Labels

1.22.2015

വേച്ചു പോകുന്നത് (യുവദര്‍ശനം ജനുവരി 2015 )


ഓരോരോ രാത്രികളും
വലിയ വെറ്റില ചെല്ലങ്ങളാകുമ്പോള്‍
ഒരു ദിവസത്തെ മുഴുവനും മുറുക്കിച്ചുവപ്പിച്ചു
കണ്ണുകള്‍ക്കിടയില്‍
നിദ്രയുടെ ഉന്മാദം പകരുന്നു .


എങ്കിലുമിടയ്ക്കൊക്കെ
ചുണ്ണാമ്പ്പോല്‍ നിന്‍റെ നിലാവ്
പൊള്ളിപ്പോയേക്കാം
ആലസ്യം മുറിയുന്ന സ്വപ്നങ്ങളുമായ്
നിദ്രയടര്‍ന്നു പോയേക്കാം
ബോധത്തിന്‍റെ ഒരു നുള്ള് ഉപ്പില്‍
നിന്‍റെ മുറിവുകളോരോന്നും നീറിയുണര്‍ന്നേക്കാം.

ചുട്ടുതിന്ന ഗോതമ്പ് മാവ് ,
കുതിര്‍ത്തു രുചിച്ച കോഴിക്കറി
നിറച്ചു തേവിയ
വെളുത്ത മദ്യത്തിന്‍റെ മണമുള്ള തമാശകള്‍
പുകകൊണ്ടു അടയാളം വച്ച ,
നിര്‍വികാരത പടര്‍ന്ന ചിരികള്‍
വീട്ടിലെ പെണ്ണിന്‍റെ കാത്തിരിപ്പിന്‍റെ ചൂട്
കൊഞ്ചിപ്പറഞ്ഞ മിട്ടായിയുടെ മധുരം
എല്ലാം പെട്ടെന്ന്
കനച്ചു പോയേക്കാം .
നീലിച്ചുപോകുന്ന മുറുക്കാന്‍ ചുവപ്പില്‍
ചിന്തകളുടെ ആവിപടര്‍ന്നു നീ
വിയര്‍ത്തു പോയേക്കാം .

അരക്കെട്ടുകളില്‍ മാത്രമൊതുങ്ങുന്നതല്ല
ലോകമെന്നുറക്കെ
വിളവെടുക്കുന്നൊരുവള്‍ കുലുങ്ങിച്ചിരിച്ചേക്കാം .
വയല്‍പ്പണിക്കാരന്റെ ചുണ്ടുകള്‍
പുരാതനമെന്നു തോന്നിക്കുന്ന കവിതകള്‍
പറത്തിയേക്കാം
കലപ്പകൊണ്ട് കണ്‍മുറിഞ്ഞ മണ്ണ്
പച്ചചുരത്തിയേക്കാം
അതിലൊരു പിറവിയുടെ ഗന്ധം
കാറ്റിലാടി മടങ്ങിയേക്കാം

ഇതാ
വെയില്‍ വിളയുന്ന പകലിന്‍റെ
കള്ളച്ചിരിയൊന്നില്‍
നിന്റെ വെറ്റിലച്ചെല്ലമെവിടെയോ
അപ്രത്യക്ഷമാകുന്നത്
നിനക്കിനിയും
കണ്ടുപിടിക്കുവാന്‍ കഴിയുന്നില്ലെന്നോ ,
തുളകള്‍ വീണയീ ഇരുട്ടിലിനിയും
ഒളിച്ചിരിക്കാന്‍ ശ്രമിക്കുന്ന കൂട്ടുകാരാ
നിന്‍റെ
ഉച്ചകള്‍ക്കു തീപിടിയ്ക്കും മുന്‍പേയുണരുക.

ഇരുട്ടിനെ
ഒരൊറ്റക്കൂവലില്‍ വെളുപ്പിച്ചെടുക്കുന്ന
പൂവങ്കോഴികള്‍ മുഴുവനും
സ്നൂസ് ചെയ്യപ്പെടുന്ന അലാറമുകളില്‍
പ്രതിഷ്ടിക്കപ്പെട്ടതിന്റെ ശാപമാകാം
നീയിനിയും ഉറക്കം മതിയാകാതിങ്ങനെ
ചിന്തകളില്‍
വേച്ചുപോകുന്നതും .
_________________________


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "