7.03.2016

ചെമ്പരത്തിഭാഷകള്‍ഒരു മഴയ്ക്ക്‌ മുന്‍പേ 
ഇഷ്ടത്തിന്‍റെ ജാലകം നിന്നെ
ഇളവെയില്‍ കൊണ്ട് തെളിച്ചു വരച്ചുവയ്ക്കുന്നു . 
നിറഞ്ഞ ഒരു മന്ദഹാസത്താല്‍ മഴയതിനെ
ജലച്ഛായയില്‍ മാറ്റി വരയ്ക്കുന്നു ,
പിന്നെ മായ്ച്ചു കളയുന്നു .
ചുവന്ന പൂക്കള്‍ നിറച്ചൊരു മരംപെയ്യുന്നതിനു കീഴെ
ഞാനത് കണ്ടുനില്‍ക്കുന്നു .

വേര്‍പിരിയുമ്പോള്‍
നമ്മിലേക് ദീര്‍ഘസന്ദര്‍ശനത്തിനു വരുന്ന വേദനയെ
സ്വീകരിക്കുവാന്‍ ആകാത്തതിനാല്‍
നിന്നെ ഇഷ്ടമില്ലെന്നൊറ്റവാക്കിനാല്‍ ഞാനെന്‍റെ
വാതില്‍ വലിച്ചടക്കുന്നു .
ദാഹം കൊണ്ട് പൊറുതിമുട്ടുന്ന ഒരു
കാലത്തെ ഓര്‍ത്തു ഞാന്‍
പൂക്കളോ പുല്‍മണമോ ഇല്ലാതെ
ശൂന്യമാക്കി വക്കുന്നു എന്‍റെ മുറ്റം ,
സ്വപ്നം തെളിഞ്ഞൊരു ഒരു കിണര്‍ മാത്രമതില്‍
ബാക്കിവക്കുന്നു .
ലോകത്തിന്‍റെ പണിപ്പുരകള്‍
നാണയപ്പെരുക്കങ്ങള്‍ കാണിച്ചെന്നെ
ബന്ധനസ്ഥനാക്കും എന്നതിനാല്‍
മേല്‍ക്കൂരയില്ലാത്ത ഒന്നിലേയ്ക് ഞാനെന്‍റെ
സ്വപ്നങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിക്കുന്നു .
ആകാശത്തെ
അതിന്‍റെയിളം നീല ഭാഷയെ
അത്രമേല്‍ സ്നേഹിക്കയാല്‍
എന്നെച്ചുറ്റിയ ചുമര്‍ നിറയെ
നീലവാക്കിനാല്‍ ആകാശമെന്നെഴുതി
കൈ വിരിച്ചിതാ അതില്‍ ,ചേര്‍ന്ന് നില്‍ക്കുന്നു .
ഞാനെന്നില്‍ തന്നെ ദരിദ്രനും സമ്പന്നനുമാകയാല്‍
എനിക്കെന്നോടുള്ള സ്നേഹത്തെയിതാ
പണയം വക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്യുന്നു .
ചെമ്പരത്തി വീഞ്ഞിനാല്‍ ,
നിറയുകയും ഒഴിയുകയും ചെയ്യുന്നെന്‍റെ പാനപാത്രം ,

 എന്‍റെ ഏകാന്തതയുടെ വേനല്‍ കനക്കുമ്പോള്‍
നിന്നെയോര്‍ക്കുന്നു ,
ആ നിമിഷത്തിലേയ്ക്ക് മഴചാറുന്നു
വെയില്‍ ചാറുന്നു ,പപ്പാതി .
അതിന്‍റെയപൂര്‍വ്വ ഗന്ധത്തിലെന്നെയും
നിന്നെയും മറന്നുപോകുന്നു .
മഴയതിന്‍റെ അതിപുരാതന ഗോത്രഭാഷകൊണ്ട്
എനിക്കുചുറ്റും ഉന്മാദനൃത്തം ചെയ്യുന്നു ,
ഞാന്‍ ആകാശത്തിന്‍റെ ഏക്‌താരയുടെ
ഒറ്റക്കമ്പിയായ് മാറുന്നു .