Labels

4.30.2016

അരുതുകളുടെ ചെങ്കോല്‍





ചോറ്റുപാത്രത്തില്‍ ചാടിക്കയറുന്ന
ചൊറിയന്‍ തവളയാണിന്നു ഫാസിസം.
മതവും രാഷ്ട്രീയവും 
മനുഷ്യരെ ഭക്ഷിക്കുന്ന കാലത്ത് 
തലയ്ക്ക് മുകളില്‍ വാള്‍ തൂങ്ങിയാടാത്ത 
ഒരു സ്വാതന്ത്ര്യവും ഇന്നുനമുക്കില്ല  !

വര്‍ത്തമാനം 
അരുതരുതെന്ന് അലറും പൂതങ്ങളെ  
കെട്ടഴിച്ചു  വിട്ടിരിക്കുന്നു .
ഭാവിയോ  അതില്‍ ആവിയായ്ത്തീരുന്നു .
ദ്രവിച്ചു  തീരുന്നു ,
ബാക്കിയാകാതെ മനുഷ്യഗുണങ്ങളും .

മനുഷ്യനിലെ ചോരയ്ക്ക് പലനിറമല്ലെന്ന് 
പലവട്ടം  തെളിഞ്ഞിട്ടും 
പലതെന്ന് തന്നെ  പിന്നെയും  പിന്നെയും 
പുകയുന്തുന്ന ചൂളകള്‍ പൊന്തുന്നു ചുറ്റിലും 
പകയുന്തുന്ന ജാഥകള്‍ പരസ്പരം മുഷ്ട്ടിചുരുട്ടുന്നു .

അവനെന്നും  ഇവനെന്നും 
എന്‍റെയും നിന്റെയും ചൂണ്ടുവിരല്‍ ക്കടയുന്നു ,
ചോരമണക്കുന്ന  അതിപുരാതന  ചിത്രങ്ങള്‍  
വീണ്ടും തെളിയുന്നു .

നമ്മുടെ  സന്തോഷങ്ങളിലോക്കെയും 
അരുതുകളുടെ കട്ടുറുമ്പുകള്‍ കൂടുകൂട്ടുന്നു ,
സ്നേഹത്തിന്‍റെയാ മലതുരന്നതിനെ  വെറും  
പൊടിമന്കൂനയക്കുന്നു,
ഒരു വിഷമഴച്ചാറ്റലിലോ നാമപ്പോള്‍ 
വേര്‍പ്പെട്ടുപോകുന്നു .

വിശപ്പിലും വിചാരത്തിലും 
വാക്കിലും  വരയിലും 
ദൈവപ്പേരിലും തമ്മില്‍ത്തമ്മില്‍ 
അസഹിഷ്ണുതയുടെ വിഷദംശനമേല്ക്കുന്ന
ജനതയാകുന്നു നമ്മള്‍ .
നീലിച്ചു  പോകുന്നു  ,
എന്റെയും നിന്റെയും ബാക്കിവന്ന ജീവിതം .

ദേശമിന്ന് ,
അസഹിഷ്ണുതയുടെ കടുത്ത ചായം പടര്‍ന്നൊരു  
ഭൂപടം  മാത്രം !
വെട്ടുക്കിളികളെ പോറ്റുന്ന യജമാനന്‍മാരുടെ  
സിംഹാസനച്ചുവട് ,
സ്വാതന്ത്ര്യങ്ങളുടെ കല്ലറയൊരുക്കങ്ങളില്‍ 
കല്ല്‌ശേഖരിക്കുന്നവരുടെ ഇനിയും നീളുന്ന നിര .

ഒച്ചയില്‍  ഒഴുക്കില്‍ ,ഒരുമയില്‍ 
അണകെട്ടുന്നവരുടെ  അനക്കങ്ങള്‍ ,
അയല്‍ക്കാരന്റെ വിളക്കൂതുന്ന ആര്‍പ്പുവിളികള്‍ ,
അടുത്തുവരുന്നു .

വെളിച്ചത്തിന്‍റെ കമ്പളത്തില്‍ ആരോ 
ഇരുട്ടിന്‍റെയാ പഴന്തുണി 
പിന്നെയും തുന്നിച്ചേര്‍ക്കുന്നു ,
കറപിടിച്ച ഒരു  ചിരിചിരിക്കുന്നു .

വിശക്കുന്നവന്‍റെ അടുപ്പിലെ  
എണ്ണിത്തിളപ്പിക്കും ഉപ്പില്ലാത്ത വറ്റിനും
ഉച്ചയൂണ് നേരത്തെ ഒറ്റിക്കൊടുത്ത 
വറുത്തമീന്‍മണത്തെ വലിച്ചുകേറ്റിയ 
അവന്‍റെ മൂക്കിനും
പിഴചുമത്തേണ്ടതുണ്ടെന്നു
ഈ നൂറ്റാണ്ടിന്‍റെ ന്യായം 
നമുക്ക് മുകളില്‍ 
ചെങ്കോല്‍ നീട്ടുന്നു .
_____________________________
സോണി ഡിത്ത്
______________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "