Labels

3.24.2016

എനിക്കൊന്നുമില്ല ! ! !


എന്‍റെ രാജ്യത്തെ കുട്ടികള്‍ നീതിക്കു വേണ്ടി ദാഹിച്ചു നിലവിളിക്കുന്നു
എനിക്കൊന്നുമില്ല ,
വിശക്കുന്നവരെങ്കിലും അവരുടെ കണ്ണിലെ കനല് കാണുക
എന്ന് ആരൊക്കെയോ കൈചൂണ്ടുന്നു,
എനിക്കൊന്നുമില്ല
അവരുടെ വാക്കിന്‍റെ മൂര്‍ച്ചകളെ
അവരുടെ മനുഷ്യപക്ഷങ്ങളെ ഒക്കെയുമവര്‍
ലാത്തികള്‍ കൊണ്ട് തൊട്ടുതിണര്‍പ്പിക്കുന്നു.
എനിക്കൊന്നുമില്ല .

കുട്ടികളുടെ ചോദ്യങ്ങളെ യുദ്ധംകൊണ്ട് നേരിടുന്ന
രാജ്യമാണ്
വിലങ്ങും വിലക്കും ഉരിഞ്ഞെടുക്കുന്ന ജീവിതവുമാണ് പാരിതോഷികങ്ങള്‍ !

ഇവിടെയിപ്പോള്‍ "
എന്റെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്‌ "
ഈ ആശ്വാസങ്ങളു മൊരിക്കല്‍ പൊട്ടിത്തൂളുമെന്നോര്‍ക്കാതെ
നാം തീ കായുന്നു .
അതവിടെയല്ലേ എനിക്കെന്തു കാര്യമെന്ന
അലസവാക്കുകള്‍ പരസ്പരം കുടയുന്നു.

നമുക്ക് ഇന്നും
വെളുത്തവന്‍റെ കച്ചവടമേശകള്‍ക്കപ്പുറമിപ്പുറമിരുന്നു
പാതിയും പതയുള്ള
കാപ്പി കുടിച്ചതിന്‍റെ കാശ് കൊടുത്ത് പിരിയാം.

അടുത്തവന്റെ വീട്ടിലെ നിലവിളി
എന്‍റെ വാതില്‍ക്കടന്നെത്തുന്നതു വരെ 
നാം നിശബ്ദരായിരിക്കും.
ഉറക്കത്തെയും വിശപ്പുകളെയും
ഓമനിച്ചു കൊണ്ടിരിക്കും.

അതങ്ങിനെയാണ്
തീയുടെ ചൂട് അടുത്തെത്തും വരെ
ബധിരരും മൂകരുമാണ് നാം.
അതുവരെ നമ്മുടെ നാക്കുയര്‍ച്ചകളോ
കുഷ്ടം പിടിച്ചവരുടെ സ്പര്‍ശനശേഷിപോലെ
വിളറിയ വാക്കുടുക്കുന്നു .

ഇങ്ങനെയൊക്കെ എനിക്ക് വരുമെന്ന്
ഞാനറിഞ്ഞില്ലല്ലോ എന്ന വായിളക്കങ്ങള്‍ വിളറിയോടുമ്പോള്‍
നമ്മുടെ അതെ രൂപമുള്ള
വീണവായിക്കുന്ന ചക്രവര്‍ത്തിമാരെ നാമപ്പോള്‍ തെളിഞ്ഞു കാണും.

നമ്മള്‍ നമ്മളെ മാത്രം പ്രണയിക്കുന്നവര്‍ ആയിപ്പോയതിന്റെ
ഫലങ്ങള്‍ സമൃദ്ധമായി കായ്ച്ചു തുടങ്ങിയിരിക്കുന്നു !
_____ജാമ്യം_ കവിതയല്ല ഇത് ഇങ്ങനെ എങ്കിലും പറയാതെ സമാധനമില്ല അതാണ്‌ .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "