3.16.2016

പലകാല കവിതകള്‍

!) വിചിത്രമാണ്
വിഷാദം നിറഞ്ഞ ഇടവഴിയിലെ നിഴലുകള്‍ 
കൊമ്പുകോര്‍ക്കുന്നതോ 
ആലിംഗനം ചെയ്യുന്നതോ എന്നറിയാത്തവിധം 
അവ നമ്മെ കബളിപ്പിക്കുന്നു .
_____________________________________
2) ചില്ല് തകരുന്ന ഒച്ചപോല്‍ അവര്‍ വഴക്കിടുന്നു
ഇഷ്ടങ്ങള്‍ എതിര്‍ദിശയില്‍ ചേര്‍ന്നിരിക്കുന്ന പൂപ്പാത്രത്തില്‍  
അഴുകുന്ന നിശബ്ദത ഇപ്പോള്‍ പരന്നുമണക്കുന്നു .
____________________________
3) കഠാരയ്ക്ക്  
മുറിവേല്‍പ്പിക്കാന്‍ സാധിക്കാത്തൊരു 
മഞ്ഞുതുള്ളിക്കല്ലാതെ
മഴവില്ല് കൊണ്ട് ചിരിയ്ക്കുവാന്‍  
മറ്റാര്‍ക്ക് സാധിക്കും .
__________________
4) ഉറപ്പുള്ളൊരു ഉടലുണ്ട് എങ്കിലും
ചലിക്കാത്ത കണ്ണുകളും
ചിരിയ്ക്കാത്ത ചുണ്ടുകളും ഉള്ളൊരാളെ
പക്ഷികള്‍ക്ക് ഇരിപ്പിടമാകാം എന്നല്ലാതെ  
എന്ത് ഗുണം .
_________________________
5) ശില്പ്പ നഗ്നതയില്‍ കലയുടെ  ഗാഭീര്യം
ശില്പിക്കുമവന്‍റെ  ഉളിമൂര്‍ച്ചയ്ക്കും കയ്യടി പൊന്നാട ,
ശിലയിലേയ്ക്കാവാഹിക്കപ്പെട്ട  
പെണ്ണുടലിന്‍റെ വിയര്‍പ്പിറ്റിയ കണ്‍നീറ്റലുകള്‍ക്ക് 
അയിത്തത്തിന്‍റെ പിന്നാമ്പുറവും 
പുലയാടി"യെന്നൊരാട്ടും സദാചാരദ്ദക്ഷിണ  ! 
_________________________________________