Labels

12.23.2015

ദൈവത്തെ പോലൊരാള്‍





ആകാശമോ വയലോ ഇല്ലാത്ത
പക്ഷിയാണ് ഞാന്‍
ആരോ ഊതിത്തന്ന ശ്വാസംകൊണ്ട് ,
ജീവിതം മുറിച്ചു കടക്കുന്നവന്‍,
ആള്‍ക്കൂട്ടം എനിക്കു ചേക്കെറാനൊരു
കുരിശിന്‍റെ ചില്ല തന്നു
ആദിയും അന്തവും ഇല്ലാത്തവന് കിട്ടിയ
കനത്ത ഭിക്ഷ !
ആത്മാവിനെ അറിയാത്തവരുടെ ദാഹം 
അഞ്ജതയുടെ കറുത്ത വീഞ്ഞ് വച്ചു നീട്ടി ,
ഞാനതിനെ രുചിച്ചു നോക്കി
പാതാളം എന്നെ വിഴുങ്ങാതെ തുപ്പിക്കളഞ്ഞു.
മരിച്ചവന്‍റെ കച്ചകീറു അടയാളമുള്ള 
ഭീമന്‍ ഗര്‍ഭപാത്രം പോലത് ശേഷിച്ചു .

പ്രപഞ്ചത്തിലൂടെ ഉലാത്തുമ്പോള്‍ 
തങ്കം പൂശിയ  ദേവാലയങ്ങളിലും 
നിറച്ചു വച്ച  പ്രകാശങ്ങളിലും 
നിങ്ങള്‍  ആരെയോ  തിരയുന്നുണ്ടായിരുന്നു ,
അവന്‍റെ ഇരിപ്പിടം  എന്നത്തെയുംപോലെ  
ശൂന്യമായിരുന്നു .

മഞ്ഞുകൊണ്ടു മെയ്യെഴുതിയ കാലത്തില്‍ 
അവര്‍ മരിച്ചവന്‍റെ  
പുല്‍മെത്തയലങ്കരിക്കുന്നതും നോക്കി 
ഞാനെന്‍റെ നക്ഷത്ര വിരിപ്പൊന്നു 
കുടഞ്ഞു വിരിക്കുന്നു 
തെരുവിലൊരു  കോണില്‍  വിശന്നിരിക്കുന്നു ,
ഒരു  ദൈവത്തെപ്പോലെ !
_______________________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "