2.07.2015

മുറിവേറ്റിരിക്കുന്നുഹൃദയം  കൊണ്ട്  ഞാനവരെ  സ്നേഹിച്ചു 
ജീവനില്ലാത്ത  ചിരികള്‍ 
അവരെനിക്ക്  പകരം  തന്നു .

വിഷം  വച്ച ചിന്തകളുടെ  ഉള്ളിടങ്ങള്‍ തെളിയുന്നു 
ചില ഇഷ്ടങ്ങളിലേയ്ക്ക്  ഞാനെന്‍റെ 
വാക്കുകളെ കറുപ്പുടുപ്പിക്കുന്നു ,
ആഴത്തിലേയ്ക്കൊരു നിശബ്ദതയെ 
പടവുകളിറക്കുന്നു .

ചിരിയിലും ചിന്തയിലും 
മായം  കലരുന്നതറിയുന്നു,
അവരെയറിയുന്നു ,
എന്തെന്നുമേതെന്നും 
കടുംമഷിയില്‍ തെളിയുന്നു .

അത്രമേലിഷ്ടം എന്നെഴുതിയുറപ്പിച്ച 
സ്നേഹത്തിന്‍ പാട്ടില്‍ 
അനിഷ്ടത്തിന്‍റെ വിചിത്രയൊച്ചകള്‍ 
നിറയുന്നു ,
പതറുന്നു ,ചിതറുന്നു ഈണവും .

പാഴ്ച്ചെടികള്‍ മുളപൊട്ടിയ 
വെറുംകാലം 
ഞാനൊരു 
രാക്കിളിയുടെ ചുണ്ടില്‍ തൂക്കിയിടുന്നു 
പുലരിയ്ക്കു മുന്പെയാപക്ഷി 
അതുമായ് പറന്നകലുന്നു ,
ഞാനെന്‍റെ  കൂട്ടില്‍  
മുറിവേറ്റിരിക്കുന്നു .

____________________