10.28.2016

ചിലന്തിയുടെ പാട്ട്

ഉദയത്തിനും അസ്തമയത്തിനും ഇടയിലൂടെ
അതിപുരാതനമായൊരു സപന്ദനവുമായി 
ജീവന്‍റെ പൊക്കിള്‍ കൊടിയായി പുഴകളൊഴുകുമ്പോള്‍
മനുഷ്യനവന്‍റെ അതിരുകള്‍ മതിലുകള്‍ കൊണ്ട് കുടുസ്സപ്പെടുത്തുകയായിരുന്നു .

ഞാനെന്ന മന്ത്രം എത്രവേഗമവരെ
മനുഷ്യമനസ്സു നീക്കിയ യന്ത്രങ്ങളാക്കുന്നു !
അഹന്ത അതിന്‍റെ കിരീടം കൊണ്ട്
ഓരോ മനസ്സുകളെയും അടിമകളാക്കിയിരിക്കുന്നു .

ശലഭമോ പൂവോ ഇല്ലാത്ത
രാജാവോ പ്രജയോ ഇല്ലാത്ത
ഇരുട്ട്മാത്രം ഉണര്‍ന്നിരിക്കുന്ന ഓരോ മണ്ണറയുടെയും
അകത്തേക്കുള്ള താക്കോല്‍ മാത്രമാണവരുടെ പക്കലെന്ന തിരിച്ചറിവിന്‍റെ നൂല്‍വെട്ടവുമില്ലാതായിരിക്കുന്നു .

മരണമെന്ന ചിലന്തി നീട്ടിവലിച്ചുകെട്ടിയ വലയാണ് ജീവിതം
മരണത്തിന്‍റെ പശയുള്ള ചതുരംഗവലയില്‍
സ്ഥാനമോ ചലനമോ
ആരുടെവിരലുകളുടെ നീക്കമോ എന്നറിയാത്ത
ഒരു കളിയിലുപേക്ഷിച്ചു പോകുന്ന കരുക്കളാകുന്നു
അവരുമവരുടെ കുഞ്ഞുങ്ങളും .

ഭൂമിയില്‍ വിവേകമുള്ളന്‍റെ ഹൃദയം
സൂര്യനെയും ചന്ദ്രനേയും ഭൂമിയെയും ഒരേപോലെയറിയുന്നു ,
ജനനത്തെയും മരണത്തെയും
അതിനിടയിലെ ഇത്തിരി ജീവിതത്തെയുമവന്‍
മാറിമാറി ധ്യാനിക്കുന്നു .
ദാരിദ്ര്യത്തിന്‍റെ സമ്പന്നതയോ ജീവിതത്തിന്‍റെ ചിതലിച്ച മേല്ക്കൂരയോ
അവനില്‍ വിഷാദത്തിന്‍റെ വിത്തിടുന്നില്ല .
ചുറ്റും കവിതകള്‍ പൂക്കുന്നതും കൊഴിയുന്നതും
അതിന്‍റെയിടങ്ങള്‍ ശൂന്യമാകുന്നതും അവനറിയുന്നു .

എങ്കിലും ,
നഗരദംശനമേറ്റ ജനതകളാണവര്‍ ,
വിഷം തീണ്ടിയ ജീവിതങ്ങളെത്രയെത്ര
വേച്ചു പോകുന്നെന്നു കാണുവാന്‍ നേരമില്ലാത്തവര്‍ .
സത്യത്തെയും നീതിയെയുമവര്‍
കനമുള്ള കാശുകൊണ്ട് തൂക്കി നോക്കുന്നു .

"അന്ധയായൊരു ദേവതയുടെ മുന്നിലല്ലോ
വീണ്ടും വീണ്ടുമാ നീതിയുടെ കണ്ണുകള്‍ കരിങ്കാക്ക കൊത്തുന്നു .
കാട്ടുതാളങ്ങള്‍ ,കടുംകതിനകള്‍ ചുറ്റും നിറച്ചല്ലോ ഇന്നിവിടെ
മനസാക്ഷിയുടെ കൊടുംബലി നടക്കുന്നു .
കാടുകളിലിപ്പോള്‍ കരിംപ്പച്ചയല്ല തണുപ്പല്ല ,
നിറയെ ഉരുകിവീഴും സൂര്യനാണെന്ന് കാണൂ നിങ്ങള്‍".

ദൈവങ്ങള്‍ മനുഷ്യരെയും ,
മനുഷ്യര്‍ ദൈവങ്ങളെയും വച്ച് ചൂതാടുന്ന ചൂളകളുടെ
മാന്ത്രികപ്പുകയാണ് ചുറ്റിലും .

അപ്പോഴും
പൊള്ളുന്ന സൂര്യനെയും കുളിര്‍ക്കുന്ന മഞ്ഞിനെയും
കാലം വിടര്‍ത്തുന്ന നിറങ്ങളെയും
മഴയുടെ ചാറ്റുപാട്ടിനെയും പെരും പാട്ടിനെയും അമ്മാനമാടിക്കൊണ്ട്
പ്രപഞ്ചം ,
എല്ലാമറിയുന്ന ഒരു മന്ത്രവാദിയുടെ ജടപിടിച്ച രൂപം പോലെ കിടക്കുന്നു .
ശാന്തമായൊരു ശീല്‍ക്കാരത്തെ രാകിമിനുക്കുന്നു .

ലോകവുമതിലെ പ്രാണികളും
ഒരേപോലെ വിശാലവും ഇടുങ്ങിയതുമാണെന്ന്
ഏതോ ചിലന്തിയുടെ മറുപാട്ട് മുറുകുന്നു .
_______________________________________