12.13.2015

പ്രണയം ഒരു അവിശുദ്ധ വിരുന്നാണ്


കണ്ണുകള്‍ക്കൊണ്ട് ഉടലുറിഞ്ഞിക്കുടിക്കുന്ന 
ആലിംഗനങ്ങളോരോന്നും അശുദ്ധമാക്കുന്ന
ചുണ്ടുകള്‍ പലലഹരിയേറ്റ് പടര്‍ന്നു പിണയുന്ന 
കാമത്തിമിര്‍പ്പുകള്‍ നുണഞ്ഞ് രസിക്കുന്ന
വിഷപ്പനിനീര്‍ പൂക്കളാല്‍ അലങ്കരിക്കപ്പെട്ടയാ
വിരുന്നുമേശയ്ക്ക് മുന്നിലെ പ്രണയം ,
ഒരു അവിശുദ്ധ വിരുന്നാണ് .

കുഴിച്ചു മൂടപ്പെട്ടതും നുറുക്കിയെറിയപ്പെട്ടതും
കലക്കിയൊഴുക്കപ്പെട്ടതുമായ രക്തങ്ങളുടെ
അവസാനത്തുടിപ്പുകളാല്‍
ആ പുരാതന സര്‍പ്പമതിനെ
മുദ്രവയ്ക്കുന്നു .

പ്രണയത്തിന്‍റെയാ ഏദന്‍തോട്ടം നിറയെ
വിലക്കപ്പെട്ട കനിയുടെ വിഷപ്പാടുകള്‍ ,
വിശുദ്ധി മറന്ന സീല്‍ക്കാരങ്ങള്‍ .
പ്രണയം മാത്രമില്ലാത്ത
മൂക്കാത്തമുന്തിരിപ്പുളിപ്പുകള്‍ .
_________________________________