1.03.2017

എന്‍റെയും നിന്‍റെയും ജീവിതാന്വേഷ പരീക്ഷകള്‍

എന്‍റെയും നിന്‍റെയും ജീവിതാന്വേഷ പരീക്ഷകള്‍
_______________________________________________
ബാല്യം ഒരു ശലഭകാലം പോലെ പറന്നു പോകുന്നു
കൌമാരം വയല്‍ക്കുരുവി പോലെ വിരുന്നു വന്നു പോകുന്നു
യവ്വനം ഒരു നീര്‍ത്തുള്ളിയില്‍ വെയിലിന്റെ ചുംബനംകൊണ്ട
 മഴവില്ലിന്റെചിരിപോലെ കടന്നുപോകുന്നു .
 വാര്‍ദ്ധക്യം ഒച്ചിഴയുന്ന ഒച്ചപോലെ കാലത്തെ മുറിച്ചു കടക്കുന്നു .
മനുഷ്യര്‍ ,
നിന്നിടം നടന്നിടം
കരഞ്ഞിടം ചിരിച്ചിടം
ഇരുന്നിടം കിടന്നിടം
 ഒന്നുമൊന്നുമേ സ്വന്തമില്ലാത്തവര്‍ !
നോക്കൂ
ഒരമ്മ പകലിനെ തൂത്തും തുടച്ചും മിനുക്കുന്നു
ഒരച്ഛന്‍ രാവിനെ ഊതിയൂതി ഉടലുലയ്ക്കുന്നു .
എങ്ങുമെത്താതെ അവര്‍ പിന്നെയും
 മാറിമാറിയുമൊരുമിച്ചും എത്രയെത്ര രാപ്പകലുകളെ
തേവി നനച്ചുകൊണ്ടേയിരിക്കുന്നു.
എങ്കിലും ,
ജീവിതം , പിന്നെയും പിന്നെയും
തീപിടിക്കുന്ന കാടാകുന്നു ,
ഉള്ളുവെന്തു ഉലയുന്നു പച്ചമരങ്ങള്‍ ,
ചിതറിയോടുന്നു കുഞ്ഞനക്കങ്ങള്‍
 തീ തിന്നുപോകുന്നു ചിറകുകള്‍ ചുവടുകള്‍ .
കരിഞ്ഞകറുപ്പില്‍ നിന്നും കാറ്റ് തന്‍റെ ചുരുട്ടില്‍
വേവുമണത്തിന്‍റെ വിഷാദം നിറക്കുന്നു .
കല്ലിലും പൊന്നിലും പഞ്ചലോഹത്തിലും
ദൈവമപ്പോള്‍ മിണ്ടാതിരിക്കുന്നു .
ദൈവങ്ങളെ പാലൂട്ടിയും ചോരയൂട്ടിയും
വിശന്നിരിക്കുന്നു മനുഷ്യര്‍ .
പാപവും പുണ്യവും വേര്‍തിരിക്കുവാനറിയാത്ത
കുഞ്ഞുങ്ങള്‍ ബാക്കിയാകുന്നു .
മനുഷ്യനെന്ന മതം ഇടയിലാരാരോ
മോഷ്ടിച്ചുകൊണ്ട് പോകുന്നു !
ഓരോ നാല്‍ക്കവലകളിലും
മുളച്ചു പൊങ്ങുന്നു പിന്നെയും,
കണ്ണ് കാണാത്ത ദൈവങ്ങള്‍
 
വീടില്ലാത്തവനും വയറുനിറയാത്തവനും മുന്നില്‍
 തന്‍റെയാ കാണിക്കവഞ്ചി നീട്ടുന്നു !
കാലത്തിന്‍റെ ഈര്‍ച്ചവാള്‍ മൂര്‍ച്ചകള്‍ക്കിടയില്‍
ജീവിതം എന്നെയും നിന്നെയും രണ്ടായ്പ്പിളര്‍ക്കുന്നു
 രാകിയും ചീവിയും രൂപംമാറ്റുന്നു ,
നോക്കൂ ,
ജീവനില്ലാത്തവയെന്നു തോന്നിക്കാത്തവണ്ണം
എത്ര അനായാസം
 നമ്മളെ കൊന്നുകളഞ്ഞിരിക്കുന്നെന്ന് !
ഇപ്പോള്‍ ഞാനില്ല നീയില്ല
മരിച്ചവരുടെ വീട്ടിലെ
പുഴുക്കള്‍ക്കുള്ള വിരുന്നുമേശ മാത്രം
 ചുമന്നു നടക്കുന്നവരെന്നോര്‍ക്കുമ്പോള്‍
എന്‍റെ ചിരിയൊരെണ്ണം ,
ബോധോദയത്തിന്റെ വിത്ത്‌മായി പൊട്ടിച്ചിതറുന്നു .
ബാല്യ കൌമാര യൌവ്വന വാര്‍ദ്ധക്യമേ ,,,,
(ഒറ്റവാക്കില്‍ ജീവിതമേ),,,
നീയിനിയൊരു ബോധിവൃക്ഷമാവുക
മനുഷ്യമണമുള്ലൊരു കാറ്റ് വീശുക !
__________________________________