6.03.2015

പ്രാര്‍ഥനകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മുറിവുകള്‍ഓര്‍ക്കുവാന്‍
നിറമുള്ള ഓര്‍മ്മയുടെ ഒരിതള്‍ പോലും
തന്നുപോയില്ല കാലം ,എന്നതെത്ര സങ്കടമെന്നത്
നിങ്ങളറിയുന്നുണ്ടോ ? .
വിഴുങ്ങുവാനാകാത്ത ,
പറിച്ചെറിയുവാന്‍ ആകാത്ത എന്തോ ഒന്ന്
രാപ്പകലുകളെരുചിക്കാതെ  മനസ്സ് നിറയെ
കുരുങ്ങിക്കിടക്കും .

ഉപേക്ഷിക്കപ്പെട്ടവരുടെ ഇടങ്ങളില്‍,
ഒറ്റയായിപ്പോയ പടയാളിയുടെ
ഇരുളുവിഴുങ്ങിയ മുറിവാള്‍ത്തുമ്പിലും
ഏതു കാട്ടുപൂവിന്റെ ഗന്ധമാണിങ്ങനെ
അസഹ്യതയെ നിറച്ചു വയ്ക്കുന്നത് !

കളഞ്ഞുപോയത് ,
ജീവിതത്തിന്‍റെ വസന്തകാലം വക്കോളമാണ്.
തുളുമ്പിച്ചിതറി പുല്ലിലമര്‍ന്നു
സ്വയമൊളിച്ച  ഒരുതുള്ളിയെങ്കിലും
തിരികെ ശേഖരിക്കുവാന്‍
കാത്തുനില്ക്കുന്നുണ്ടാകുമോ കാലം -
എന്നറിയാത്ത വിചിത്ര ശലഭങ്ങളുടെ
താഴ്വരയിലാണ് നാം .
മുറിവുകളില്‍ നിന്നും
വെളുത്തവേദനകളാണവ സംഗീതമായ്
ചുറ്റും കൊളുത്തിയിടുന്നത് .
അതിന്‍റെ വേരുകളില്‍ നിന്നും
അരളികള്‍ ചുവക്കുകയും
ഗര്‍ഭഗേഹങ്ങള്‍ തൂങ്ങിക്കിടക്കുകയും
ചെയ്യുമ്പോള്‍ നാമവയെ
പൂമ്പാറ്റകളുടെവീടെന്ന് വിളിച്ചു
കൊഞ്ചിക്കുന്നു .

മുറിവേറ്റ കാലം
ലഹരിയെന്നതിനെ
വിവര്‍ത്തനം ചെയ്യുവാന്‍ ശ്രമിച്ച്
പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു .
ആര്‍ക്കും വഴങ്ങാത്ത ഭാഷയായ് പിന്നെയും
ജയിച്ചുതന്നെ നില്ക്കുന്നു ,
വേദന .

എന്തിനെന്നറിയാതെ
ചങ്കു നിറയെ ആരോ ഒഴിച്ചുതന്ന
സങ്കടം മാത്രം .
പിന്നെയും പിന്നെയും ആരാണിത്ര
ആഴത്തില്‍നിന്നും വെള്ളം കോരി
കണ്ണുകളില്‍ നിറച്ചുവയ്ക്കാന്‍
വിയര്‍പ്പൊഴുക്കുന്നത്   !

ജീവനുള്ളൊരു ചുംബനം കൊണ്ട്
മുറിവുണക്കുന്നവനെയാണ് അവര്‍ക്കാവശ്യം ,
നീയെന്നതില്‍ ഞാനുമുണ്ടെന്നപോലൊന്ന്‌
ഹൃദയത്തിലേയ്ക്ക് പകരുന്നവനെ ,
അവനു ഞാന്‍  ദൈവമെന്ന പേരിടും .

ബാക്കിവന്ന
ഒരൊറ്റപ്പ്രാര്‍ത്ഥനയുടെ വിത്തുപാകുന്ന
തിരക്കിലാണ് ഞാന്‍ .

ജീവിതമേ ,,,,,,,,,
മരണത്തിന്‍റെ കാവലില്‍
ജീവനെ തിരികെയേല്പ്പിക്കുന്നിട-

ത്തെത്തും  മുന്‍പേ
എനിക്കുള്ള ആനന്ദവും ചിരികളും
ഒരുനുള്ളെങ്കിലുമെന്‍റെ ഭിക്ഷാപാത്രത്തിലൊന്നു
കുടഞ്ഞു തരണേ ,,,,,,,,,,,,,,,
ഒരു ദിവസത്തേക്കെങ്കിലും
ജീവിതമൊന്നു ഞാന്‍
സ്വാദോടെ ഭക്ഷിച്ചോട്ടെ .


ഞാന്‍ പാകിയ പ്രാര്‍ത്ഥനയ്ക്കുത്തരം 
മുളയ്ക്കുന്നതും നോക്കി
ഞാനിതാ വെയിലു കൊള്ളുന്നു ,
വെള്ളം  തേകുന്നു
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


___________________________________