4.14.2015

മേടമിതിലേതാഴെ വീഴും മുന്‍പേ
വിയര്‍പ്പൊറ്റുപോലും
കട്ടെടുക്കുന്നവന്‍റെ കൈകള്‍  

ചുറ്റിലും പരതുമ്പോള്‍  
വെയിലു വിതച്ച വയലുകള്‍ നീളെ
വിണ്ട വിശപ്പിന്‍ വടുക്കള്‍ തെളിയുന്നു . 

കണ്ണുകളില്‍ വേനല്‍ നിറയുമ്പോള്‍ 
 കാഴ്ചയറ്റ് നിശബ്ദമാകുന്നു ,കിണറുകള്‍ .
 

ചുരികപോല്‍ മിന്നുന്ന മഞ്ഞപ്പൂക്കള്‍തൂക്കി
വേനല്‍ നിവര്‍ന്നു നില്ക്കെ  

പകല്‍ നീളെ രാവു നീളെ
ചൂട് കടഞ്ഞു തീരാതെയീ മേടം .
 

പച്ചതിന്നിട്ടും പുഴകുടിച്ചിട്ടും
വയറു നിറയാതെ ,
ഉച്ചത്തിലുച്ചത്തില്‍ വേനല്‍ തുള്ളുന്നു ,
ഊരു കാണാനിറങ്ങുന്നു
ദൈവങ്ങള്‍ .
 

ഒരു പുതുപുലരിയില്‍ വീടുണരുമ്പോള്‍
നിലവിളവിളക്കിന്‍ ചിരിയില്‍  

വെള്ളരി വരിക്കച്ചക്ക വാല്‍ക്കണ്ണാടി
പൂമഞ്ഞക്കുല കോടിമണത്തില്‍ ചെമ്പഴുക്ക ,
വെറ്റിലപ്പച്ചയില്‍ നാണയക്കനം
ഓടക്കുഴല്‍ ചുണ്ടോടു ചേര്‍ത്ത നീലദേവനും
കണിച്ചന്തം നീട്ടുന്നു ,
നമ്മള്‍ സദ്യയുണ്ണുന്നു ,
വിശപ്പുമാറ്റി വിമ്മിഷടപ്പെടുന്നു .

വീണ്ടും  നാം
മരം പെയ്ത ഇലകളടിച്ചു കൂട്ടുന്നു ,
കിളിത്തൂവല്‍ പാറി വീണൊരാ നാട്ടുമാവിന്‍റെ
പുതുമാമ്പഴച്ചുണ പരതുന്നു . 

പാട്ട് കുടയുന്ന പക്ഷിയും ,
പഴപ്പാകം നോക്കുമണ്ണാനും
ഇവിടെയുണ്ടിവിടെയുണ്ടെന്നാവര്‍ത്തിക്കുന്നു.

പകലിന്‍റെ ചുടുശ്വാസം
ഊതിയൂതിയൊരന്തിയുല ചുവക്കുമ്പോള്‍
കവിതയിലെന്നപോല്‍
കുഞ്ഞുങ്ങളുറങ്ങാന്‍ തുടങ്ങുന്നു .
അമ്മ ഒരു രാത്രിയെ  തിടുക്കത്തില്‍
കുടഞ്ഞു വിരിയ്ക്കുന്നു ,
വീണ്ടുമൊരു പ്രഭാതത്തിനു കണിയാകുവാന്‍
കണ്ണടച്ച് കിടക്കുന്നു .
________________________________________