6.08.2015

പലവകക്കവിതകള്‍


____________________________________

സഹിഷ്ണുതയാണ്‌ ഏറ്റവും  വലിയ  മതം 
ആരെയും മുറിവേല്പ്പിക്കാത്തതും 
രക്തത്തിന് പര്യായപദങ്ങളോ 
നാനാര്‍ഥങ്ങളോ ഇല്ലാത്തതുമായ
മനുഷ്യരുടെ പ്രതിഷ്ഠയുള്ളിടം,
ദൈവത്തെ പകുക്കാത്തവരുടെ
ഭീമന്‍വിരുന്നുമേശയുള്ള തെരുവ് .
____________________________________
നമ്മള്‍ 
_________
കാലം വിളവെടുക്കുന്ന ജീവിതം 
വസന്തത്തിലും വടുക്കള്‍ ബാക്കിയാകുന്നു 
ഓര്‍മ്മകളുടെ  മുറിവുകള്‍ .
____________________________________
ഒരു  മഞ്ഞുകാലത്തെ കുറുകെക്കടക്കുമ്പോള്‍ 
_________
മണല്‍ക്കുരുവികള്‍ക്ക് ദിശ തെറ്റുന്ന കാറ്റൊഴുക്കുകള്‍ 
ഒട്ടകവിശപ്പുകളിലേയ്ക്ക് കയറിപ്പോകുന്ന മരുപ്പച്ചകള്‍ .
വഴിമുറിച്ച്‌ കടക്കുമ്പോള്‍ 
ആകാശം ഒരു മൂപ്പെത്താത്ത വെളുത്ത സൂര്യനെ 
കൊഞ്ചിച്ചു കൊണ്ടിരിക്കുന്നു .
ഹാ ,
ഇളം ചൂടുള്ള അതിന്റെ ചിരികള്‍ !
_____________________________________________
ഉപ്പോര്‍മ്മകള്‍  - സഞ്ചാരിയുടെ  പാതവക്ക്
______________
ഏകാന്തത കൊണ്ട് വിശന്നു പൊരിയുമ്പോള്‍ 
തൊട്ടുരുചിക്കാന്‍ 
ഓര്‍മ്മകളുടെ ഒരു പഴയ ഭരണി ഞാന്‍ 
പൊതിഞ്ഞെടുക്കുന്നു .
ഒന്നുമില്ലല്ലോ എന്നോര്‍ക്കുമ്പോഴൊക്കെയും 
ഉള്ളില്‍ കടയുന്ന ഉറുമ്പുകടിപ്പുളിപ്പുകള്‍ .

വീണ്ടും വീണ്ടും ഞാനവയെ 
കണ്ടുമുട്ടുമായിരിക്കും എന്നൊരു  
തോള്‍സഞ്ചിയിലേയ്ക്ക് 
പതിയെ സൂക്ഷിച്ചു വയ്ക്കുമ്പോള്‍ 
പാതയറ്റം ഒരു സായാഹ്ന സൂര്യനെ 
വിഴുങ്ങുവാന്‍ തുടങ്ങുന്നു .

ഞാനതിന്റെ  ഉദരത്തിലൂടെ 
പിച്ചവച്ചു നടക്കുന്ന 
സഞ്ചാരികളില്‍ ഒരാളാകുന്നു 
____________________________________
ഒരു  യാത്രയില്‍
_______________
ഒറ്റമരത്തണല്‍പോലുമില്ലാത്ത 
ഒരു മരുഭൂമിയുടെ ഗാംഭീര്യം താണ്ടുമ്പോള്‍ 

ഒരുവന്‍റെ യാത്രയുടെ വര്‍ത്തമാനകാലത്ത് നിന്നും 
ചക്രവേഗങ്ങളിലൂടെ 
ഭൂതകാലങ്ങളിലൊന്നിലേയ്ക്ക് 
നിമിഷങ്ങളെ പെരുക്കിപ്പെരുക്കി ജപിച്ചുകൊണ്ട് 
ധ്യാനിക്കുന്ന  മലകളെക്കാണുന്നു ,
ശാന്തമായി വിശ്രമിക്കുന്ന 
ഭീമന്‍ഒട്ടകങ്ങളെപ്പോലെ ത്തോന്നിക്കുന്നു 
ഞാനവയെ ഓര്‍മ്മകളുടെ പൊതിയില്‍ സൂക്ഷിക്കുന്നു .
____________________________________
പരസ്പരം 
___________________________________
നിദ്രയൊരു  സ്വപ്നത്തെ  ഭക്ഷിക്കുന്നു 
രാത്രി നിദ്രയെ  എന്നപോലെ 
പകല്‍ രാത്രിയെ എന്നപോലെ  
കടല്‍  സൂര്യനെയെന്നപോലെ 
കണ്ണുകള്‍  കടലിനെയെന്നപോലെ 
തിരകള്‍ കരയെ എന്നപോലെ 
നാം  നമ്മുടെ പ്രണയത്തെയെന്നപോലെ
______________________________________
കഷ്ട്ടം  തന്നെ 
_____________
ഇഷ്ടങ്ങളെക്കുറിച്ച് ഒരിഷ്ടക്കാരനോട് പറയുമ്പോള്‍ 
കഷ്ടമെന്നു കേള്‍ക്കെ , എന്തിഷ്ട്ടാ ഇങ്ങനെയെന്ന്
ഇഷ്ടങ്ങളെല്ലാം കൊഴിഞ്ഞു വീഴുന്നു ,
അവള്‍ ,കണ്ണില്‍ കരടുവീണ തടാകം പേറുന്നു .
_______________________________________

കയ്ഞ്ഞു :)
_______________________________________