Labels

10.02.2017

അവഗണനയുടെ പ്രവാസമുഖങ്ങള്‍

http://eastcoastdaily.com/new/writers-corner/item/8449-avaganayude-pravasa-mukhangal


പ്രവാസി എന്ന വാക്ക് കേള്‍ക്കുമ്പോഴേക്കും പരിഹാസം നിറയുന്നതും പായാരങ്ങള്‍ കേട്ടുമടുത്തെന്ന ഭാവങ്ങളില്‍ കളിയാക്കി മുഖം തിരിക്കുന്നതും പതിവാകുന്നു. കഷ്ടപ്പാടുകള്‍ എണ്ണിപ്പറയുന്ന ഇവനൊക്കെ പിന്നെ എന്തിനാണ് വീണ്ടും വീണ്ടും വിമാനം കയറുന്നത്, ഇത്രേം കഷ്ടപ്പെട്ടു നില്‍ക്കാതെ നിറുത്തിപോന്നുകൂടെ ഇവനൊക്കെ എന്നോണമുള്ള മാന്യ അഭിപ്രായങ്ങള്‍ നാട്ടുകാരില്‍ നിന്ന് മാത്രം അല്ല അത്യാവശ്യം നല്ല രീതിയില്‍ ജീവിച്ചു ശീലിച്ച പ്രവാസികളുടെ ഇടയില്‍ നിന്നുപോലും അവനു നേരിടേണ്ടി വരുന്നു. കാലങ്ങളായി മെഴുകുതിരിയും വണ്ടിക്കാളകളുമായി ഉപമിച്ചുപമിച്ചു തീരെ വിലയില്ലാതായിരിക്കുന്നു പ്രവാസിവര്‍ഗ്ഗത്തെ. പട്ടാളക്കഥകളോടുള്ള മുന്‍വിധികള്‍ പോലെത്തന്നെ പ്രവാസി പറഞ്ഞു തുടങ്ങുമ്പോള്‍ ഇന്ന് കേള്‍വിക്കാരന്‍ അസ്വസ്ഥനാകുന്നുണ്ട്‌.


പ്രവാസി എന്നാല്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥിയെപ്പോലെ അവഗണിക്കപ്പെടുന്നവന്‍ എന്നൊരു രീതിയിലേയ്ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്, സര്‍ക്കാര്‍ നിലപാടുകളും സ്വന്ത ബന്ധങ്ങളുടെ യഥാര്‍ത്ഥ മുഖങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ. പതിവിലും കൂടുതല്‍ ദിവസം നാട്ടില്‍ കണ്ടാല്‍ തിരികെ പോകുന്നില്ലേ എന്ന വെറും ചോദ്യങ്ങളും അനാവശ്യ ആകാംക്ഷകളും കൊണ്ട് പൊറുതിമുട്ടുക തന്നെ ചെയ്യും പലരും.
ഈയിടെ ഒരു സുഹൃത്തിന്റെ കണ്ണുനീര്‍ കലര്‍ന്ന വാക്കുകള്‍ കേട്ടു, സ്വന്തം പ്രിയതമയോട് കഴിഞ്ഞ വര്‍ഷങ്ങളെതിനെക്കാള്‍ ലീവ് കൂടുതലുണ്ടെന്ന് മനപൂര്‍വ്വം മറച്ചു വച്ചു. താന്‍ നല്‍കുന്ന ഈ സര്‍പ്രൈസില്‍ അവളുടെ സന്തോഷം ഇരട്ടിക്കും എന്ന് കരുതിയ സുഹൃത്തിനു ആ ചുരുങ്ങിയ ദിവസങ്ങളില്‍ വളരെ കയ്‌പ്പേറിയ അനുഭവം ആണുണ്ടായത്. ഈ മനുഷ്യന്‍ തിരികെ പോകുന്നില്ലേ ? ഇനി സ്ഥിരം നാട്ടില്‍ തന്നെയാകുമോ എന്ന ആകുലതകളാണ് അവരുടെ വാക്കുകളിലും പ്രവൃത്തികളിലും പ്രകടമായത്. വീട്ടുകാരുടെ പ്രതിഷേധങ്ങളും മുറുമുറുപ്പും അകല്‍ച്ചയും കൂടിവരുന്നത് അവനറിഞ്ഞു. തന്നോടുള്ള സ്നേഹങ്ങളില്‍ ഉണ്ടായിരുന്ന വെറും പൊള്ളയായ ആ മുഖങ്ങള്‍ തിരിച്ചറിയുകയായിരുന്നു അയാള്‍.


ശരാശരി ഗള്‍ഫുകാരന്റെ കോമാളി വേഷം മാത്രമാണ് നാടിനെയും വീട്ടുകാരെയും രസിപ്പിക്കുന്നത്, അവന്‍റെ പച്ചയ്യായ വ്യക്തിത്വം അവന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഇതൊന്നും അറിയാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം സമീപനങ്ങള്‍ പ്രിയപ്പെട്ടവരില്‍ നിന്നുപോലും ഉണ്ടാകുമ്പോള്‍ സ്വന്തം നാട്ടിലും വീട്ടിലും താന്‍ അന്യനായിക്കൊണ്ടിരിക്കുന്നു എന്ന അസ്വസ്ഥതക്കപ്പുറം അവനു സ്വന്തമായെന്തുണ്ട്?


കൂട്ടുകാരന്‍ കൊണ്ടുവരുന്ന നാട്ടുമണമുള്ള പലഹാരപ്പോതികള്‍ക്കും അച്ചാര്‍ രുചികള്‍ക്കും കൂടെ കടല്‍ കടന്നെത്തുന്ന മക്കളുടെ വളര്‍ച്ചകളെ ഫോട്ടോകളിലൂടെയും ഫോണ്‍ വിളികളിലൂടെയും ആര്‍ത്തിയോടെ അതിലേറെ ആനന്ദത്തോടെ കണ്ണ് നിറച്ചു കണ്ടു തൃപ്തിപ്പെട്ടവര്‍. അവര്‍ക്ക് ഒരു കുറവും വരുത്താതെ എല്ലാ കൊഞ്ചലുകളും വളര്‍ന്നു വരുമ്പോഴുള്ള പിടിവാശികളും നേരാനേരത്തിനു സാധിച്ചു കൊടുക്കുവാന്‍ വേണ്ടി പാടുപെടുന്നവര്‍. ബംഗാളികള്‍ എന്ന വ്യാജേനെ വെള്ളിയാഴ്ചകളില്‍ പോലും ഫ്ലാറ്റുകള്‍ ക്ലീന്‍ ചെയ്തും വണ്ടി കഴുകിയും ഓരോ റിയാലും സ്വരുക്കൂട്ടി വയ്ക്കുന്നവര്‍. ഇവരെത്തന്നെയാണ് തങ്ങളുടെ വലിയ ആവശ്യങ്ങള്‍ക്ക് മുന്നില്‍ അടിതെറ്റി വീഴുമ്പോള്‍ ആ മക്കള്‍ തന്നെ പരിഹസിക്കുകയും യാതൊരു വിലയുമില്ലാതെ പെരുമാറിക്കൊണ്ടും പിന്നെയും തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.


ചില പ്രവാസിയുടെ കുടുംബങ്ങള്‍ എങ്കിലും ആര്‍ഭാടപൂര്‍വ്വം യാതൊരു വിലയുമില്ലാതെ അവന്‍റെ വിയര്‍പ്പിന്റെ വിലയെ ധൂര്‍ത്തടിക്കുമ്പോള്‍ നിങ്ങളുടെ സുഖങ്ങള്‍ക്കും സന്തോഷത്തിനും വേണ്ടി അവന്‍ വെറുമൊരു പണയവസ്തു ആയിത്തീരുകയാണെന്നതു കൂടി ഓര്‍ക്കേണ്ടതുണ്ട്. നിമിഷ സുഖങ്ങള്‍ക്കുവേണ്ടി അവനെ വഞ്ചിക്കാന്‍ തുടങ്ങുമ്പോഴും നിസാര കാര്യങ്ങള്‍ സാധിക്കാത്തതില്‍ പഴിപറഞ്ഞു വാക്കുകള്‍ കടുപ്പിച്ച് മുറിപ്പെടുത്തുമ്പോഴും അവന്‍റെ നിസ്വാര്‍ത്ഥമായ പങ്കുവയ്ക്കലുകള്‍ക്കാണ് നിങ്ങള്‍ സ്വാര്‍ഥതയുടെ വിഷം പകരം നല്‍കുന്നതെന്നും മറന്നുകളയുന്നു.


മധുരം ചവച്ചിറക്കി അവസാനമെത്തുമ്പോള്‍ സ്വാഭാവികമെന്നപോലെ തുപ്പിക്കളയുന്ന ഒരു ച്യൂയിന്ഗം സംസ്കാരം ആണ് നമ്മുടെ നാട്ടിലും കണ്ടുവരുന്നത്‌. മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളുന്നവരുടെ മാത്രമല്ല യൌവനത്തില്‍ ആണെങ്കിലും വാര്‍ദ്ധക്യത്തില്‍ ആണെകിലും തിരികെ നാട്ടില്‍ വരേണ്ടി വരുന്ന പ്രവാസിയുടെ ഗതികേടിനും നേരിടേണ്ടി വരുന്നത് അവഗണനയുടെ മറ്റൊരു മുഖമാണ്. സ്വന്തം ആവശ്യങ്ങളും സുഖങ്ങളും മാറ്റി വച്ച് അവന്‍ നിറവേറ്റിക്കൊടുക്കുന്ന ആഗ്രഹങ്ങളുടെ ധാരാളിത്തത്തില്‍ നന്ദിവാക്കിന്റെ ഔദാര്യം പോലും പലപ്പോഴും തിരികെ ലഭിക്കുന്നുമില്ല. ബന്ധങ്ങളില്‍ നിന്നാണെങ്കിലും സര്‍ക്കാര്‍ ഇടപെടലുകളില്‍ നിന്നാണെങ്കിലും സമൂഹത്തിലും മാറ്റിനിറുത്തപ്പെടുന്ന ഒരുവിഭാഗമായി അവര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. പിന്നെയും ആവശ്യങ്ങളുടെ നീണ്ടതും അവസാനിക്കാത്തതുമായ ലിസ്റ്റിലൂടെ കിതച്ചുകൊണ്ട് യാത്രതുടരാന്‍ ബാധ്യസ്ഥനായി ദേശാടനപ്പക്ഷിയെപ്പോലെ പെറ്റമ്മ നാടിനും പോറ്റമ്മ നാടിനുമിടയില്‍ ആകാശ സഞ്ചാരം തുടരുന്നു.

ആദ്യകാല ഗള്‍ഫുകാരന്‍റെ പത്രാസ് പലപ്പോഴും കാട്ടിക്കൂട്ടലുകള്‍ ആയിരുന്നു എന്നത് ഇന്ന് പലരുംഅറിഞ്ഞുകഴിഞ്ഞിക്കുന്നു.അതുകൊണ്ട് തന്നെ അന്നത്തെ അത്ഭുതവും ആരാധന കലര്‍ന്നതുമായ ഭാവങ്ങളുമായി ആരും അവനെ സമീപിക്കുന്നില്ല.റിയാലിന്‍റെയും ദിര്‍ഹത്തിന്‍റെയും കണക്കുകളില്‍ നിന്നു നാട്ടിലെത്തുമ്പോള്‍ രൂപയുടെ കൂടെ കൂടുന്ന പൂജ്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ വാപിളര്‍ത്തി നില്‍ക്കുന്നു. ഇന്ന് നാട്ടില്‍ മീന്‍ വില്‍ക്കുന്നിടത്തു വിലപേശിയാല്‍ ഗള്‍ഫില്‍ ആയിരുന്നല്ലേ എന്നായിരിക്കും അയാളുടെ പരിഹാസചോദ്യം.ഒരു അവധി തീര്‍ന്നു മടങ്ങുവാന്‍ പ്രിയപ്പെട്ടവളുടെ താലിക്കനമോ കുഞ്ഞിന്‍റെ അരഞ്ഞാണമോ വേദനയോടെ വിലപെശുന്നവര്‍ ചുരുക്കമല്ല. അടുത്ത ഒരു ഇടവേളയ്ക്കു മുന്‍പേ ആ ചെറിയ സ്വപ്നങ്ങളെ തിരികെ സമ്മാനിക്കണം എന്ന് കരുതി ആഗ്രഹിച്ചു വാങ്ങിന്ന ഒരുതരി പോന്നിനും നൂറു ഉത്തരങ്ങളും പിടിച്ചുപറിക്കുന്ന രീതിയില്‍ ഉള്ള അന്യായ പണമടപ്പിക്കലും ഒക്കെയായി വീണ്ടും ഒരു പരീക്ഷണഘട്ടം കൂടി അവനെ കാത്തിരിക്കുന്നുണ്ട്. കിലോക്കണക്കിന് കള്ളസ്വര്‍ണ്ണം യാതൊരുവിധ പരിശോധനയും കൂടാതെ പലരുടെയും ഒത്താശയോടെ സുരക്ഷിതമായി കടന്നുപോകുന്നിടത് തന്നെയാണ് ദരിദ്ര നാരായണന്‍റെ പിച്ചചട്ടിയിലെ ഓട്ടക്കാലണയ്ക്കു വീണ്ടും അവര്‍ വിലയിടുന്നത്. ഇതും കൂടാതെ ബിസിനസ് ഭീമന്‍മ്മാരുടെ അറവുനയം പലപ്പോഴും യാത്രാച്ചിലവെന്ന വലിയൊരു ചൂണ്ടക്കൊളുത്തായ് അവര്‍ക്ക് മുന്നില്‍ തൂങ്ങിയാടുന്നു. ചിലര്‍ മാത്രം കമ്പനികളുടെ ഔദാര്യത്തില്‍ ഇതിനെ മറികടക്കുന്നു എന്നതൊഴിച്ചാല്‍ വിയര്‍ത്തു സമ്പാദിച്ച വലിയൊരു തുക ഒരു ദയവും കൂടാതെ വിമാനക്കമ്പനികള്‍ പോക്കറ്റിലാക്കുന്നു.


ആടുജീവിതങ്ങളെ വൈകാരികമായി ഏറ്റെടുത്തു ആഘോഷിക്കുന്നവര്‍ക്കിടയില്‍ നിന്നുതന്നെ അതിലൊരംശം ആത്മാര്‍ഥത തങ്ങളുടെ സഹജീവികളായ ഈ മനുഷ്യര്‍ക്കു ലഭിക്കുന്നില്ല എന്നതും ഒരു നഗ്നസത്യമാണ്. സാഹിത്യം പലയാവര്‍ത്തി തുറന്നുകാട്ടിയ പ്രവാസം മാത്രമല്ല. ഉള്ളുവെന്തു കരയുന്ന അറിയപ്പെടാത്ത കുറെമുഖങ്ങളും നമ്മുടെ ഇടയില്‍ത്തന്നെ ജീവിക്കുന്നുണ്ട്.മക്കള്‍ക്കും വീടിനും വേണ്ടി അറബിച്ചികളുടെ കൊടും ക്രൂരതയ്ക്കും നാടെന്ന അകലത്തിനുമിടയില്‍ നിസ്സഹായരായിപ്പോയ ഗദാമകളുടെ , വീട്ടു ഡ്രൈവര്‍മാരെന്ന വിസയില്‍ മരിച്ചു ജീവിക്കുന്ന പാവപ്പെട്ടവന്‍റെ ഗതികെടിന്റെ മുഖങ്ങള്‍. ഇനിയും ആരും ചെന്നെത്താത്ത അറിയാക്കഥകള്‍ക്കു മീതെ മാളുകളുടെയും മനോഹാരിതയുടെയും അത്ഭുതത്തിളക്കങ്ങളുടെ ആകര്‍ഷണ വലയങ്ങള്‍ മറതീര്‍ക്കുന്നു.പ്രവാസം ആശ്വാസമാകുമെന്നു കരുതിയവരുടെ ദുരിതക്കിണറുകള്‍ മറഞ്ഞുപോകുന്നു.


നല്ലൊരു വിഭാഗം പ്രവാസികളും മാന്യമായ തൊഴിലും സുഖസൌകര്യങ്ങളുമായി ജീവിക്കുന്നിടത്തു തന്നെയാണ് അടുക്കിവച്ച കട്ടിലുകളില്‍ കുടുസ്സു മുറികളില്‍ പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ ക്യൂ നിന്നും വഴിയില്‍ കാണുന്ന പെപ്സി ടിന്നുകള്‍ കാലുകൊണ്ടമര്‍ത്തി പെറുക്കിയെടുത്തും ഒരു റിയാല്‍ എങ്കില്‍ ഒരു റിയാല്‍ കൂടുതല്‍ നാട്ടിലേയ്ക്ക് അയക്കുവാന്‍ പാടുപെടുന്നവരുടെ ഇടം കൂടിയാണ് ഈ സ്വപ്ന നഗരങ്ങള്‍. ചിലര്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളുമായി ജീവിതം പങ്കുവയ്ക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് തളര്‍ന്നുറങ്ങുന്ന ഒരുകൂട്ടം സാധാരണ മനുഷ്യര്‍. അത്തരം ഒരു ലോകത്ത് നിന്ന് തികച്ചും അന്യമായ കുറെ ജീവിതങ്ങള്‍ , ഒരേ നാടിന്റെ സിരകളില്‍ അതിജീവനം തേടി എത്തിയര്‍. അത് അങ്ങിനെത്തന്നെയാണ് ജീവിതം ജീവിച്ചു തീര്‍ക്കുന്നതും അനുഭവിച്ചു തീര്‍ക്കുന്നതും രണ്ടും രണ്ടാണല്ലോ......


ഫേസ്ബുക്കില്‍ തോന്നുന്നതും തോന്നാത്തതുമായ വികാരങ്ങളെയും ഗൃഹാതുരതയെയും മിനിറ്റിനു മിനിറ്റിനു അപ്ഡേറ്റ് ചെയ്യുന്നവന്റെ ലോകം മാത്രമല്ല പ്രവാസം. മാങ്ങയിലും തേങ്ങയിലും ക്ലാരയിലും അമ്മയെക്കുറിച്ചും വാതോരാതെ പറയുന്നതുമല്ല പ്രവാസം. ഇതില്‍ നിന്നും വളരെദൂരെ... , ഒരു പഴയ നോക്കിയാ സെറ്റില്‍ വിശേഷങ്ങളെ മുഴുമിപ്പിക്കുവാന്‍ ആകാതെ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നവരുടെ ദയനീയതയും നാം കൂട്ടിവായിക്കെണ്ടിയിരിക്കുന്നു.വികാരങ്ങള്‍ പങ്കുവയ്ക്കുവാന്‍ പോലുമാകാത്ത അവരുടെ ഗദ്ഗദം ഏതിരുട്ടുകളിലാണ് ഒളിപ്പിച്ചു വയ്ക്കുന്നതെന്ന് നിങ്ങള്‍ അറിയാറുണ്ടോ ?


