4.09.2016

മൊണാലിസയുടെ ഉന്മാദവാക്യങ്ങള്‍
1) ഒരുറക്കം കൊണ്ട്                                  
മുറികൂടുന്ന ഒന്നാണ്  പലപ്പോഴും
ഉണര്‍വ്വിന്റെയാ  മുറിവുകള്‍ .
__________________________________
2) വേനലെത്ര ഞെരിച്ചുകളഞ്ഞാലും
വസന്തം ആഞ്ഞൊരുമ്മവച്ചാല്‍
ജീവന്‍വയ്ക്കാവുന്നതേ ഉള്ളൂ ചില നമ്മള്‍ !
___________________________________
3) ഗ്രീഷ്മം തൊട്ടു  നോക്കുമ്പോള്‍
വസന്തം
ആമത്തോടിനുള്ളിലേയ്ക്കെന്നപ്പോലെ
ചുരുങ്ങിപ്പോകും ,

വിഷാദം  തൊട്ടു നോക്കുമ്പോള്‍
വസന്തം  ഒന്നാകെ മോന്തിയ
ആ  പാനപാത്രം നാം പാടെയും
 മറന്നു  കളയും .
_________________________________
4) ഒരു ഉലഞ്ഞ ഹേമന്തത്തിനപ്പുറമിപ്പുറം
നാം നില്‍ക്കുമ്പോള്‍
ഇന്നീ  വേനലിന്റെ  പൂമണം
നിന്റെ  ചിരിയുള്ള  ചിത്രത്തില്‍
ചാര്‍ത്തുന്നു  ഞാന്‍ .
_________________________________
5) മരണം  കൊണ്ട്  സുഖപ്പെടുന്ന
ഒരസുഖം  മാത്രമാണ്
ജീവിതം !
_________________________________
6) ഓര്‍മ്മകള്‍ പൂക്കുന്ന  ഒരുമരമാണ്  ഏകാന്തത
നിറയെ  ഓര്‍മ്മകള്‍  ശൂന്യമാകുന്ന മരുവിടവും അതുതന്നെ !
______________________________
7) മഴയുടെ എഴുത്താണി തൊടുമ്പോള്‍
ഭൂമിയില്‍  പച്ചയക്ഷരങ്ങള്‍
കാറ്റിന്‍ കുളിര്‍ക്കൂവലുകള്‍
പായല്‍ വകഞ്ഞു മത്സ്യലിപികള്‍  !
___________________________________
8) നാം നമ്മെത്തന്നെ ഉമ്മവച്ചുകൊണ്ടിരിക്കുമ്പോള്‍
കാണാതെയാകുന്നു ഒരു ലോകംമുഴുവനെത്തന്നെയും.
___________________________________
9) ഓര്‍മ്മകളില്ലാതാകുന്നിടം വരെ
ഓരോരോ ഓര്‍മ്മയെ
നട്ടു പോകുന്നു നാം.
***********************************