Labels

1.13.2016

എല്ലാം മനുഷ്യന്‍റെ അനുഗ്രഹം


ഏതോ ഒരൊച്ചിഴഞ്ഞ പാടിലൂടെ
ഒരാള്‍ നടന്നു നോക്കുന്നു .
ഒറ്റയും കൂട്ടമായും പലരുമതിലെ 
പിന്നെയും കടന്നു പോകുന്നു,
ഒച്ചിന്‍റെപാട് മാഞ്ഞു തേഞ്ഞ് തീരുന്നു ,
നമ്മുടെ കാല്‍പതിഞ്ഞ
ഒരു പാത മാത്രം തെളിയുന്നു.


ആദ്യം ഒച്ചു പോയ വഴി എന്നാരും
ഓര്‍ക്കാത്തവണ്ണം
നമ്മളതിനെ കറുപ്പ് പൂശുന്നു.
അതില്‍ ഒച്ചയില്ലാതെ ഒച്ച്‌ എന്നതിനെ
അടക്കം ചെയ്യുന്നു.
പുതിയ അടയാളം നാട്ടി
നമ്മുടെ ദൈവത്തെ കുടിയിരുത്തുന്നു

ഇപ്പോള്‍ ഒച്ചിഴഞ്ഞു തുടങ്ങിയിടത്ത്
ദൈവത്തിലേക്കുള്ള വഴിയെന്ന്
ചൂണ്ടുപലക കാണുന്നു.
മുന്നില്‍ ഒരു കാണിക്ക വഞ്ചി ധ്യാനിക്കുന്നു,
നിങ്ങളതിനെ വണങ്ങുന്നു .

ഒരോട്ടക്കാലണ ഒച്ചയുണ്ടാക്കി
അതിന്‍റെ വിശപ്പിലേയ്ക്ക് കുമ്പിടുന്നു ,
അതിനുമീതെ ഒറ്റയും ഇരട്ടയുമായി
നാണയ,ക്കടലാസു കനങ്ങള്‍
മത്സരിച്ചു കുമിയുന്നു.

വയറുനിറയുമ്പോള്‍
ദരിദ്രനായ ഈശ്വരന്‍
കോടീശ്വരനാകുന്നു .

വയറു നിറയെ കാശുള്ളവന്‍
വാ നിറഞ്ഞ ചിരിയുമായ്‌
പിന്നെയും വഴിയിലേക്കുറ്റു നോക്കുന്നു .

ആര്‍ത്തി തീരാതെ ദൈവവും
ആര്‍ത്തി തീരാതെ മനുഷ്യരും
ഇടയ്ക്കിടെയങ്ങിനെ കണ്ടുമുട്ടുന്നു.

എല്ലാം
ദൈവത്തെ സൃഷ്ടിച്ചവന്‍റെ കൃപയെന്നോര്‍ത്ത്
ദൈവം ചിരിച്ചു കൊണ്ടേയിരിക്കുന്നു,

താഴേയ്ക്കു നോക്കി കൈകൂപ്പുന്നു .


















No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "