയാണ്.മാനുഷിക മൂല്യങ്ങളും ബന്ധങ്ങളുടെ ആവശ്യകതയും അവരിലേയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടത് മാതാപിതാക്കള്‍ കൂടിയാണ്. ഇന്ന് ഏറെക്കുറെ പ്രവാസി മാതാപിതാക്കള്‍ക്കും നാട്ടു വാര്‍ത്തകളുടെ ഭീകരതയില്‍ നിന്നും ഒരുപരിധിവരെ തന്റെ ചിറകില്‍ കീഴില്‍ മക്കളെയും കുടുംബത്തെയും സംരക്ഷിക്കുവാന്‍ സാധിക്കുന്നുവെന്ന ഒരാശ്വാസം പ്രവാസി മാതാപിതാക്കള്‍ അനുഭവിക്കുന്നുണ്ടെങ്കിലും തത്തമ്മേ പൂച്ച പൂച്ച എന്ന രീതിയില്‍ മിടുക്ക് തെളിയിക്കുക മാത്രമല്ലേ നമ്മുടെ മക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് വലിയൊരു ചോദ്യ ചിഹ്നം തന്നെയായി തുടരുന്നു....
__________________________________________