10.30.2015

വിചിത്രഭാഷകളുടെ വിപ്ലവം -


 നികത്തിയെടുത്ത വയലില്‍ നിന്ന്
ഗൃഹാതുരതയും പ്രകൃതി സ്നേഹവും
വിതുമ്പിയും വിമ്മിഷ്ടപ്പെട്ടും നെടുവീര്‍പ്പിട്ടും
വാതോരാതെ വ്യായാമം ചെയ്ത്
ശീതീകരിച്ച കോണ്ക്രീറ്റ് കൂണുകളിലേയ്ക്കവര്‍
മടങ്ങിപ്പോകുന്നു .
മനസാക്ഷിയുടെ പുറംചട്ടയൂരി
ആണിമേല്‍ക്കൊളുത്തിയിട്ട്
സുരക്ഷിതരെന്നപോലെ
മലര്‍ന്നു കിടക്കുന്നു .

കാണുന്നില്ലേ
നഷ്ടപ്പെട്ടു കഴിയുമ്പോള്‍ മാത്രം
ഒന്നിനെക്കുറിച്ച്
വാചാലനാകുന്നവരുടെ നീണ്ട ജാഥകള്‍ .
കല്ലേറ് കൊള്ളുന്ന പ്രതിമകള്‍ ,
ചില്ലടര്‍ന്ന ചരിത്രമുഖങ്ങള്‍
വിണ്ടു തകരുന്ന
നികുതികൊണ്ട് മേഞ്ഞ മേല്‍ക്കൂരകള്‍
കണ്ണ്പൊട്ടിയ ആനവണ്ടികള്‍
വഴിമുടങ്ങുന്ന
പേറ്റുനോവിന്‍റെ ഞെരക്കങ്ങള്‍
പെരുവഴിയില്‍ ചിതറിയും ചിന്തിച്ചും
വീടെത്താന്‍ തിടുക്കമുള്ളവര്‍
പിന്നെ
നാടുകാണാന്‍ വന്നവര്‍.

കോഴിയും കള്ളും
അതിനുമേലെ ,ചിരിക്കുന്ന ഗാന്ധിയും
പതിവിലധികം ചിലവാകുന്ന
ചതിക്കുന്ന ചന്തകള്‍ .
ചിന്തേരിടാത്ത ഭാഷകള്‍ നിറയുന്ന
നിരത്തുകള്‍ .
മനുഷ്യനെ മാത്രം കാണാത്ത
തോലണിഞ്ഞവരുടെ തെരുവുകള്‍ .

അറിയാതെയപ്പുറം എത്തിനോക്കുമ്പോള്‍
വക്കുപൊട്ടിയ പാത്രങ്ങള്‍
എണ്ണയൊഴിയാത്ത കണ്ണുകള്‍
പൂച്ചയുറങ്ങും അടുപ്പുകള്‍
അച്ഛനെ കാത്തു കാത്ത് നിന്ന്‍
തേഞ്ഞുപോകുന്ന വിശപ്പുകള്‍
അന്തിയില്‍ കാറ്റുതോല്‍പ്പിക്കും
വിളക്കു പോലെ
കെട്ടുപോകുന്ന പെണ്‍യൌവ്വനങ്ങള്‍
വേവുണങ്ങാത്ത അമ്മയുരുക്കങ്ങള്‍ ,
വീണ്ടും പഴസ്സഞ്ചിയുമായ് വേച്ചിറങ്ങുന്ന
കുഴമ്പുമണക്കുന്നച്ഛന്‍റെ ഊന്നുവടിപ്പാടുകള്‍

അങ്ങനെ എത്രയെത്ര
പടയില്‍ പെട്ടുപോയവരുടെ
മടങ്ങിയെത്താത്ത പഴുതുകള്‍ ,
വെളിച്ചം മുളയ്ക്കാത്ത ഇരുട്ടുകള്‍.
പാകമെത്താതെ ഉരിഞ്ഞെടുത്ത
കറയുണങ്ങിയ കറുപ്പുകള്‍ ,
പാതിവഴി പിണങ്ങി നില്‍ക്കും
പല പല ജീവിതങ്ങള്‍.

കളകള്‍ പെരുകിയ
ചതുപ്പ് പേറുന്ന വയലിടങ്ങള്‍
ബാക്കിയാകുമ്പോള്‍ ,
പിഴിഞ്ഞെടുത്ത മണ്ണിന്‍ മുലപ്പാല്‍
കുപ്പിയില്‍ തൂങ്ങുമ്പോള്‍
കളിപ്പാട്ടങ്ങള്‍ പെറുന്ന ,
നിവര്‍ന്നു നില്‍ക്കും ആകാശനിലകളില്‍
ഹോര്‍മോണ്‍ കുത്തിവച്ചു വളര്‍ന്ന
മനുഷ്യരെന്ന യന്ത്രങ്ങള്‍ നിരങ്ങുന്നു .
വിലപേശാതെ വിഴുങ്ങുന്നു
വെളുത്തവന്‍റെ മിടുക്കുകള്‍,
പിന്നെ വിസര്‍ജ്ജിക്കുന്നൂ
വിചിത്ര വേദപുസ്തകങ്ങള്‍.

ഇനിയിവിടെക്കാണൂ നിങ്ങള്‍
മാറ്റം മാറ്റമില്ലാതുറങ്ങുന്ന ചേരികള്‍ ,
നഗരങ്ങള്‍ ജപ്തിചെയ്തെടുത്ത ഗ്രാമങ്ങള്‍,
മനുഷ്യനെക്കാണാതാക്കിയ മന്ത്രമകുടികള്‍ .
**********************************************
നവോദയ കെ സി പിള്ള സാഹിത്യ പുരസ്കാരം ലഭിച്ച എന്‍റെ കവിത heart emoticon .