Labels

10.27.2017

മുറിവുകള്‍ തൂര്‍ന്നുപോകുന്ന വഴി


ഒരു കനത്ത മഴക്കാലത്തിനു മുന്പ്
ആകാശത്തിന്റെ ഒരതിരിൽ 
ചുവന്ന തൂവലിൽ
കൂടുകൂട്ടിയ പക്ഷിയായിരുന്നു ഞാൻ.
ഇപ്പോൾ മണ്ണില്ലാതെ മരമില്ലാതെ
പൂക്കളില്ലാതെ പിന്നെ
പ്രണയമില്ലാതെ തനിച്ച് തനിച്ചിരിക്കുന്നു.
നിറയെ വെയില്‍ക്കാറ്റ്
വീശിക്കടന്നു പോയ ഒരു ഋതുവിന്നക്കരെ-
-യിരിക്കുമ്പോള്‍
എന്റെ ഹൃദയത്തിൽ
രണ്ടു വയലറ്റു ചിറകുകളുണ്ട് .
ഒരു കാലം ആഴ്ത്തിയ
നീളൻ മുറിവിന്നിരുവശവും
നിറയെ
പൂക്കൾ തുന്നിപ്പിടിപ്പിക്കുകയാണ്
ഞാനിപ്പോൾ.
പാതിയും വറ്റിയ പുഴക്കരയിലിരുന്ന്
കരളിലെ കടലിനെ
കുറുക്കിയെടുക്കുകയാണ്.
ഒറ്റമുറിവിന്‍റെ നീറ്റുവസന്തമെന്ന്
ഓമനപ്പേരിട്ട് വിളിക്കുകയാണ്‌ .
ആകാശം പൂക്കുന്നൊരു
നിറപൗർണ്ണമിയിൽ
ജല നക്ഷത്രങ്ങൾ
നീന്തുന്നതു നോക്കി നില്ക്കെ
ഞാനൊരു പെൺബുദ്ധ ,
ഏകാന്തതയുടെ
തിരുമുറിവില്‍ നിന്നും
പുതു പ്രഭാതത്തിന്റെ
സൂര്യകവാടത്തിലേയ്ക്ക്
അവയ്ക്കൊപ്പം
ചുവന്ന ചെകിളപ്പൂക്കള്‍ തുറന്നടച്ച്
ജലനിലാവ് മുറിച്ചു കടക്കുന്നൊരു
മുറിവ് തൂര്‍ന്ന ,ഉടല്‍ മിന്നുന്ന
നീലമത്സ്യം .
അവനവനെ പ്രണയിച്ച് തുടങ്ങുമ്പോള്‍
ചുറ്റുമുള്ളതെല്ലാം പ്രണയമായി മാറുന്നു .
കാമുകനും കാമുകിയും
ഒരാള്‍ത്തന്നെയാകുമ്പോള്‍
സ്വയം
ആകാശത്തോളം പ്രണയിക്കാതിരിക്കുവാന്‍
എനിക്കും എന്നിലെ നിനക്കും
കഴിയില്ലല്ലോ ജീവിതമേ ! 


1 comment:

  1. അവനവ൯ ത൬െ.പ്രേമിച്ചു
    തുടങുബോൾ.?
    ചുറ്റുമുളളതെല്ലാ൦പ്രണയമായ്
    തുടങുബോൾ
    അവനോരു
    സ്വോപ്നലോക
    ത്തായിരിക്കണ൦

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "