4.08.2016

പാതിനിറച്ച പ്രണയ കവിതകള്‍

പാതിനിറച്ച അഞ്ച് പ്രണയ കവിതകള്‍
_______________________

1) നാമെന്നു വിശക്കുമ്പോള്‍
നിന്‍റെയോര്‍മ്മകളെ ഭക്ഷിക്കുന്നു ഞാന്‍
വിരഹത്തിന്‍റെയീ 
വിശുദ്ധ താലത്തിനിരുപുറം നമ്മളിരിക്കുന്നു ,
എനിക്കും നിനക്കുമിടയില്‍ ഇപ്പോഴും  
ആ എഴുകടലുകളുടെ ഉപ്പ് .
______________
2) ഏകാന്തയെന്നാല്‍ 
നിന്നെക്കുറിച്ചു പൂക്കള്‍ പൊഴിക്കുന്ന  
ഒരു പൂമരത്തണലാണെനിക്ക്
പ്രണയം ഒരു മഴയായ് 
ഈ മരുഭൂമിയെത്തൊടുമ്പോള്‍
ചുറ്റും നിന്നെ മണക്കുന്നിടം .
________________
3) പ്രണയാക്ഷരത്തിന്‍ പപ്പാതി നാം
പ്രണയമെന്നെഴുതി മുഴുമിക്കും മുന്‍പേ  
ഒരുമിച്ചുവിളികേള്‍ക്കുന്ന  
രണ്ടുടലുകള്‍.
___________________
4) ഒരിലയുടെ അപ്പുറമിപ്പുറം
നമ്മെ ചേര്‍ത്തു വയ്ക്കുന്ന
ഇഷ്ടത്തിന്‍റെയാ പച്ചഞരമ്പുകള്‍.

വാക്ക് തോരാതെ
നോക്ക് തോരാതെ
നില്‍ക്കുന്ന നേരത്ത്
ഒരു കാറ്റ് ബാക്കിയാക്കുന്ന
ഞെട്ടടയാളങ്ങളിലൊന്നു നാം .
____________________
5) പ്രണയമെന്നാല്‍ ലഹരിയല്ല
ലഹരിയെന്നാല്‍ പ്രണയുമല്ല
അതിലേയ്ക്കുള്ള പാതകളില്‍
നാം നമ്മെ മറന്നുപോകുന്ന  
ചിലയിടങ്ങള്‍ മാത്രം .
____________________
6) വിവര്‍ണ്ണമായൊരു ഏകാന്തതയില്‍
പിഴുതെടുത്ത മയില്‍‌പ്പീലി ബാക്കിവച്ച
മുറിവിന്‍റെ വേദനയാണ് നീ
ഞാന്‍ പിന്നെ 
നമ്മുടെ പ്രണയം ,
എന്നീ 
മൂന്ന്‍ ഒറ്റകള്‍ .
_____________________
7) ഒറ്റച്ചുംമ്പനം കൊണ്ട് നിറയെപ്പൂത്തുപോയ 
പ്രേമമരങ്ങള്‍ കണ്ടിട്ടുണ്ടോ !
പ്രണയത്തിന്‍റെ അള്‍ത്താരയില്‍ 
ഒരുകവിള്‍ വിശുദ്ധ വീഞ്ഞിനൊപ്പം 
അവര്‍ സന്തോഷത്തിന്‍റെ അപ്പം പങ്കിടുന്നു.
നിന്‍റെ ചെമ്മരിയാടുകളെ വഴിതിരിച്ചു വിടുക .
അതാണവര്‍ക്കുള്ള സമ്മാനം .

പ്രണയത്തിന്റെ രാജ്യത്തിലെ
പരിശുദ്ധ കുര്‍ബ്ബാന ,
കത്തിക്കൊണ്ടിരിക്കുന്ന മുള്‍പ്പടര്‍പ്പിലെ 
ദൈവസ്വരം ,
സ്നേഹം പകുത്തുനല്കുന്ന നാം
അത്രയും ധാരാളം !
_________________________