10.28.2016

ഓര്‍മ്മ ഒരു മരം

ഓര്‍മ്മ ഒരു മരമാണ്
ഒരുടല്‍ നിറയെ വിത്തുകള്‍ വിടര്‍ത്തി നില്‍ക്കുന്ന മരം .
ഓര്‍മ്മകളുടെ ചിരിയും കരച്ചിലും കൊണ്ടത്‌
ഓരോ പൂക്കാലങ്ങളും വേനലുകളും നിറച്ചുവയ്ക്കുന്നു.

ഓരോരോ തുള്ളി കണ്ണീരും ഒരോ തുള്ളി സന്തോഷത്തേയും
ഓര്‍മ്മയുടെ വിത്തുകളായി നാം സൂക്ഷിക്കുന്നു
ഒറ്റയൊറ്റയായ് അതില്‍നിന്നിലകള്‍ വിടരുമ്പോള്‍ ആ പച്ചയുടല്‍
ഒരോ ഓര്‍മ്മയെയും ഇളംതളിരായ് പിന്നെയും ഉയര്‍ത്തിപ്പിടിക്കുന്നു .

ഒന്നൊന്നായ് ഇലകളെ ഒരു കാറ്റ് തൊട്ടുപോകുമ്പോള്‍
ഒരായിരം തേനീച്ചകള്‍ അതില്‍ നിന്നും ചിറകു കുടഞ്ഞു പോകുന്നു .
ഒരിറ്റ് നീറ്റലോ പുകച്ചിലോ
ഒരിറ്റ് മധുരമോ ആശ്വാസമോ
ഒരിക്കല്‍ക്കൂടി നമ്മെ തൊട്ടുഴിഞ്ഞു കൊഴിഞ്ഞുപോകുന്നു
ഓര്‍മ്മകള്‍ മറവിയുടെ ആറടിഅറയിലേക്ക്
ഒഴിഞ്ഞു പോകുന്നതുവരെയിതു തുടരുന്നു .

ഒരു വിത്തിരുന്നിടവും ശൂന്യതയെ നിറച്ചു വയ്ക്കുന്നില്ല
ഒരു മരിക്കാത്ത ഓര്‍മ്മയേയും അതില്‍ അടക്കം ചെയ്യുന്നുണ്ട് 
ഒരോ ഗര്‍ഭപാത്രങ്ങള്‍ എന്നപോലെ !