6.12.2015

കാട്


പുല്‍പ്പച്ച പൂമഞ്ഞ പക്ഷിമണങ്ങള്‍
മലന്തൊപ്പികള്‍ മുളംപാട്ടുകള്‍
ഋതുമാന്ത്രികനുലാത്തും പുരാതനക്ഷേത്രം .

ഹാ! കിളിയനക്കങ്ങള്‍ കാറ്റുമ്മകള്‍
പാറത്തണുപ്പുകള്‍ കളകളമിളക്കങ്ങള്‍
കാടുനീളെയെത്ര തോരണങ്ങള്‍ .

ഞാന്‍,,,
ഓര്‍മ്മകളുടെ കലപിലകള്‍ക്കിടയില്‍
പച്ചതുടുത്തൊരു കാടാകുന്നു ,

പിന്നെപ്പതിയെപ്പതിയെ
മരങ്കൊത്തി കൊടുത്ത ഒറ്റക്കണ്ണില്‍ നിറയെ
തേനീച്ചകളെ സൂക്ഷിക്കുന്ന ,
.
വെയില്‍ച്ചിരികളില്‍ നിന്നും
നിഴല്‍ക്കടുപ്പത്തിലേയ്ക്ക്
വിവര്‍ത്തനം ചെയ്യപ്പെടുന്ന ,
.
മഹാവൃക്ഷത്തിന്‍റെ ചുവട്ടിലെ
മഴുമൂര്‍ച്ചയില്‍
മനുഷ്യമണം പടരുന്നതറിയുമ്പോള്‍
ഞെട്ടിയുണരുന്ന ,
.
വെറും തരിശുനിലമാകുന്നു .

മറുക് വീഴ്ത്താനൊരു
പുല്‍ത്തുമ്പ്‌ പോലുമില്ലാതെ ,
പകലുകളിലോരോന്നിലും
നഗ്നമാകുന്നു .
___________________________