10.03.2015

പലയിതള്‍ക്കാലം


1. അച്ഛന്‍ വീട്ടിലെത്തും മുന്‍പേ ഇരുട്ടെത്തുന്നു
അടുക്കളയിലുമുമ്മറത്തും വെളിച്ചം നിറച്ച്
വീടതിനെ പുറത്തു നിറുത്തുന്നു .
_______________________________________
2.  അപ്പുറത്തെ വീട്ടിലെച്ചേച്ചി
കരഞ്ഞു പാടുന്നതെന്താമ്മേ !
അമ്മയില്ലാതാകുമ്പോള്‍ പാടുന്ന പാട്ടാണ് കുഞ്ഞേ ,,
_______________________________________
3. രണ്ടുപേര്‍ സംസാരിച്ചുകൊണ്ടിരിയ്ക്കെ 
മൂന്നാമതൊരാള്‍ കയറി  വരുന്നു 
നാലാമനൊരുവനെ  
മൂവരും  ചേര്‍ന്ന്  ഓര്‍ക്കുന്നു .
_______________________________________
4. അകം പുറം വേവുമ്പോള്‍
ഉപ്പു തേകുന്നൊരീണം കുരുങ്ങുന്നു
അവര്‍ വേദന കുറുക്കുന്നു. .
_______________________________________
5.  തനിയെ നടക്കുമ്പോള്‍
എന്‍റെതെന്നപോലെ കൂടെവരുന്നു
നിന്‍റെയോര്‍മ്മകള്‍ .
_______________________________________
6. നീയില്ല ഞാനില്ല
നമ്മുക്കിടയില്‍ കത്തിക്കൊണ്ടിരിയ്ക്കുന്ന
ഈ മെഴുകു വെളിച്ചം പോലുമില്ല ,
ശ്വാസമടയുമ്പോള്‍ .
_______________________________________
7.ഒരു  വാക്കിന്‍റെ ദൂരത്തില്‍  
മറുവാക്കില്ലാതെ നാം 
തനിച്ചിരിയ്ക്കുന്നു.
_______________________________________
8. പ്രണയത്തില്‍
ഒരു കുടകൊണ്ട്‌ മഴപകുത്തവര്‍ നാം
ഇന്നിരുകുടകളില്‍
വെയിലേറ്റ് വിയര്‍ക്കുന്നു .
_______________________________________
9. വെയിലേറ്റു കിടക്കുന്ന കുളത്തില്‍ നനയുന്ന
കുടയുടെ ഇത്തിരിനിഴല്‍ ,
നമ്മുടെ പ്രണയം.
_______________________________________
10.  ദാഹം തീരെ വേനലിനി പുഴ കുടിയ്ക്കട്ടെ
വരൂ ,നമുക്ക് ഈ തരിശുനിലത്തിരിന്നു
വിശപ്പു പങ്കിടാം .
_______________________________________
11. കുത്തരിച്ചോറില്‍ നിന്നാവി പരക്കുമ്പോള്‍ 
ഓര്‍മ്മയില്‍ 
മുറ്റത്തെ  ചാമ്പചോട്ടില്‍ പുന്നെല്ലുപുഴുങ്ങുന്ന 
മുത്തശ്ശിച്ചെമ്പ് തെളിയുന്നു .
തട്ടിന്‍  പുറത്തെ  പാത്രസദനത്തിലെ   ക്ലാവ് മണക്കുന്നു .
___________________________________________
12. ഒരു കവിതയില്ലാത്തവള്‍ എന്ന ചീത്തപ്പേര്
കഥയില്ലാത്തവള്‍ എന്നുള്ളതിനേക്കാള്‍
മോശപ്പെട്ടതാണ്,അതിനാല്‍ 
എന്‍റെ വാക്കില്‍ ഞാന്‍ നിന്നെ ,അടയാളം വയ്ക്കുന്നു .
_______________________________________
13. ഒരു പുഞ്ചിരിക്ക് മറുപുഞ്ചിരി തന്നു ഞാന്‍  കടം വീട്ടുന്നു .
____________________________________________
14 .  വയല്‍മണം മൂക്കുമ്പോള്‍  
യൌവ്വനത്തെ 
അതിന്റെ  കുട്ടിക്കാലത്തിലെയ്ക്ക്  ഞാന്‍  
അഴിച്ചു  കെട്ടുന്നു .
_____________________________________________
15.  പുലരിയില്‍  ഞാന്‍ കുഞ്ഞ്
ഉച്ചയില്‍ ഉച്ചിയുറച്ചവന്‍ 
സായാഹ്നം വീണ്ടുമെന്നെ  വൃദ്ധനാക്കുന്നു
രാത്രിയില്‍ ഞാനെന്റെ  അമ്മയുടെ  
ഗര്‍ഭപാത്രത്തി ലെയ്ക്ക്  മടങ്ങുന്നു .
_______________________________________
16. ആകാശത്തിന്‍റെ നീല  നിറമില്ല ,തണുപ്പില്ല 
കടലിന്‍റെ ഉപ്പും ഹൃദയത്തിന്‍റെ ചൂടും 
കണ്ണിലെ  മഴ !
____________________________________________
1 7 .  മഞ്ഞു വീഴുന്ന നദിക്കരയില്‍ 
ഇളം വയലറ്റ് പൂക്കളുമായ്‌ 
ചേര്‍ന്ന്  നില്‍ക്കുന്ന മൂന്നുമരങ്ങള്‍ .
പ്രഭാതത്തിലെ  ഹൈക്കു .
_____________________________________________
1 8 .  ആകാശം ഇളം നീലനിറമുള്ള അതിന്‍റെ പുഞ്ചിരി 
നിവര്‍ത്തുമ്പോള്‍  
ശലഭങ്ങള്‍ പാറുന്ന താഴവരയില്‍ 
മഞ്ഞപ്പൂക്കള്‍ക്കു മേലെ നാം  കൈകോര്‍ക്കുന്നു .
_____________________________________________
19.  ദേവാലയ മണി മുഴങ്ങുമ്പോള്‍ 
ഇരട്ടറോസാപ്പൂക്കളടര്‍ത്തി  
നിന്നെ കാത്തിരിയ്ക്കുന്നു ,കൂട്ടിനൊരു  മഴയും .
____________________________________________
20.  സായാഹ്നം
അയല്‍ക്കാരന്റെ  ചായ്പ്പില്‍ 
കിളിക്കുഞ്ഞുങ്ങളുടെ ഒച്ചകൂടുന്നു .
_____________________________________________