4.08.2015

പലവക

 
ഉറക്കത്തിന്‍റെ മാത്രം ശവപ്പെട്ടിക്കു മീതെ 
സൂര്യന്‍ ഒരു തുളയിടുന്നു ,
കുറച്ചു നേരം മാത്രം മരിച്ച ഒരുവനെഴുന്നേറ്റ്
മരിച്ചവരെക്കുറിച്ചൊരു കവിതയെഴുതുന്നു ....

_____________________________________________
ഓറഞ്ചു നിറമുള്ളൊരു പക്ഷിയതിന്‍റെ
പ്രകാശം പരത്തുന്ന കൊക്കുകള്‍ കൊണ്ട്
ഒരു പരവതാനി പോലെയിരുട്ടിനെ
ചുരുട്ടി,യെടുത്തുവയ്ക്കുന്നു,
നാം ഉറക്കം ഉരിഞ്ഞു കളഞ്ഞ്

വീണ്ടുമൊരു പ്രഭാതത്തെ ഭക്ഷിക്കുന്നു .

________________________________________


ഞാനില്ലായ്മ നീയില്ലായ്മയില്‍ നിന്നുമൊക്കെ
ചുള്ളികള്‍ ശേഖരിച്ച് ,
നമ്മളില്ലായ്മയിലേക്ക്
ചേക്കേറിയ അമാവാസിയിലെ  
ആ പക്ഷിയേതായിരിക്കും !
___________________________________________

കവിയെന്ന് പറയുന്നൊരുവന്‍
ഗ്രാമങ്ങളെന്നും നഗരങ്ങളെന്നും
വേര്‍തിരിച്ചിടങ്ങളില്‍ നിന്നും
തവളക്കരച്ചിലുകളെ വിവര്‍ത്തനം ചെയ്യുന്നു
പൊട്ടക്കിണറ്റില്‍ ഇടയ്ക്കിടെ കല്ലുകള്‍ പെയ്യുന്നു
കാക്കവിശപ്പുകള്‍ , തൊണ്ട മുരള്‍ച്ചകള്‍
കവിതയെന്ന്‍ കയ്യടികളെന്നവയെ
ചരിഞ്ഞു നോക്കുന്നു .

____________________________________________
 മഴയുറങ്ങാത്ത രാത്രി 
നീലജാലകത്തിനപ്പുറം ആകാശം നിറയുമ്പോള്‍ 
നമ്മുടെ പകലുകളിലേയ്ക്ക് വിടരുവാന്‍  
വെളുത്ത ആമ്പല്‍പ്പൂക്കളുറങ്ങുന്നു .
______________________________________________


നിറയുന്നെന്‍ ഓര്‍മ്മകളുടെ സ്ഫടിക ജാലകത്തിലേതോ ലിപികളില്‍ മഴ ,,,

മഴക്കാലമേ നീയെന്റെ പ്രണയമാകുക
ഓര്‍മ്മകളിലോരോന്നിലും പെയ്തു നിറഞ്ഞു നീ
മഷിത്തണ്ടുകളുടെ വയലുകള്‍ എനിക്കായ് മുളപ്പിച്ചേടുക്കുക,,

________________________________________________

മണല്‍ക്കൂനകളെ രൂപം മാറ്റുകയും
സ്ഥാനം മാറ്റുകയും ചെയ്യുന്ന മായാജാലക്കാരന്‍
ഈ രാത്രിയില്‍ അറേബ്യന്‍ മരുഭൂമികളിലൂടെ
ഉലാത്തുന്നുണ്ട് .
പൊടിമണം വീശിയെറിയുന്ന ഈ വഴികളിലൂടെയിനി
വേനല്‍ക്കാലം ഒരു രാജാവിനെപ്പോലെ ഇറങ്ങിവരും .

___________________________________________________ 
 വെളിച്ചത്തിന്റെയൊറ്റ മുന 
എതിരുട്ടിനെയും തുളയ്ക്കുന്ന വജ്രസൂചി
 __________________________________________________

ഇരുട്ടൊരു തുരങ്കമാണ് 
വെളിച്ചത്തിന്‍റെ ബോഗികള്‍
ഇഴഞ്ഞെത്തുമ്പോഴോ
കുതിച്ചു പായുംമ്പോഴോ മാത്രം
വെളിപ്പെടുന്നൊരു
തുരങ്കം .
________________________________________________

ഇതളുകള്‍ ഇലകള്‍ മഴകള്‍ മൌനങ്ങള്‍ എല്ലാം 
നിറഞ്ഞു ചിതറുന്നതെന്റെ  കവിതകള്‍ ..
__________________________________________________