1.14.2015

ചിലരെ വായിക്കുമ്പോള്‍ അതിനോട് നമുക്കും ചിലത് ചേര്‍ത്ത് പറയണം ന്നു തോന്നും


പാടത്ത് കളകളുണ്ടെന്നു കാര്യസ്ഥന്‍റെ ആരോപണം .ഏദന്‍ തോട്ടത്തിലെ ജൈവ വൈവിദ്ധ്യങ്ങളില്‍ നിന്ന് വയലിന്റെ ഏകതാളത്തിലേയ്ക്ക് ജീവിതം മാറുമ്പോള്‍ നിങ്ങള്‍ വിതയ്ക്കുന്നതൊഴികെ എല്ലാം നിങ്ങള്ക്ക് കളകളാണ് . നിങ്ങള്‍ക്കുപകരിക്കുന്ന മട്ടില്‍ മാത്രം ജീവിതത്തെ കണ്ടുതുടങ്ങുമ്പോള്‍ സംഭവിക്കുന്ന അപകടമാണത് . ബാക്കിയുള്ളതൊന്നും നിലനില്ക്കേണ്ടതില്ലെന്ന ധാര്‍ഷ്ട്യം . ഭൂമിക്കൊന്നും കളയല്ല ,ഭൂമിയോളം വികാസം പ്രാപിക്കുന്ന ഹൃദയത്തിനും ഒന്നും കളയല്ല .അതിനു വേണ്ടിയാണ് ഉണരേണ്ടത് .
________________________Fr ബോബി ജോസ് ന്‍റെ ഒരു പുസ്തകത്തിലേതാണിത്
സമകാലീകമാണ് ഇത്തരം അക്ഷരങ്ങളില്‍ ആഞ്ഞു കത്തുന്ന വെളിച്ചം . 
ഒരു തലത്തില്‍ നോക്കിയാല്‍ ഓരോരുത്തരുടെ സ്വാര്‍ഥതയിലേക്കുള്ള അമ്പുകള്‍ മറ്റൊന്നില്‍ ഓരോ മതത്തിന്റെയും മേലാളന്‍മ്മാര്‍ ആണ് ഈ കാര്യസ്ഥ സ്ഥാനത്ത് ,
കുറഞ്ഞ വാക്കുകളില്‍ പങ്കുവയ്ക്കേണ്ട നന്മയെ പല പുറം കവിഞ്ഞു ചിലര്‍ ആവേശത്തോടെ അതിലേറെ ഉച്ചത്തില്‍ ഉപന്യസിച്ചു കൊണ്ടേ ഇരിക്കുന്നു .ഫലമോ മനുഷ്യന്‍ എന്ന യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നും വെറും ഉപകരങ്ങണളെപ്പോലെ യാന്ത്രികതയില്‍ സ്വയം നഷ്ടപ്പെട്ടു പ്രതികരിച്ചു കൊണ്ടിരിക്കുന്നവര്‍ പെരുകിക്കൊണ്ടിരിക്കുന്നു .

പ്രോഗ്രാം ചെയ്യപ്പെട്ട ആശയങ്ങളെ ശരിയെന്നു സ്ഥാപിക്കുവാന്‍ മാനുഷികത മറന്നുള്ള ഭ്രാന്തമായ ഇടപെടലുകള്‍ .ബാക്കിയാകുന്നത് വെടിമരുന്നിന്റെ പുകമണക്കുന്ന ഇടങ്ങള്‍ പിന്നെ കുഞ്ഞുങ്ങളുടെയും കുടുംബം ചിതറിപ്പോയ വരുടെയും രക്തം മണക്കുന്ന കരച്ചിലുകളും .ജീവിതത്തില്‍ മുന്നിട്ടു നില്‍ക്കേണ്ടത് സ്നേഹമെന്നും ക്ഷമയെന്നും പരസ്പര ബഹുമാനമെന്നും ആവര്‍ത്തിച്ചു തെളിയിച്ചവര്‍ക്കുള്ള ബലികളില്‍ എത്രയെത്ര വിരോധാഭാസങ്ങളാണ് മുറിഞ്ഞൊഴുകുന്നത് !

ദൈവമെന്നു പറയപ്പെടുന്നവനേ ,
നിന്‍റെ പേരില്‍ മനുഷ്യനെ മയക്കുന്ന കറുപ്പിന്റെ കച്ചവടം പൊടിപൊടിക്കുക യാണല്ലോ ഉയരത്തിലിരുന്നു വിലപേശുന്ന വരുടെ ആര്‍ഭാടങ്ങളില്‍ വിശുദ്ധ വസ്ത്രങ്ങ ളില്‍ വേദവാക്യമുരുവിടുന്നവരുടെ ചൂതാട്ടകേന്ദ്രങ്ങള്‍ പെരുകിക്കൊണ്ടിക്കുക യാണല്ലോ !!!!!
_____________________________________________________________________________