Labels

1.26.2015

മഞ്ഞു നുണയുന്നിടങ്ങള്‍


മരുഭൂമിയ്ക്ക് മീതെ മഞ്ഞു വിതച്ചിരിക്കുന്നു
പകലുകളില്‍ നിറയെ
ജപമാലമണികളിലെന്നപോലെ ചെറുചൂട്

ഒഴിഞ്ഞും നിറഞ്ഞും 
ചായക്കോപ്പകള്‍ ,കാപ്പിക്കടുപ്പങ്ങള്‍
ചുണ്ടുകളെയും തണുപ്പുകളെയും
ചുംബിച്ചു കൊണ്ടിരിക്കുന്ന ആവിപരക്കുന്നിടങ്ങള്‍ .

പൊഴിയുന്ന മഞ്ഞുപോലെ
ആകാശം നിറയെ പറവകളുടെ ഉത്സവം .
പാകമായ തുടുത്ത സായഹ്നങ്ങളെ
ഒരുക്കി വയ്ക്കുന്ന സൂര്യന്‍റെ മന്ദഹാസം .

ആലിംഗനം ചെയ്യുന്ന രാത്രിയുടെ ഉടുപ്പുകളില്‍
മഞ്ഞുമണം പെരുകുമ്പോള്‍
ഒരു വയല്‍ നീളെ നിലാവ്പൂക്കുന്നു ,
വെയിലുറങ്ങുന്നു .

കിളിവീടുകളെ ഈന്തപ്പനകളെ
കടലിന്‍റെ പാട്ടുകളെ ഒക്കെയും
ഇറുക്കെപ്പുണരുന്നിരുട്ടും തണുപ്പും .

ഉറക്കത്തിന്‍റെ കച്ചകളില്‍ ചുരുളുമ്പോഴൊക്കെയും
മുത്തച്ഛനും കൊച്ചുമകനും
ഒരേ പ്രായം
ഒരേ ഉണ്ണിക്കൈച്ചൂട് ...

വെയിലിന്‍റെ കുഞ്ഞുങ്ങളെയും തെളിച്ചുകൊണ്ട്
വീണ്ടും സൂര്യനെത്തുമ്പോള്‍
ഇലകള്‍ മഞ്ഞു നുണയുന്ന
പുലര്‍ക്കാലങ്ങളിലേയ്ക്കൊരു
.............. മടിയുണരുന്നു .
_______________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "