3.25.2015

ചിന്തകളെ ഉന്മത്തമാക്കുന്ന ചിലത്

 

പിക്കാസോ 

 * വിജയം അപകടം പിടിച്ചതാണ്‌: നിങ്ങൾ നിങ്ങളെത്തന്നെ അനുകരിക്കാൻ തുടങ്ങും; അന്യരെ അനുകരിക്കുന്നതിനെക്കാൾ അപകടം പിടിച്ചതാണത്. അതുപിന്നെ നിങ്ങളെ വന്ധ്യതയിലേക്കും നയിക്കും.
 ____________________________________________
*  കാണാൻ ഒരു വഴിയേയുള്ളു, മറ്റൊരു വിധവും കാണാമെന്ന് ആരെങ്കിലും കാണിച്ചുതരുന്നതു വരെ.

__________________________________________________________

*   എന്നെക്കാൾ ശക്തനാണ്‌ എന്റെ കല; തനിയ്ക്കു വേണ്ടത് അതെന്നെക്കൊണ്ടു ചെയ്യിക്കുന്നു.

_____________________________________________________________

*  നമുക്കെല്ലാം അറിയാം, കലയല്ല സത്യമെന്ന്. നമുക്കറിയാൻ വരുതി കിട്ടിയിടത്തോളം സത്യമെന്തെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന നുണയാണ്‌ കല. തന്റെ നുണകളുടെ സത്യാത്മകത അന്യരെ ബോദ്ധ്യപ്പെടുത്താനുള്ള ഉപായങ്ങൾ കലാകാരനു വശമുണ്ടായിരിക്കണം.

________________________________________________________________

 *  നിങ്ങൾക്കു ഭാവന ചെയ്യാനാവുന്നതൊക്കെ യഥാർത്ഥമാണ്‌.
 ___________________________________________________
*  നിങ്ങൾ ചെയ്തുകഴിഞ്ഞതേ നിങ്ങളുടെ കണക്കിൽ വരുന്നുള്ളു. നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നതല്ല.

_________________________________________________________________ 

*  ചില ചിത്രകാരന്മാർ സൂര്യനെ മഞ്ഞപ്പുള്ളിയാക്കും, 
മഞ്ഞപ്പുള്ളിയെ സൂര്യനാക്കുന്ന വേറേ ചിലരുമുണ്ട്.

_____________________________________________________

*  അനാവശ്യമായതിനെ ഒഴിവാക്കിയാൽ കലയായി.

__________________________________________________________________

 *  ദൈവവും ശരിക്കു പറഞ്ഞാൽ വേറൊരു കലാകാരൻ തന്നെ. അദ്ദേഹം ജിറാഫിനെ സൃഷ്ടിച്ചു, ആനയെയും പൂച്ചയെയും സൃഷ്ടിച്ചു. ആൾക്കു പ്രത്യേകിച്ചൊരു ശൈലിയും പറയാനില്ല; ഓരോന്നോരോന്നു മാറിമാറി പരീക്ഷിക്കുകയാണദ്ദേഹം.

____________________________________________________________________

 *  യാഥാർത്ഥ്യം ഒന്നേ ഉള്ളുവെങ്കിൽ ഒരേ പ്രമേയത്തെക്കുറിച്ച് ഒരു നൂറു ചിത്രങ്ങൾ വരയ്ക്കാനാവുന്നതെങ്ങനെ?

  ______________________________________________________
*  ചെറുപ്പമാവാൻ പ്രായമേറെയാവണം.

_____________________________________________________________________

 *  പ്രായം കൂടുന്തോറും കാറ്റിന്റെ ഊക്കു കൂടുകയുമാണ്‌; നേരേ മുഖത്തേക്കാണതു വീശുന്നതും.

________________________________________________________

 * ചിത്രരചന ഒരന്ധന്റെ തൊഴിലാണ്‌. താൻ കാണുന്നതല്ല, അയാൾ വരയ്ക്കുന്നത്; മറിച്ച്, തനിയ്ക്കനുഭൂതമാകുന്നതിനെയാണ്‌, കണ്ടതെന്തെന്ന് തന്നോടുതന്നെ അയാൾ പറയുന്നതിനെയാണ്‌.

______________________________________________________________________

 *  ഞാനൊരു കാട്ടുകുതിരയെ വരയ്ക്കുമ്പോൾ നിങ്ങൾ കുതിരയെ കണ്ടില്ലെന്നു വരാം, പക്ഷേ അതിന്റെ വന്യസ്വഭാവം നിങ്ങൾ കണ്ടിരിക്കും.
________________________________________________________
*  എന്തിലും ആരിലും ഒരർത്ഥം കണ്ടുപിടിക്കാൻ നടക്കുകയാണാളുകൾ. നമ്മുടെ കാലത്തെ ഒരു രോഗമാണിത്.

________________________________________________________

 അന്ന കാമിയെന്‍സ്ക 

* ആരാണ്‌ കവി?വാക്കുകളായി വിവര്‍ത്തനം ചെയ്യപ്പെട്ട വ്യക്തി.

_______________________________________________________

കടപ്പാട് * രവികുമാര്‍ വി

___________________________________________________________________________________