5.31.2017

നീര്‍മാതളപ്പൂ മണംനോമ്പുകാലത്തെ ഈന്തപ്പഴച്ചീളുകള്‍ പോലെ
ഞാനെന്നെ ഈ ലോകത്തിനു മുന്നില്‍ വച്ചു .
ചിലര്‍ ആത്മാര്‍ഥമായും കരുണയോടെയും
മറ്റുചിലര്‍ കാപട്യത്തോടെയും കള്ളങ്ങളോടെയും എന്നെ
രുചിച്ചു നോക്കി .

കൃഷ്ണനും മുഹമ്മദും ക്രിസ്തുവും ആയ
ഒരുവനായിരുന്നു എന്‍റെ പ്രണയമെന്ന്
വിവര്‍ത്തനം ചെയ്ത് ചെയ്തു ഞാന്‍
 തളര്‍ന്നുപോയിരുന്നു .

എന്‍റെ ചിന്തകളുടെ ഉണ്മാദങ്ങളും ഉണ്മകളും
പ്രണയവും മതങ്ങളും കൊണ്ട്
ഞാന്‍ നിങ്ങളുടെ വീഞ്ഞുപാത്രങ്ങളെ
എന്നും സമൃദ്ധമാക്കി .
വീണ്ടും വീണ്ടും വിശപ്പിലേയ്ക്കും ദാഹത്തിലേയ്ക്കും
നിങ്ങളെന്നെ ഇന്നും വീതിച്ചെടുത്തുകൊണ്ടിരുന്നു.

ഈ ജീവിതം വെളുപ്പില്‍ കടുത്ത പുള്ളികളുള്ള
ശലഭച്ചിറകുപോലെ എന്നെ അടര്‍ത്തിയെടുത്തിരിക്കുന്നു .
ജീവിതം എന്നെയും ഞാന്‍ ജീവിതത്തെയും പൂര്‍ത്തിയാക്കി 
കടന്നുപോയിരിക്കുന്നു .
നീര്‍മാതളങ്ങള്‍ തളിര്‍ക്കുകയും
പൂക്കളെച്ചുരത്തുകയും ചെയ്യുന്ന
കാലങ്ങളെ നിങ്ങള്‍ക്കുവേണ്ടി ഞാനിനിയും ഇവിടെ
ബാക്കിയാക്കിയിരിക്കുന്നു .
ഇപ്പോള്‍
മതമോ മനുഷ്യനോ അല്ലാത്ത ഏതോ ഒന്നിലേയ്ക്ക്
കാലം എന്റെ ജീവനെ
പരിവര്‍ത്തനം ചെയ്തു തീര്‍ത്തിരിക്കുന്നു .
നിറയെ വിരിച്ച വെള്ളപ്പൂക്കള്‍ക്കിടയില്‍ 
ഏതോ സ്വപ്നം കണ്ടു കിടക്കുന്നപോലെ ..
ഞാന്‍ മരിച്ചുപോയിരിക്കുന്നു .
____________ @ മൊണാലിസ