8.02.2017

പ്രണയമണിപ്പൂക്കള്‍

                 
                                (ഒന്ന് )

ഹൃദയത്തിൽ നിന്നും ഊറിയത്
ഹൃദയത്തിലേയ്ക്ക് ചാലുകീറിയൊഴുക്കി
നീയതിന് സ്നേഹം എന്ന്
അരുമയോടെ പേരിടുന്നു.
ഞാൻ
നിന്റെ ചുണ്ടിൽ വിരിയുന്ന
പൂവിന്റെ പേരിട്ട്
അതിനെ
ഓർത്തു വക്കുന്നു
                       
                     (രണ്ട് )

ഒരു
മഴക്കാലം ചുംബിച്ച
രണ്ടു ശീതപുഷ്പങ്ങളായിന്നു നാം
രണ്ടുകരകളിലിരുന്നു
മഴയേല്‍ക്കുന്നു ,
ഒരാകാശത്തിലെ
രണ്ടു മഴകളില്‍ നനയുന്നു .
             
                       (മൂന്ന്‍ )

പ്രണയത്തില്‍ ഉലാത്തുമ്പോള്‍
വെള്ളം വീഞ്ഞാകുന്ന ചില നേരങ്ങള്‍
കടലാകുന്ന ചില നേരങ്ങള്‍
ഇടയില്‍ സ്വയം അറിയാതെ രണ്ടുപേര്‍ ,
അപൂര്‍ണ്ണര്‍ !
                     
                                (നാല് )

എന്നെ ക്കാണാതാകുമ്പോള്‍ ഞാന്‍
ഞാന്‍ നിന്നെ തിരഞ്ഞു വരുന്നു
തന്നെത്തന്നെ കാണാതെ
തിരഞ്ഞു നടക്കുന്നോരുവളെ
വഴിയില്‍ കണ്ടുമുട്ടുന്നു .
ഇപ്പോളീ
കുന്നിന്‍ മുകളിലാനപ്പുറം പോലുള്ള
പാറപ്പുറെ കാലുംനീട്ടി
പനങ്കള്ളിന്‍ ചെറുകുടം മോന്തിക്കമിഴ്ത്തി
ചെറുനാരകത്തിന്‍ പുളിയുമെരിവും തോണ്ടിത്തേച്ച്
"ശ്ശ്" ന്നൊച്ചകളെ നാക്കില്‍ നിന്നും
പറത്തിവിട്ടൊരുമിച്ചിരുന്നു
പ്രണയത്തിന്‍ കാറ്റ് കൊള്ളുന്നു .
ഞങ്ങളെക്കണ്ടവരുണ്ടേല്‍ മിണ്ടണ്ട .
_____________________________________