5.28.2016

പൂമണം കൊണ്ട് അടയാളം വയ്ക്കുന്ന ഒന്ന്


 ഉള്ളിലൊരു മഴയുംകൊണ്ട്‌ ഞാന്‍ 
നിന്റെ നെഞ്ചില്‍ ചായുമ്പോള്‍
ഒരിളവെയില്‍ കൊണ്ട് മുത്തമിട്ടെന്നെ നീ
ഈറനാറ്റുന്നു .

നിന്‍റെ സ്നേഹത്തെക്കാള്‍ വലിയൊരു ഇടവും
എനിക്ക് തിരികെ ചേക്കേറുവാനില്ലെന്നെന്റെ
ചുണ്ടിലൊരു ,ചുവന്ന പൂവിരിയുന്നു .

നിന്‍റെ നെഞ്ചിടിപ്പിന്‍ ചാരെ നിന്നും
കണ്ണുയര്‍ത്തി ,
മുഖമുയര്‍ത്തി ,
നിനക്ക് നേരെയത് നീട്ടുമ്പോള്‍
വസന്തമെന്ന് ചുറ്റും ,ശലഭങ്ങള്‍ നിറയുന്നു .
നിറമുള്ള സംഗീതം കൊണ്ട് ചിറകുകളനക്കുന്നു
ഒരു തുടം മുല്ലമണം കൊണ്ട്
ഞാനവയെ അടയാളം വക്കുന്നു .
*********************************************************************
ചിത്രം-സൌദീലെ മുല്ലമണം ഉള്ളൊരു പൂവ് .