10.05.2016

വസന്തത്തിന്‍റെ നുണക്കുഴി

വസന്തത്തിന്‍റെ നുണക്കുഴി
********************************************


വസന്തത്തിന്‍റെ നുണക്കുഴിയിലെ
ഏറ്റവും സുഗന്ധമുള്ള പൂവായിരുന്നു അവള്‍ .
ഹൃദയത്തില്‍ നിറയെ തീയുമായി
ഒരു നക്ഷത്രമായി അവന്‍ അവളെ പ്രണയിച്ചിരുന്നു .
തിരിച്ചറിയാനാകാത്ത വിധം തന്നെ
കളഞ്ഞുപോകുന്നെന്നറിയാത്ത 
ഒരു കുന്നിന്‍മുകളിലായിരുന്നു അയാളപ്പോള്‍ .

വസന്തത്തിലെ കാറ്റ് അവനെ ഉന്മത്തനാക്കിയിരുന്നു ,
ഇഷ്ടത്തിന്‍റെ കടുംകെട്ടുള്ള പട്ടുതൂവാല
കണ്ണിനുമുകളിലുണ്ടായിരുന്നു
നിറയെ ചിരികളുള്ള
ആനന്ദത്തിന്റെ വീഞ്ഞുപാത്രം
അവന്‍റെ കയ്യിലുണ്ടായിരുന്നു .
ചുറ്റും ശലഭങ്ങളുടെ പാട്ട് ചിറകടിച്ചിരുന്നു .

തന്‍റെ പേരുള്ള ചുംബനങ്ങള്‍ കൊണ്ട് അവള്‍
അവന്‍റെ ചിന്തകളെ വിലങ്ങു വച്ചു.
പ്രിയനേ പ്രിയനേ എന്ന വാക്കിന്‍റെ
മധുരനാരങ്ങയല്ലികള്‍ ചുറ്റുമടര്‍ത്തിവച്ചു.
ഒന്നിച്ചു നൃത്തം ചെയ്ത നിഴല്‍ത്തണുപ്പില്‍ പതിയെ
സൂര്യന്‍ കവിഞ്ഞൊഴുകിയത് അറിയാനാത്തവണ്ണം
അവനെയെപ്പോഴോ നഷ്ട്ടപ്പെട്ടു പോയിരുന്നു.

പ്രണയമോ,
അതിന്‍റെ മാന്ത്രികതയാല്‍ അവനെയിപ്പോള്‍
ചിതറിച്ചു കളഞ്ഞിരിക്കുന്നു.
സുഗന്ധമോ നിറങ്ങളോ ആകാശമോ ഇല്ലാതെ
ആരോ ഉപേക്ഷിച്ചപോലെ അവന്‍
തൂളിപ്പോയിരിക്കുന്നു .

ഒരു വെളുത്ത പക്ഷിയുടെ കറുത്ത തൂവല്‍
ചുറ്റും പൊഴിയുന്ന സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോള്‍
പുലരിയോ രാവോ എന്നറിയാത്ത താഴ്വരയില്‍
ഒരടയാളം പോലെ തന്നെത്തന്നെ കാണുന്നു .

ഇപ്പോള്‍ ,
വസന്തം വഴി മറന്ന കുന്നിന്‍ചെരുവില്‍
ഒറ്റയ്ക്കൊരാള്‍ മുറിവ് തുന്നുന്നു .
ചെരുപ്പില്ല കാലുകളില്‍ ,
ചെറുചിരിയുടെ ഉടുപ്പില്ല ചുണ്ടുകളില്‍
പേര് മറന്നെന്ന ഓര്‍മ്മ മാത്രം
ഇടയ്ക്കിടെ അവനെ ,
തൊട്ടു നോക്കുന്നു .

നിറങ്ങളില്ലാതെ
പാതിയടര്‍ന്ന ഒറ്റക്കൊമ്പുമായി
ഒരു പൂമരം
കൂട്ടിരിക്കുന്നു
ആകാശം കാണാതെ
ഒരു പക്ഷിക്കുഞ്ഞിനപ്പോള്‍ വഴിതെറ്റുന്നു .

അതെ ,
അവള്‍ ശരിക്കും
വസന്തത്തിന്‍റെ നുണക്കുഴിയിലെ
ഏറ്റവും സുഗന്ധമുള്ള പൂവായിരുന്നു .
അവന്‍റെ വസന്തമില്ലായ്മയുടെ നടുമുറ്റം നിറയെ
കരിയിലകളാണിപ്പോള്‍ .

ഒറ്റയാകലിന്‍റെ അടയാളങ്ങളില്‍
ഭ്രാന്തിന്‍റെ കുനിയനുറുമ്പുകള്‍
കൂട്ടുകൂട്ടുന്നു .
ഹോ! നോക്കൂ
അവന്‍റെ നെഞ്ചിലെ നീലമുറിവില്‍
ഒരു കാട്ടുമുള്‍ച്ചെടി നിറയെ
എത്രയെത്ര ചുവന്ന പൂക്കള്‍ വിടരുന്നുയെന്ന്‍ .
________________ <3 ________________