6.09.2015

ഉന്മത്തം
ഒരേ സമയം പൊട്ടിച്ചിരിക്കുകയും
ആര്‍ത്തലച്ചു കരയുകയും ചെയ്യുന്ന
ഉന്മത്തതകളാണെന്‍റെ കവിതകള്‍ .

വിതച്ചത് കൊയ്യുകയോ 
കൊയ്തത് ശേഖരിയ്ക്കുകയോ ചെയ്യാത്ത
പക്ഷിക്കൂടുകള്‍ പോലവ
ശ്വാസത്തിന്‍റെ ഓരോ ചില്ലകളിലും
കൊരുത്തു കിടക്കുന്നു !

വാക്കുകളുടെ വിശപ്പ്‌ 
അതിന്റെ ചൂണ്ട കൊണ്ട് കൊളുത്തുമ്പോള്‍
ചിന്തയുടെ കൊക്കിന്‍ മുറുക്കത്തില്‍
പിടയുന്ന പച്ചയെ
ആര്‍ത്തിയോടെ ഓര്‍ക്കുന്നു

എന്‍റെയാകാശം 
നിന്‍റെ ചിറകിന്‍ തുഴച്ചിലിനെ
വരയ്ക്കുന്നതും കാത്തു 
കൊക്കുപിളര്‍ത്തുന്നു .

__________________________________________