4.04.2015

ഗാഗുല്‍ത്ത


 ദുഖത്തിന്‍റെ ഓര്‍മ്മയെ
കുരിശിന്റെവഴിപ്പ്രാര്‍ത്ഥന
അവസാനിക്കുന്നിടത്ത് നാട്ടി
അവര്‍ തിരിച്ചു പോരുന്നു .
ഞാനിപ്പോഴും
നിന്നെചുമന്നു നില്ക്കുന്ന ,
മണ്‍കൂനയായി ,
ഗാഗുല്‍ത്തയായി
ഇവിടെയവശേഷിക്കുന്നു .


ഉയിര്‍പ്പ് ഇപ്പോള്‍ സമ്പന്നമാണ്
നീയില്ലായ്മ മാത്രമാണ് അതിനെ
ദരിദ്രമാക്കുന്നത് .

വെളിച്ചം വീഞ്ഞ് വിരുന്നുമുണ്ട്
എങ്കിലും
മുറിവേറ്റവനേ പ്രപഞ്ചമിപ്പോഴും
അനാഥമാണ് ,
നീയതിനെയും അതിലെ കിരീടം വച്ച പുഴുക്കള്‍
നിന്നെയും ഉപേക്ഷിച്ചിരിക്കുന്നു .

ഓര്‍മ്മദിവസം മാത്രം ശ്വാസമെടുക്കുന്ന
മരിച്ചവന്റെ കല്ലറപോലെയതിപ്പോള്‍
ബാക്കിയാകുന്നു ,
കിരാതമായ ചിലതുമാത്രം തഴച്ചുവളരുന്നു .

*********************************************