10.07.2015

പറയാന്‍ തോന്നി പറഞ്ഞു .ഇന്നത്തെ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന കേരളവര്‍മ്മ വിഷയത്തില്‍ ടീച്ചറെ അനുകൂലിച്ചും വിമര്‍ശിച്ചും പതിവുപോലെ പക്ഷം ചേരാതെ കാഴ്‌ച്ചക്കാരായും നമുക്കിടയില്‍ പലരും ഉണ്ടായിരുന്നു.രാഷ്ട്രീയത്തെ എതിര്‍ക്കുകയോ അതില്‍ ഇടപെടുകയോ അല്ല ടീച്ചര്‍ എന്ന രീതിയില്‍ അവര്‍ ചെയ്തത് എന്ന് തോന്നുന്നു. ഒരു അമ്മ തന്റെ മക്കളുടെ കൂടെ നില്‍ക്കുന്നു എന്നപോലെ ഉള്ള ഒരുനിലപാട് കൂടിയാണത്.തന്‍റെ പ്രവൃത്തന മേഖലയില്‍ ഉണ്ടായ ഒരു വിഷയത്തില്‍ മാന്യമായ നിലപാട് അവര്‍ തുറന്നു പറഞ്ഞു.ക്രിമിനല്‍ കുറ്റം അല്ലെന്നു ഭൂരിഭാഗത്തിനും ഉറപ്പുള്ള ഒരു കാര്യത്തില്‍ ഇടപെട്ടതുകൊണ്ട്‌ മാത്രം ഒരാളെ അവഹേളിക്കുന്ന രീതിയില്‍ എടുക്കുന്ന നടപടിയിലെ സ്വാധീനശക്തിയെ കണ്ടു ഭയം തോന്നുന്നു .വിദ്യയേക്കാള്‍ ആചാരങ്ങള്‍ക്കുള്ളിലെ അനാചാരങ്ങള്‍ക്ക് കണ്ഠകൌപീനവും ചാര്‍ത്തി കാവല്‍നില്‍ക്കുന്ന കുറേപ്പേരുടെ പാവക്കൂത്ത് എന്നും തോന്നിപ്പോയി.

അതിനോടൊപ്പം പുരോഗമനാത്മകമെന്ന് പറയുന്ന ചില സമര രീതികളോടെങ്കിലും മുഴുവനായി അനുകൂലനിലപാട് തോന്നാറില്ലെന്നും തുറന്നു പറയാം .അങ്ങനെ പലതിനെയും പന്നിയെയോ പോത്തിനെയോ കൊണ്ട് നേരിടാമെന്നും സ്വപ്നം കാണുന്നുമില്ല .അതിനര്‍ത്ഥം എല്ലാ കടന്നു കയറ്റങ്ങളോടും സമരസപ്പെടുകയാണ് ബുദ്ധി എന്നതുമല്ല .ചില ആവേശങ്ങളില്‍ കോമാളീകരിക്കപ്പെട്ട് പോകുന്നതില്‍ നിന്നും മാറ്റിനിറുത്തപ്പെടാന്‍ അര്‍ഹതയുള്ള ചിലതുകൂടി ഉണ്ടല്ലോ എന്നോര്‍ക്കുന്നു അത്രമാത്രം .

ഫെമിനിസം പോലെതന്നെ ഫാസിസവും വളരെ വേഗം തെറ്റിദ്ധരിക്കപ്പെടാനും വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ ഉപയോഗിക്കപ്പെടാനും ഉള്ള സാധ്യത കൂടി കാണുന്നു.കുളം കലക്കി മീന്‍പിടുത്തം അറിയുന്നവര്‍ ഈ ബഹളങ്ങളില്‍ തങ്ങളുടെ കുട്ട കുത്തിനിറച്ചു മൂളിപ്പാട്ട് പാടിയങ്ങ് സിമ്പിള്‍ ആയി അങ്ങ് പോകുകേം ചെയ്യും.കുളവക്കത്ത് കനലും ചാരവും അവശേഷിക്കുമ്പോള്‍ ലാഭമോ നഷ്ടമോ എന്നറിയാതെ പിരിഞ്ഞു പോകാന്‍ നാമടക്കമുള്ള ഒരാള്‍ക്കൂട്ടവും കാണും.അപ്പോഴേയ്ക്കും അടുത്ത തോട്ടില്‍ ബഹളം തുടങ്ങിക്കാണും ,നാം അവിടേക്ക് പായും .

__________________________________________________________________