6.20.2017

കാല്‍ക്കാശിനു വിലയുള്ള ചിലത്


ഉപദേശകന്റെ ചിന്തകള്‍ വിശാലമാണ്
എങ്കിലും
 അവ അവന്റെ വാക്കില്‍ നിന്നും 
അവനവന്‍ ഇടങ്ങളിലേയ്ക്ക്
 ഇറങ്ങി നടക്കുമ്പോള്‍
 വഴികള്‍ താനേ ഇടുങ്ങിയതാകുന്നു .

അവന്‍ പറത്തിവിട്ട ഓരോ നടുനിവര്‍ന്ന
ചിറകുവീശലുകളില്‍ നിന്നും
ചുരുണ്ട് ചുരുണ്ട്
തന്റെമാത്രം കൊക്കൂണിനുള്ളിലേയ്ക്ക്
 തിരികെ കയറുവാന്‍ വെമ്പുന്ന
എല്ലില്ലാത്ത ഒരു ശബ്ദം മാത്രമാകുന്നു .

കൈകള്‍ വിശാലമായി വിരിച്ചുപിടിച്ച്
വിരലുകള്‍ ആവോളം അകലെയ്ക് ചൂണ്ടിയും
 അവന്‍ വികാരാവേശങ്ങളെ
വാക്കില്‍ തൊടുത്തു തൊടുത്തുവിടുന്നു .

ചിന്തകള്‍ ചതുരമെങ്കിലും
എത്ര വിശാലമായി അവര്‍ കള്ളം പറയുന്നു .
സ്വയം നിറവെന്നു ഭാവിക്കുന്നു
ശൂന്യമെന്നൊരു കാലം അത് തട്ടിയുടച്ച്
കടന്നുപോകുന്നു .

നമുക്കുള്ളിലും ഒരാളിതാ
വാക്കുകളുയര്‍ത്തിയും ചൂണ്ടു വിരല്‍ വിറപ്പിച്ചും
അതിന്‍റെ ഇരയ്ക്കുമേല്‍
ആഞ്ഞാഞ്ഞു തൊടുത്തു കൊണ്ടിരിക്കുന്നു ,
സ്വയം നിവര്‍ത്തുമ്പോഴൊക്കെയും വീണ്ടും വീണ്ടും
ചുരുണ്ടുപോകുന്ന ഒന്നിനെ .
_________________________