Labels

4.08.2016

കവിതയനക്കങ്ങള്‍


കവിതയുടെ കാട്ടുവഴിനീളെ
തോല് പൊളിഞ്ഞ വാക്കിന്‍റെയാ 
നട്ടുച്ചകള്‍
തൊണ്ടപൊട്ടിയ ഒച്ചയിടര്‍ച്ചകള്‍
തുടിയനക്കമില്ലാത്ത ശൂന്യമായ
കിണറ്റുവക്ക്

ഭിക്ഷയൊന്നുമില്ലാതൊരു കാലം തളര്‍ന്നു നില്‍ക്കെ
വാക്കിന്‍റെയാ കുടത്തിന്‍ അടിത്തട്ടില്‍
ഒരു തിളക്കം കണ്ടു
കല്ലുകള്‍ പെറുക്കിയുയര്‍ത്തിയപ്പോള്‍
അതിലൊരു കവിതയുടെ
നനവുള്ളയിളക്കം കണ്ടൂ
കവിത കൊണ്ട് ദാഹം മാറ്റിയ കാക്കയായി
കവി രണ്ടക്ഷരം ചീന്തി പറന്നു പോയി .

കവിതയില്ലാത്തവന്റെ
പുരപ്പുരത്തൊരു വാക്ക് വീണു പോയി
മഴത്തുള്ളികളായത്‌ ഇരട്ടി കവിതപെയ്തൂ
കല്ലുകള്‍ പുല്ലുകള്‍ പൂവുകള്‍ പുഴകള്‍
മനുഷ്യരുമതിന്റെ മുലയുണ്ടു .

കാട്ടിലൊരു വാക്ക് കാക്ക കുഴിച്ചിട്ടൂ
കാടാകെ പൂത്തുതളിര്‍ത്തു നിന്നു
വാക്ക് വരണ്ട കാലത്തില്‍
വിയര്‍ത്തിറ്റിയ കവിതയുടെ ഉടലില്‍ നിന്നുമപ്പോള്‍
നാടാകെ കവിതമണക്കുന്ന കാറ്റ് വീശി .

വാക്ക് തോരാതെ കവിത തോരാതെയങ്ങനെ
നില്ക്കുന്ന നേരത്ത്
വാലാട്ടിപ്പക്ഷിയുടമ്മ വീണ്ടും
മൂന്ന്‍ മുട്ടയിട്ടൂ .
നോക്കൂ ,
ഇപ്പോള്‍ ആ കിളിക്കൂട്
കവിതതിങ്ങിയ മൂന്നക്ഷരമുയര്‍ത്തി
ധ്യാനിച്ചു നില്‍ക്കുന്നു !

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "