Labels

11.23.2015

വേനല്‍ വരം - ഞായര്‍ സിറാജ്



മഞ്ഞുകാലത്തിന്‍റെയും മഴക്കാലത്തിന്റെയും
ഓര്‍മ്മയൊരു വിഷാദകണം പോലെ 
ഈ വേനലിനെത്തൊട്ടുപോകുന്നു.
വിലക്കപ്പെട്ട മഴയുടെ നിഴല്‍ പോലുമന്യമായ കനല്‍ക്കൂട് .

ജീവിതമിങ്ങനെ വിണ്ടുവരളുമ്പോള്‍
തൊണ്ടനനയാതെ ചിറകനങ്ങാതെ
വിറങ്ങലിച്ചു നിശബ്ദമായ ഒരു പക്ഷിച്ചിലപ്പില്‍,
അതിന്‍റെ ഉറുമ്പുതിന്നൊരു കണ്ണില്‍
നമ്മെത്തിരയുന്ന നമ്മള്‍ .

അന്ധയാമങ്ങള്‍ ,വരള്‍ച്ചയുടെ നിലവറക്കറുപ്പുകള്‍
മാഞ്ഞുപോകുന്ന തൂവല്‍ മിനുപ്പുകള്‍
മരക്കുറ്റിയില്‍ ശേഷിച്ച നരച്ചമൌനം
വക്കിടിഞ്ഞു പോയ കിണര്‍
എല്ലാമെല്ലാം മുന്നില്‍ നഗ്നമാകുന്നു .

ബാക്കിയായ ഒറ്റപക്ഷിക്കണ്ണില്‍ തെളിയുന്നതിപ്പോള്‍
തുള്ളിയുറഞ്ഞ് കാടു തീണ്ടുന്നവര്‍,കുന്നു തീണ്ടുന്നവര്‍
ശൂന്യത്തിലെത്തുന്ന പുഴകള്‍ ,ചുട്ടുപൊള്ളുന്ന ദൈവങ്ങള്‍ .
എന്‍റെയും നിന്‍റെയും വെളുത്ത അസ്ഥികള്‍ ,
പൊടിയുടെ പട്ടും പിന്നെ
ഉച്ചത്തിലാകുന്ന കഴുകന്‍റെ പാട്ടും .

കൈനീട്ടുക സ്വീകരിക്കുക നീ
ഇനിയും മരണമില്ലാത്തയീ ഭീമന്‍വേനലുകളെ ,
നീ വരം വാങ്ങിയ ,
ആര്‍ത്തിപെറ്റിട്ടുപോയതിന്‍ ജാര സന്തതികളെ ,
നിന്നെ തിന്നു തീര്‍ക്കുന്ന വിശപ്പുകളെ .
__________________________________


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "