12.07.2014

വീടെഴുത്ത്


വീടെന്നു തോന്നിപ്പിക്കുന്ന ചിലയിടങ്ങളുണ്ട്
മനോഹരമായ ചിരികള്‍ നട്ടു വളര്‍ത്തിയ
ഉദ്യാനം കൊണ്ട് മറയ്ക്കപ്പെട്ടവ.
എത്രയൊളിപ്പിച്ചു പിടിച്ചാലും
വേദന അസഹീനമാകുമ്പോള്‍
വെളിച്ചത്തെയും സുഗന്ധത്തെയും
ചിരികളെയും മുറിച്ചൊരു നിലവിളി
വാതിലുകള്‍ തുറന്ന് പുറത്തു ചാടുന്നു .


വീടുകളൊളിപ്പിച്ച ശിരസ്സുകളെ
മുടിയിഴകളുടെ ദാരിദ്ര്യം ഒറ്റുകൊടുക്കുമ്പോള്‍
പെറ്റുപെരുകിയ അസ്വസ്ഥതകള്‍
ചില അപശബ്ദങ്ങളെ 

ഓക്കാനിച്ചു കൊണ്ടിരിക്കും.

വീട്ടുംപേരിന്‍റെ
വള്ളിപുള്ളി ബന്ധങ്ങളുടെ ചില്ലകള്‍ക്കും
വഴിപോക്കര്‍ക്കും
അയലോക്കങ്ങള്‍ക്കും അപരിചിതമായ
ഒരര്‍ബുദത്തിന്‍റെ മുഖം
ഒളിച്ചുകളി മറന്നെന്നപോലെ ,
മടുത്തെന്നപോലെ
ക്ഷീണിച്ചു നില്‍ക്കും .


കണ്ടുപിടിക്കപ്പെടുമ്പോള്‍
മരീചികകളെ ,
മരുഭൂമിയെക്കാളും
സ്വന്തമാക്കിയ ചിലരുണ്ടെന്നു
വിളറിച്ചിരിക്കുന്നു
വീട് .


സ്നേഹിതാ അറിയുന്നില്ലേ നീയും ....
വീടെന്നു തോന്നിക്കുന്ന ചിലയിടങ്ങളുണ്ട്
എന്‍റെയും നിന്റെയും സ്നേഹം
ചിതറിപ്പോയ ചിലയിടങ്ങള്‍ പോലെ .

_____________________________________