5.04.2016

രാജത്തെരുവ്
തെരുവ്  ഒരു  രാജ്യമാണ് 
തോറ്റവന്റെ  വിശാലമായ  മേല്‍ക്കൂരകള്‍ 
രാത്രിയതിന്റെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിക്കുന്ന രാജ്യം .

ഒരു  കോപ്പ  വെള്ളവും 
പാതിവയര്‍ നിറയാന്‍  ഒരപ്പത്തിന്‍റെ അരികും  തരിക 
ഞങ്ങളുടെ കണ്ണുകളിലെ ചിരികാണുക  എന്നവരുടെ  
മുദ്രാവാക്യങ്ങള്‍ .

ആകാശവും  സൂര്യനും  ആദ്യം  തൊടുന്നത്  അവരെയാണ് 
ഭാഗ്യത്തിന്റെ  കറുത്ത  അക്ഷരമാണ്  അവരുടെ രാജമുദ്ര .
കെട്ടുപോയ ഒരു  സൂര്യനാണ്  
അവന്റെ  രാജ്യത്തിന്‍റെ പതാകയുടെ  
ഒത്ത  നടുക്ക് .

ജനത്തിന്‍റെ കുതിരകള്‍  ചിനയ്ക്കുമ്പോള്‍ 
കൈ  നീട്ടുന്നിടം മാറിയൊതുങ്ങണം എന്നവരുടെ  ജ്ഞാനോദയങ്ങള്‍ .
തെരുവിന്‍റെ രാജാവിനെ  ജനങ്ങള്‍  ഭരിക്കുന്ന  ജനാതിപത്യമാണ് !

ഭ്രാന്തന്റെ  പാട്ടും നാടോടിയാട്ടവും 
ചാക്കുനൂല്‍ തൊങ്ങലുകളോടെ ആര്‍ഭാടത്തെയ്യങ്ങളും  
അവന്റെ  സദസ്സിലെ അലങ്കാരചിലബുകളനക്കുന്നു .  . 
നാണയക്കനമില്ലാത്തവന്റെ ഖജനാവിലെ സമാധാനം  
അവന്റെ  കൂടെയാണ്  വാസം .

അവന്റെ  രാജകുമാരികള്‍  സുന്ദരികളെങ്കിലും 
അഴുക്കു  കൊണ്ട്  മെയ്യെഴുതിയവര്‍ എന്നും 
വേഷം  മാറി  നടക്കുന്നു .
ആഴമുള്ള  കണ്ണുകള്‍കൊണ്ടവര്‍  
നമുക്കിടയിലൂടെ  സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു .
ഒറ്റക്കാലണയുടെ  ചിരികൊണ്ട്  
അവരുടെ  വിശപ്പുകള്‍ അടയുന്നേയില്ല .
മുടിയുടെ  കടുംകെട്ടുകളില്‍ ഇടയ്ക്കിടെ 
വിരലുകള്‍  ഉടക്കുമ്പോള്‍
വിശപ്പിനേക്കാളും വെറുപ്പിനെക്കാളും വലിയൊരു വേദനയും  
ഞങ്ങള്‍  അറിയുന്നില്ലെന്നവര്‍ 
നിര്‍വികാരതയെ കുടഞ്ഞെടുക്കുന്നു .
ദേശങ്ങള്‍  കാലങ്ങള്‍ കാതങ്ങള്‍ താണ്ടുമ്പോഴും 
അവരുടെ  രാജ്യം  അസ്തമിക്കുന്നില്ല ,
കറുത്തസൂര്യന്റെ  രാജ്യമെണ്ണ്‍  പേരുകേട്ട  രാജജനത !

പടയൊരുക്കങ്ങളില്ല പടപ്പുറപ്പാടുകളുമില്ല
ഇരിപ്പിടമോ വിളക്കോ ഇല്ല ,
ഉള്ളതോ  ,
ഭൂമിയുടെ ചൂടും തണുപ്പും 
പിന്നെയാ മൂന്നാമത്തെ ചുവടിനെ  സ്വീകരിക്കുവാനുള്ളോരാ  ശിരസ്സും .

ആകാശം  നക്ഷത്രങ്ങള്‍ കുരുങ്ങിയ  ഒരു  വലപോലെ 
രാത്രിയില്‍  അവര്‍ക്ക്  മീതെ ,നിലാവിനെ  നിശ്വസിക്കുന്നു . 
വെയിലിന്‍റെ സന്തതികളെ  തന്‍റെ തണുപ്പറിയിക്കുന്നതില്‍  
പരാജപ്പെട്ടു  കൊണ്ടെന്നുമത് മടങ്ങിപ്പോകുന്നു .
ഓരോ പകലിലും  ഒളിച്ചിരിക്കുന്നു .

മങ്ങലേറ്റ  കണ്ണാടികളില്‍  മുഖം  നോക്കുന്ന  രാജാക്കന്മ്മാര്‍ 
തെളിച്ചമില്ലായ്മയുടെ  തെളിച്ചത്തെ പ്രതിരൂപമെന്നു  കാണുന്നു .
അവരുടെ  ചുവരുകളില്‍  നിഴലില്ല  നിലാവുമില്ല 
ദൈവങ്ങളെല്ലാം  ഒളിച്ചോടിയവരുടെ രാജ്യമാണ്  അവരുടേത് !

കാലം കരുണയില്ലാത്ത നുകം  ചേര്‍ത്ത് 
ഉഴുതുമറിച്ച  ജീവിതത്തില്‍  അവര്‍  
വിശപ്പിന്റെ  ദാഹത്തിന്റെ  വിത്തുകള്‍  കുത്തി  
വിളവെടുക്കുന്നു ,നൂറുമേനി .

തുറമുഖമോ നങ്കൂരമോ ഇല്ലാത്തവരുടെ  കപ്പല്‍ചേദങ്ങളിലൂടെ 
അവരുടെ യാത്രകള്‍  .

കൂട്ടിത്തുന്നാത്ത വലക്കീറുകള്‍ കൊണ്ടവര്‍  
നിന്റെ  രാജ്യത്തെ ജനതയുടെ മറുപാതിയെ മറച്ചു  പിടിക്കുന്നു.

ബോധത്തിന്‍റെ ഏതോ വിരല്‍  
സത്യം  കൊണ്ട് നിങ്ങളെ  തൊട്ടുനോക്കുമ്പോള്‍
ഉടുപ്പികളിലൊക്കെയും ചെളി  പറ്റുന്നെന്നു  
നിങ്ങളതിനെ  ആട്ടിയോടിക്കുന്നു .

അഴുകിയ മനസ്സിനെ 
തിളങ്ങുന്ന പാത്രത്തില്‍  വിളബിവച്ചവന്റെ  വിരുന്നാണ്  
നിന്റെതെന്നു  
ഏതു  നേരിന്‍റെ കൊഴികൂവുമിനിയെന്നവര്‍ 
പിന്നെയും ദേശപിന്നാംമ്പുറങ്ങളിലെ 
കുപ്പിച്ചില്ലുകള്‍  പെറുക്കുന്നു .

നിന്‍റെ ദൈവം ഒരു  കോട്ട് വായിടുന്നു 
കറുത്തരാജ്യത്തിന്‍റെ  വിശപ്പിന്‍റെ പാട്ടുകേട്ട് 
പിന്നെയും  ഉറങ്ങിത്തീര്‍ക്കുന്നു .
____________________________________________