ഓരോ പ്രവാസിയും മണല്‍ ഘടികാരങ്ങള്‍ ആണ് , അവധികള്‍ക്കും കടമകള്‍ക്കും ഇടയില്‍ നെടുവീര്‍പ്പുകള്‍ മാത്രം സ്വന്തമായുള്ളവന്‍. പൊള്ളുന്ന മണലിലൂടെ ശയനപ്രദക്ഷിണം വച്ച് ഓരോ അവധികളിലേയ്ക്കും എത്തിച്ചേരുന്നതിനിടെ പലപ്പോഴും തളര്‍ന്നു പോകുന്നവര്‍. ഓരോമണിയും സൂക്ഷമതയോടെ ചേര്‍ത്ത് വയ്ക്കുന്നവര്‍ , അവധിക്കാലമോരോന്നും തീര്‍ന്നുപോകുമ്പോള്‍ അടുത്ത സ്വപ്നയാത്രയ്ക്ക് മുന്നില്‍ അവരുടെ കലണ്ടറുകള്‍ വീണ്ടും കനം തൂങ്ങി നില്‍ക്കും. പിന്നെയും ഗൃഹാതുരതയും സ്വപ്നങ്ങളുടെ ആകാശക്കീറുകളും മുന്നോട്ട് നടത്തുന്നവര്‍ , പരിഭവിക്കുവാന്‍ തന്നെ അവകാശമില്ലാത്തവരായി അവര്‍ യാത്ര തുടരുന്നു. എത്ര ഓടിയകലുവാന്‍ ആഗ്രഹിക്കുന്നോ അതിലേറെ തീവ്രമായി പ്രവാസം മുറുകെ പിടിക്കുന്നു. അതില്‍ നിന്നും രക്ഷപ്പെട്ടവരാകട്ടെ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഒരു തിരിച്ചു വരവിന്റെ സാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.


നുകം വീണു കഴിഞ്ഞു ഇനി ഉഴവു തീരും വരെ അല്ലെങ്കില്‍ തളര്‍ന്നു വീഴും വരെ വിശ്രമമില്ലാത്ത പ്രയാസത്തിന്‍റെ മണല്‍ഭൂമിയിലൂടെയാണ് ഓരോ പ്രവാസിയും ഇഴഞ്ഞു നീങ്ങേണ്ടത്..പരിതപിക്കാനും പരിഹാരം കാണുമെന്ന വെറും വാക്കുകള്‍ ഉറക്കെപറയാനും മാത്രമുള്ള രാഷ്ട്രീയതയോ ജനാതിപത്യ ഇടപെടലുകളോ അല്ല ആവശ്യം വ്യക്തമായ ഒരു പരിഗണന അത് അവര്‍ അര്‍ഹിക്കുന്നുണ്ട്.ഇനിയും അവകാശങ്ങളെ ഇരന്നു വാങ്ങേണ്ടുന്ന അവസ്ഥയിലാക്കി അവരെ അപമാനിക്കരുതെന്ന അപേക്ഷയുടെ സ്വരങ്ങളില്‍ സഹനത്തിന്‍റെയും ദൈന്യതയുടെയും വിലാപ സ്വരങ്ങള്‍ കൂടി ബാക്കിയാകുന്നു.

പ്രവാസി ഒരേസമയം വിപ്ലവകാരിയും അടിമയുമാണ്. തന്നോട് തന്നെ പൊരുതിക്കൊണ്ട് സാഹചര്യങ്ങളുടെ കെട്ടുപാടുകളില്‍ നിശബ്ദ സമരം നയിക്കുന്നവര്‍. ഏതൊരു മനുഷ്യനെപോലെതന്നെ സമൂഹവും കുടുംബവും അവനു അര്‍ഹമായ പരിഗണന

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "