Labels

4.22.2016

നാം കണ്ണടച്ചിരിക്കുന്ന വിശപ്പുകള്‍




വിശപ്പുകൊണ്ട് മാത്രം മരണത്തെ തിരഞ്ഞെടുക്കേണ്ടി വരുന്നതിന്‍റെ ആ നിസ്സഹായത എത്ര ഭീകരമാണ്.മക്കള്‍ക്ക് ദിവസവും നെയ്യും പാലും വാരിക്കോരി ക്കൊടുത്തിട്ടും അവര്‍ കഴിക്കുന്നില്ലെന്ന്‍ സങ്കടം പറയുന്ന നീയും ഞാനുമടക്കം പലരും തലതാഴ്ത്തി തന്നെ നില്‍ക്കണം.
ഇന്ന് നമ്മള്‍ അടുത്തവീട്ടിലെ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആകാത്തവിധമുള്ള മതിലുകള്‍ കെട്ടുന്ന തിരക്കിലാണ് . അവനവന്റെ വിശപ്പും സുരക്ഷയും മാത്രമാണ് നമ്മുടെ ലോകം .ദിവസവും ഒരു സങ്കോചവും കൂടാതെ പാഴാക്കുന്ന ഭക്ഷണം അടുത്തവന്റെ വിശപ്പിലേക്കുള്ളത് കൂടിയാണ് എന്നത് നമ്മുടെ വിഷയമല്ല. അടുത്തുള്ളവരെ എന്നതിനേക്കാള്‍ അകലെയുള്ളവരെ സഹായിക്കാനും അവര്‍ക്കുവേണ്ടി വാപിളര്‍ത്തി ഒച്ചയുണ്ടാക്കാനും ആണ് നമുക്ക് ആവേശം.അതിനാണ് ഇന്ന് മാര്‍ക്കെറ്റും വാര്‍ത്തകളില്‍ സ്ഥാനവും .
സ്വന്തം രാജ്യത്തെ(സ്വന്തം നാട്ടിലെ അതുമല്ല ഇപ്പോള്‍ അത് അതിലും അടുത്തെത്തി യിരിക്കുന്നു ) വിശപ്പുകള്‍ ഇങ്ങനെ തൂങ്ങിയാ ടുമ്പോള്‍ വിദേശിയുടെ പെട്ടിക്കടയില്‍ നിന്നും വാങ്ങുന്ന അനാവശ്യങ്ങള്‍ കൊണ്ട് നമ്മുടെ സല്‍ക്കാരങ്ങളെ കുത്തിനിറച്ച് നാമിങ്ങനെ ത്തന്നെ ഇനിയും ഞെളിഞ്ഞു നിന്ന് നമുക്കുള്ള കയ്യടികള്‍ ആസ്വദിക്കും .
നാലുനേരം ഉണ്ണുന്നവന് ഒരുനേരത്തെ വിശപ്പിനെ പോലും നേരിടാനുള്ള കഴിവില്ല. ആവശ്യത്തിലധികം വയറുനിറയു ന്നതുകൊണ്ടുള്ള അസ്വസ്ഥത കൊണ്ടുമാത്രം പട്ടിണി കിടക്കുന്നവരാണ് നമ്മള്‍ .
കീബോര്‍ഡുകളിലെ കറുത്ത ചതുരാക്ഷരങ്ങള്‍ യാതൊരു വികാരവുമില്ലാതെ ചന്തയില്‍ കൊണ്ടുവച്ചിങ്ങനെ പ്രതികരിക്കുകയും കുറ്റം പറയുകയും മാത്രം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പുതിയ സംസ്കാരത്തിന്റെ ഇരകള്കൂടിയാണ് നാം.
വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് സുഹൃത്തെ ചൂടാറുന്ന  ശവശരീരങ്ങള്‍ക്കൊപ്പം നമ്മുടെ നാക്കുകളും ചിന്തകളും നമ്മള്‍ പൂട്ടിവക്കുന്നു.
തൊണ്ടപൊട്ടുമാറുള്ള മുദ്രാവാക്യമോ അവനവന്‍ പ്രസ്ഥാനങ്ങളെ മാത്രം കാണാനും കാടുപിടിപ്പിക്കാനും ഉള്ള ആവേശങ്ങളുമല്ല വേണ്ടത് സുഹൃത്തേ,കാടിന്‍റെ മക്കളില്‍ നിന്ന് അവരുടെ ജീവിതവും ജീവനും പിടിച്ചു പറിച്ചിട്ടു അവരെ പട്ടിണിക്കിടുന്ന രാജാക്കന്‍ മാരും പ്രജകളും, ഇതിനു മറുപടി പറയെണ്ടിവരുന്ന കാലത്തെ നേരിടാന്‍ ഒരുങ്ങിയിരുന്നുകൊള്ളുക .
മാപ്പ് ചോദിക്കാന്‍ പോലും പ്രതികാരത്തിന്‍റെകാലം കാത്തുനിന്നു എന്നുവരില്ല .

********************************************************************
ആ  വാര്‍ത്ത  തെറ്റായി  റിപ്പോര്‍ട്ട്  ചെയ്ത  ഒന്നായിരുന്നു   എന്നറിയുന്നു .
വാര്‍ത്തകളെ സെന്‍സേഷണല്‍ ആക്കി മുതലെടുക്കുന്ന പുതുമാധ്യമ ധര്‍മ്മപരിപാലകരുടെ വാര്‍ത്തകളെ നമ്മള്‍ ഇനിയും എങ്ങനെ വിശ്വസിക്കും എന്ന് അറിയുന്നില്ല. കഷ്ട്ടം തന്നെ . ജനങ്ങളെ മുഴുവന്‍ വിഡ്ഢികള്‍ ആക്കുന്നതരത്തിലുള്ള മാധ്യമ പ്രവൃത്തനം നടത്തുന്നതിലും നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ് . ഇങ്ങനെ ഉള്ളവര്‍ക്കെതിരെയും കടുത്ത നടപടികള്‍ എടുക്കാന്‍ നിയമം ഉണ്ടാകണം എന്നാണു ഇപ്പോള്‍ തോന്നുന്നത് .
വാര്‍ത്തകള്‍ ഇടുന്നവരെ ആദ്യം നമിക്കണം ,, ഇപ്പൊ പലതവണ ആയി സത്യാവസ്ഥ മറച്ചുള്ള റിപ്പോര്‍ട്ടിഗ് ,,

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "