Labels

5.28.2016

നട്ടുച്ചയുടെ ചിരികള്‍


1) ഒരു പളുങ്ക് ഗോട്ടിയുടെപോലും 
വേദന അറിയാത്തവന്‍ 
ഒരു ചരല്‍വഴിയും 
പാദുകം ഇല്ലാതെ കടന്നു പോകില്ല,
വാക്കിലല്ലാതെ !
****************************************
2) മഴയും മഞ്ഞും വെയിലും കൊണ്ട്
കാലം നമ്മെ തൊട്ടു നോക്കുന്നു
ചിറകും ചുവടും അഴകും ഓര്‍മ്മയും
മറുകും ഒന്നൊന്നായ് നാമങ്ങിനെ
കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു .
കാലമതിന്റെ പിന്നിലേയ്ക്ക്
ഓരോ നമ്മളെയിങ്ങനെ
അഴിച്ചു വക്കുന്നു .
*****************************************
3) ജീവിതം നിലാവും വെയിലുമാണ്
ഒന്നിനോടൊന്നു സാദൃശ്യം ചൊല്ലിനോക്കുമ്പോള്‍
ഇത്തിരി വിടവ് ബാക്കിയാകുന്ന
ഉപമയുമാണ് .
******************************************
4) കതിര്ക്കുല കൊത്തി പറക്കുമ്പോള്‍
കാത്തു നില്ക്കുന്ന കൂടിനെ
ഞാന്‍ നിന്റെ അടയാളം കൊണ്ട്
ഓര്‍ത്തുവക്കുന്നു 
******************************************
5) ഒരുവന്‍റെ ശാന്തതയിലെയ്ക്ക് ചിന്നിചിതറുന്ന
വെളിച്ചമോ ഇരുട്ടോ ആകട്ടെ
അത് ഒറ്റയാനാണ് .
****************************************
6) ഹൃദയം നിറയുമ്പോള്‍
വാക്കുകളെ ചോര്‍ത്തിക്കളയാന്‍
ദൈവമൊരു സുഷിരം സമ്മാനിച്ച
കുട്ടിയാണ് ഞാന്‍ ,
സ്നേഹം കൊണ്ട് നിറയുമ്പോള്‍
ആ സുഷിരത്തിലൂടെ ചോര്‍ന്നുപോകാതിരിക്കാന്‍
ഞാന്‍ കണ്ണുനീര്‍ നിരന്തരം തൂവിക്കളയുന്നു .
*****************************************
7) സ്വാതന്ത്ര്യമെന്നും
നാക്കിന്റെ തടവറയില്‍ ഇളകുന്ന
വാക്കുതന്നെ !
__________________________________________



No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "