Labels

3.03.2016

മോണാലിസയുടെ ചിരികള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍



1) 
ചിറകു മുറിഞ്ഞു വീഴുമ്പോള്‍ മാത്രം നാം 
നമുക്കുണ്ടായിരുന്ന ആകാശത്തെക്കുറിച്ച് വാചാലമായിപ്പാടുന്നു 
അതുവരെ നാം അതിന്‍റെ കുറവുകളെ മാത്രം
ചിന്തകളില്‍ ഇട്ട് ചേറ്റിക്കൊണ്ടെയിരുന്നു .
_____________________________________
2)
നോക്കൂ ,
ഉള്ളതിനും ഇല്ലാത്തതിനും ഇടയില്‍
ഒരു മുറിവിന്‍റെയാ കിടങ്ങുമാത്രം ,
അത്രയും അടുത്തെത്തുമ്പോള്‍ മാത്രം
നാമറിയുന്ന ഒരു സുവിശേഷമാണത് !
_____________________________________
3)
തിന്നുകൊണ്ടേ ഇരിക്കുന്നവന്‍ വിശപ്പറിയുന്നില്ല
തിന്നാന്‍ സമയമില്ലാത്തവനും അങ്ങിനെത്തന്നെ
എങ്കിലോ ,
വിശപ്പുകള്‍ കൊണ്ട് മുറിവേറ്റവരാണ് അധികവും
എന്നതു നമ്മെ
ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്യും .
_______________________________________
4)
കുരുവികളുടെ ആകാശവും
പരുന്തുകളുടെ ആകാശവും
ശലഭങ്ങളുടെ ആകാശവും
മഴത്തുമ്പികളുടെ ആകാശവും
ചീവീടുകളുടെ ആകാശവും
ഒന്നെന്നു തോന്നിക്കുമെങ്കിലും
പലതാണ് .
________________________________________
5) ഇരിക്കാന്‍ ഒരിരിപ്പിടം ഇല്ലാവന്റെ സ്വപ്നങ്ങളില്‍
കാലൊടിഞ്ഞതെങ്കിലും ഒരു കസേരയുടെ ചിത്രമായിരിക്കും .
നമ്മള്‍ അതിനെ ഭ്രാന്തെന്ന് ചിരിച്ചു കടന്നുപോകുമെങ്കിലും
അത്രയും കഠിനമായി ആഗ്രഹിച്ചത് കൊണ്ട് 

അവന്‍റെയാ സിംഹാസനം അവനെത്തേടി വരികതന്നെ ചെയ്യും .
രണ്ടുകാലില്‍ നടക്കുന്നവന്റെ യാത്രകള്‍
ചക്രക്കസേരകളിലാക്കുന്ന ആരോ നമുക്കിടയിലൂടെ സഞ്ചരിക്കുന്നുണ്ടല്ലോ ,
സാധ്യതകള്‍ പലപ്പോഴും അകലയല്ലല്ലോ സ്നേഹിതാ !
_______________________________________
6)
പാവമാകുക എന്നാല്‍
പാകമാവുക എന്നുകൂടി
മാറ്റിവായിക്കേണ്ടിയിരിക്കുന്നു .
അവസ്ഥയെ വിഴുങ്ങുകയോ
അവസ്ഥയിലേക്ക് വിഴുങ്ങപ്പെടുകയോ ചെയ്ത്
അവര്‍ തന്‍റെ നിലപാടുകളിലെ നിശബ്ദതയെ
തുറന്നുവച്ചിരിക്കുന്നു .
_________________________________________
7)
അവനവനെ ചിന്തിക്കാന്‍ നേരമില്ലാത്തവന്റെ നേരത്തെ
ഒരു കാക്കകൊത്തിക്കൊണ്ടു പോകും ,നോക്കിക്കോ .
_________________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "