Labels

10.23.2016

അയ്യപ്പനെ ഓര്‍ക്കുന്നു ,ഇങ്ങനെ എഴുതുന്നു


അക്ഷരങ്ങളില്‍ ഉച്ചവെയിലായ് ഞാനിതാ എന്നെ പച്ചകുത്തിയിരിക്കുന്നു
എന്‍റെ ഉടല്‍നിറയെ മുറിവ് തുന്നിയെടുത്ത വസന്തമാണെന്ന് നിങ്ങള്‍ കാണുക
ദൈവമെന്ന് പേരുള്ള പച്ചമനുഷ്യാ 
ഇനിയെങ്കിലുമൊരു വയലറ്റ് ശലഭത്തെ അയച്ച്
അതില്‍ ചുംബിക്കുക .

ദാരിദ്ര്യം കൊണ്ട് സമ്പന്നനായവന്‍റെ പ്രണയിനീ
ഒരു കുരുവിയതിന്‍റെ ആദ്യത്തെ പാട്ടുകൊണ്ട്
പ്രഭാതത്തെ അലങ്കരിക്കുമ്പോഴൊക്കെയും
എന്‍റെ പ്രേമത്തെ നീയെന്ന ഓര്‍മ്മയിലേയ്ക്ക് ഞാന്‍ 
പകര്‍ന്നു വെക്കുന്നുണ്ട്.

ഞാനെന്‍റെ പ്രണയത്തിന്‍റെ ചിതലിച്ച പുസ്തകം തുറക്കുമ്പോള്‍
അതില്‍ നിന്നേഴു ചുവന്ന ശലഭങ്ങള്‍ ചിറകടിച്ചുയര്‍ന്ന്‍
നിന്‍റെ മുടിക്കെട്ടില്‍ നൃത്തം ചെയ്യുന്നു എന്നറിയുക .

പുറം തിരിഞ്ഞു നില്‍ക്കുമ്പോഴും
ഞാന്‍ കാണുന്നുണ്ട്,
നിന്‍റെ ചിരിയില്‍ നിന്നുതിരുന്ന
മിന്നാമിന്നികളുടെ പരിഹാസത്തിന്‍റെവെളിച്ചം .

വാക്കുകളുടെ നക്ഷത്രങ്ങള്‍
അതിന്‍റെ വിരുന്നു കഴിഞ്ഞു മടങ്ങിപ്പോയിരിക്കുന്നു
നിലാവിന്‍റെ മട്ട് നിറച്ച ഒരു കോപ്പ രാവിപ്പോള്‍ ബാക്കിയാണ്,
അതിന്‍റെ മേനി നിറയെ നീയില്ല ,
നിശാഗന്ധികള്‍ പൂത്തു നില്‍ക്കുന്ന പ്രണയപ്പടര്‍പ്പുകള്‍ മാത്രം.
ഇണയില്ല കൂടില്ല ,
വേദനയുടെ പാട്ടുമാത്രം പാടുന്ന പക്ഷിയായ് ഞാന്‍ ബാക്കിയാകുന്നു.

നെറ്റിയില്‍ ചുവന്ന സൂര്യനെ അണിഞ്ഞവളേ
ഇരുപുറവും സൂര്യകാന്തികളും ആമ്പല്‍പ്പൂക്കളും
നിറഞ്ഞു നില്‍ക്കുന്നീ വഴിയിലൂടെ നമ്മളിപ്പോള്‍
പ്രണയത്തിന്‍റെ ചുരം കയറുന്ന രണ്ട് കാറ്റുകളാണ് !

രാവ്കീറിയ ദൈവം അതിന്‍റെ വയറുനിറയെ
വെളിച്ചത്തെ പൂശി പകലെന്നു എഴുതിയിടുന്നു .
ഞാനെന്‍റെ മുറിവ് തുന്നുന്ന സൂചിയുമായി
ഈ നരകത്തിന്‍റെ വാതിലില്‍ ചൂണ്ടയിട്ടിരിക്കുന്നു
മീനായി മാറിയ ഒരു വേഴാമ്പലതിന്റെ
വിശപ്പിന്‍റെ ബലിയിടാനായ് ഇതുവഴി വരാതിരിക്കില്ല .

ഞാനെന്നേ ഒരു മീനായ്‌ മരിച്ചു പോയവന്‍ ,
ഞാനെന്നേ കവിതയുടെ വിശപ്പിലേയ്ക്ക് 
എരിവായ് ഉപ്പായ് സ്വയം ഇറങ്ങിപ്പോയവന്‍ .


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "