Labels

10.05.2017

മഞ്ഞവെയിലേല്‍ക്കുന്നവള്‍

കവിത എന്‍റെ വിശപ്പ്‌ മാറ്റിയിരുന്നില്ല
എങ്കിലോ ,
കവിതയുടെ ആമാശയത്തിലെയ്ക്ക് ഞാന്‍
വിഴുങ്ങപ്പെടുകയും ചെയ്തിരിക്കുന്നു .
അതിക്രൂരമായി കാലം പിന്നെയും
തെറുത്തു തന്ന ഒരു കരിന്തിരിയോര്‍മ്മയുടെ
വക്കത്തിരുന്നു
കരഞ്ഞു കരഞ്ഞു ഞാന്‍
അലിഞ്ഞു പോയിരിക്കുന്നു .
ആര്‍ക്കും കണ്ടെടുക്കാന്‍ ആകാത്ത വിധം
ഒരു മണല്‍ത്തരിക്ക് മീതെ
അവസാന നനവുമായി ഞാന്‍ കിടന്നു .
പ്രിയപ്പെട്ട വയലറ്റോ പച്ചപ്പോ
എന്നെ മോഹിപ്പിച്ചില്ല
കാക്കത്തൊള്ളായിരം കടലുകള്‍
ഒരുമിച്ചലയടിക്കുന്ന ഹൃദയവുമായി
പുഴയുണ്ടായിരുന്നുവെന്ന
മണല്‍ച്ചാലുകളുടെ മൌനത്തില്‍
പിന്നെയും ,തളര്‍ന്നു വീണിരുന്നു .
അപ്പോഴൊക്കെയും
കരയോ കടലോ ഇല്ലാത്ത
ആകാശത്തെ നോക്കി
ചിന്തകള്‍ നിരന്തരം ആടുന്നൊരു
പെണ്‍പെന്‍ഡുലം പോലെ
അത്രയും കനമില്ലാതെന്നപോല്‍
എങ്കിലോ
അതിനേക്കാള്‍ ഭാരപ്പെട്ടു
നിവര്‍ന്നു കിടക്കുന്നു .
ഓര്‍മ്മകള്‍
സന്തോഷത്തിന്റെ പച്ചമരത്തെ
ഒരു ദയവും കൂടാതെ കാര്‍ന്നുകയറുകയും
ജീവിതം നിറഞ്ഞ ആ
വീഞ്ഞുപാത്രം നിറയെ
ഇടയ്ക്കിടെ ഉപ്പുമണക്കുകയും ചെയ്തു .
എന്നിട്ടും
ഇതും കടന്നുപോകും "
എന്നോരോര്‍മ്മയില്‍ ഇടയ്ക്കൊന്നു
ബോധത്തിലെയ്ക്ക് കാല്‍ തെന്നുന്നു.
സങ്കടങ്ങളുടെ സങ്കടം കൊണ്ട്
ഒഴുക്ക് നിലച്ച കണ്ണുകളില്‍
ഒരു പക്ഷി അതിന്റെ
സായാഹ്നനിഴലിനെ
അടയാളപ്പെടുത്തി കൊണ്ട്
കുറുകെ പറക്കുന്നു .
അവളോ പിന്നെ
നനവുകള്‍ ഇല്ലാതെ
ഭൂമിയില്‍ നിന്നും നാടുകടത്തപ്പെട്ടൊരു
പുഴയുടെ അടിത്തട്ടായി ,
ഒരു കുമ്പിള്‍ മണലില്‍
മഞ്ഞവെയിലേല്‍ക്കുന്നു .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "