12.14.2014

തിരിച്ചെഴുത്തുകള്‍


നമ്മളിരുവരും
ഒരേ മരത്തിന്‍റെ ഉടലാകണം
അതില്‍
പക്ഷികളുടെ പാട്ടൊഴിയാത്ത
ചില്ലകള്‍ വേണം
തേനൊഴിയാത്ത പൂക്കളെ
ഗര്‍ഭം ധരിക്കണം
ഓരോ ചുംബ
ങ്ങളിലും
സുഗന്ധങ്ങളെ നിറയ്ക്കണം .
കാറ്റടര്‍ത്താത്ത ,
പച്ചിലകള്‍ പഴുക്കാത്ത
ഒരു ഋതുകൊണ്ട്
വേലി തുന്നണം.


ആരും കൊതിക്കുന്ന
ഇഷ്ടങ്ങളുടെയാ മലമുകളില്‍
സൂര്യനെച്ചൂടി നിലാവിനെച്ചൂടി
കോടാലിയേല്‍ക്കാത്ത
പ്രണയമാകണം .


അതെ ഇന്നും അങ്ങിനെത്തന്നെ
ഇടക്കിടെയിങ്ങനെ
ഇഷ്ടക്കേടുകളെ ചില വിപരീതങ്ങളില്‍
കെട്ടിയിടുമ്പോഴേക്കും
നിലാവിനു കുറുകെ സൂര്യനുദിക്കുന്നു


വിചിത്രം എന്നൊരൊച്ചയില്‍
തെങ്ങുയരത്തില്‍ നിന്നും
മലര്‍ന്നു വീഴുന്ന മച്ചിങ്ങയെ പോലെ
വിളറിപ്പോകുന്നു ചിന്തകള്‍ ,
പെരുകി നിറയുന്നത്
ഉപേക്ഷിക്കപ്പെട്ട നേരങ്ങളുടെ
നിസ്സഹായതകള്‍ .


പ്രണയം പറിഞ്ഞു പോകുമ്പോള്‍
തിരികെ ചേരാനാകാതെ ഒരു ദൂരം
മേലോട്ട് നോക്കുന്നു
മണ്ണില്‍
കണ്ണീര്‍ മണക്കുന്നു ,
അതിലൊരു
കടല്‍ മണക്കുന്നു .


കണ്ണോരം ഒരു തിരയില്‍
പ്രണയം കലങ്ങുന്നു
ചൂണ്ടുവിരലുമ്മകൊണ്ട്
കൂട്ടിയെഴുതിയ നമ്മെ
മായ്ച്ചെഴുതുന്നു.

_____________________________________________