Labels

12.12.2016

അഞ്ച് ചിന്തകളെയ്യാന്‍ കവിതയുടെ ഒരു ഞാണ്‍ വലിക്കുന്നു



1) മധുരക്കിഴങ്ങുകള്‍ വില്ക്കുന്നൊരാള്‍
നോക്കൂ ,വീടില്ലാത്തവന്‍ ,
മധുരം വിളമ്പുന്നു ,
വീണ്ടും വീണ്ടും പുഞ്ചിരിക്കുന്നു .
**************************************************
2) ദൈവങ്ങളാകുന്ന ശിലകള്‍ തിരഞ്ഞോരാള്‍ അലയുന്നു
ശിലകള്‍ക്കിടയില്‍ ക്ഷീണിതനായി മയങ്ങുന്നവനെ
കവച്ചും പിറുപിറുത്തും .
***************************************************
3) അറിവ് അതിന്‍റെ ഒരു തുള്ളി
എന്‍റെ നാക്കിലിറ്റിച്ചു
ജീവിതത്തിന്‍റെ ഉപ്പ്കനച്ച് നാവുളുക്കി
ഞാനതിനെ തുപ്പിക്കളഞ്ഞു .
ഭീരു എന്ന് മൃദുവായിപ്പറഞ്ഞ്
അതെന്‍റെ മുന്നിലപ്പോള്‍
നിവര്‍ന്നു നിന്ന്‍
കണ്ണുകളിലേക്കാഞ്ഞുനോക്കി
പുഞ്ചിരിച്ചു .
അതിനു മുന്നില്‍ ഉടലുപൊള്ളി ഉയിരുപൊള്ളി
കണ്ണ് കുനിച്ചു ഞാന്‍ ചുരുണ്ടിരുന്നു .
****************************************************
4) ആട്ടിന്‍പറ്റവുമായി മലകയറിയപ്പോള്‍
യജമാനനായി മുന്നേ നടന്നു
മലയിറങ്ങുമ്പോള്‍
നയിച്ചവനു പകരം അനുഗമിക്കുന്നവനായി മാറി
ആട്ടിന്‍പറ്റമേ ,
ബോധിവൃക്ഷത്തിന്‍ ഇലകളോ നിങ്ങളെന്നോര്‍ക്കുന്ന
ഒരുതുള്ളി ബുദ്ധനാകുന്നു ഞാന്‍ !
*************************************************************
5) ഒന്നുമുടുക്കാതെ പക്ഷികള്‍
ഒന്നുമുടുക്കാതെ പൂവുകള്‍
ഒന്നുമുടുക്കാതെ പാട്ടുകള്‍
ഒന്നുമുടുക്കാതെ പലതുള്ളിമഴ
ഒന്നുമുടുക്കാതെ പകല്‍വെളിച്ചം
ഒന്നുമുടുക്കാതെ പലതിന്‍മേലെയാകാശം
ഒന്നെന്നു പറഞ്ഞു നമ്മളും ഇതാ
ഒരു നഗ്നതയുടുത്തടുത്തടു-ത്തിരിക്കുന്നു .
**********************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "