Labels

2.15.2016

പകിടകളിക്കുമ്പോള്‍ ചുറ്റും എന്തുണ്ടായി !



ശാന്തിയുടെ കാലം 
ദേവാലയമുകളുകളിലെ 
പ്രാവുകളുടെ കുറുകല്‍ പോലെ 
കടന്നുപോകുന്നു .
സ്വാര്‍ഥതയുടെ കാലം
മൂര്‍ച്ചയുള്ള അമ്പ്കൂര്‍പ്പിക്കുന്നു ,
വേടനും കിളിയുമായി നാമങ്ങിനെ
പരസ്പരം രൂപം മാറുന്നു .

തീന്മേശയില്ലാത്ത കുഞ്ഞുങ്ങള്‍
തീ പിടിച്ച തെരുവുകള്‍
തേറ്റയുള്ളൊരു ചക്രവര്‍ത്തി
തേര് തെളിച്ച് പായുമ്പോള്‍
തൂളിപ്പടര്‍ന്ന്പൊടിയില്‍
പൂര്‍ത്തിയാകാത്ത വഴികളുമായി ഒരു ജനത
ഉപേക്ഷിക്കപ്പെടുന്നു .

അവരുടെ ദാഹത്തിലേയ്ക്ക്
യാത്രതിരിച്ചൊരു നീരോ
പാതിവഴിയില്‍
തോല്‍ക്കുടം കീറിയൊരു ഭൂപടം മാത്രം
മണ്ണില്‍ ബാക്കിയാക്കുന്നു .

അശാന്തിയുടെ വിത്തെടുത്ത് വിതറി
പാറപ്പുറങ്ങളില്‍ ചിലര്‍ കാത്തിരിക്കുന്നു .
പകിട കളിയില്‍
പറവകളുടെ ആകാശം പതിച്ചു വാങ്ങിയവര്‍
ചിലന്തിനൂല്‍ കൊണ്ടത്‌ അടച്ചു മുദ്രവച്ചിരിക്കുന്നു .

വേടനും കിളിയുമായുള്ള കളിതുടരുന്ന കാലം
അമ്പേറ്റ് ചിറകു കുരുങ്ങി നാം പിടക്കുന്നു .
തോറ്റ ദേശങ്ങള്‍
ദാഹിക്കുന്നതും വിശക്കുന്നതുമായൊരു ജനത
പിന്നെയും ബാക്കിയാകുന്നു .
______________________________*




No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "